ബിസിനസ്സിനപ്പുറം മിഥുന്‍ ചിറ്റിലപ്പിള്ളി

Posted on: 15 Jul 2011


ആര്‍.റോഷന്‍



കൊച്ചിയില്‍ നഗരത്തിരക്കുകളില്‍ നിന്ന് മാറി വെണ്ണലയില്‍, പഞ്ചനക്ഷത്ര ഹോട്ടലുകളെ ഓര്‍മിപ്പിക്കുംവിധം ഉയര്‍ന്നുനില്‍ക്കുന്ന വി-ഗാര്‍ഡിന്റെ പുതിയ ആസ്ഥാന മന്ദിരത്തിലെത്തുമ്പോള്‍ മഴമേഘങ്ങള്‍ താത്ക്കാലിക അവധിയിലായിരുന്നു. അഞ്ചാം നിലയിലെ, എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ക്യാബിനിലേക്ക് നയിക്കാന്‍ റിസപ്ഷന്‍ ലോബിയില്‍ ആളുണ്ടായിരുന്നു.

പുത്തന്‍ രൂപഭംഗിയില്‍ തീര്‍ത്ത ഓഫീസ് റൂമിലേക്ക് കടക്കുമ്പോള്‍ വി-ഗാര്‍ഡിന്റെ യുവത്വം തിരക്കിന് നടുവിലായിരുന്നു... ഇത് മിഥുന്‍ ചിറ്റിലപ്പിള്ളി. കേരളത്തില്‍ നിന്ന് ദേശീയ തലത്തിലേക്ക് വളര്‍ന്ന വി-ഗാര്‍ഡ് എന്ന വ്യവസായ സാമ്രാജ്യത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍; കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി എന്ന വ്യവസായപ്രമുഖന്റെ ഇളയ മകന്‍.

'ഓഹരി വില കൂടുന്നതും കുറയുന്നതുമൊന്നും അങ്ങനെ കാര്യമായി ശ്രദ്ധിക്കാറേയില്ല. നമ്മള്‍ നമ്മുടെ ജോലി ചെയ്യുക.' മിഥുന്‍ ശരിക്കുമൊരു മെച്വേഡ് ബിസിനസ്മാനായി മാറിയിരിക്കുന്നു. വി-ഗാര്‍ഡിന്റെ ഓഹരി വില കുതിച്ചുയരുന്നതിനെക്കുറിച്ചും ബിസിനസ്സിലെ പുതിയ വിശേഷങ്ങളെക്കുറിച്ചും 'സ്റ്റാര്‍ട്ടേഴ്‌സ്' പോലെ തുടങ്ങിയെങ്കിലും സംസാരം ബിസിനസ്സിനപ്പുറത്തെ വിശേഷങ്ങളിലേക്ക് നീങ്ങി. വരവിന്റെ ഉദ്ദേശ്യം അതായിരുന്നു.

രാവിലെ അടിയന്തരമായി ചില മീറ്റിങ്ങുകളുണ്ടായിരുന്നതിനാല്‍ മിഥുന്‍ ബ്രേക്ക് ഫാസ്റ്റ് പോലും കഴിച്ചിട്ടില്ല. പല ദിവസങ്ങളിലും ഇത് പതിവാണ്. രണ്ട് ചെറിയ പ്ലേറ്റിലായി ഹൈഡ് ആന്‍ഡ് സീക്ക് ബിസ്‌കറ്റുകളുമായി സഹായി എത്തി. ഇതിനിടെ, മിഥുന്റെ ബ്ലാക്‌ബെറി ബോള്‍ഡ് ഇടവേളകളില്ലാതെ റിങ് ചെയ്തു കൊണ്ടിരുന്നു. എല്ലാ കോളിനും വ്യക്തമായ മറുപടി.

ടേബിളില്‍ സോണി വയോ ലാപ്‌ടോപ്. ബ്ലൂ ബിസിനസ് കാഷ്വല്‍ ഷര്‍ട്ടും ക്രീം പാന്റ്‌സുമാണ് മിഥുന്റെ വേഷം....ഒരു കൂള്‍ ലുക്ക്! ബര്‍ബെറി ടച്ച് പെര്‍ഫ്യൂമിന്റെ നേര്‍ത്ത സുഗന്ധം മുറിയില്‍ നിറഞ്ഞുനിന്നു.

കൈയില്‍ ഒമേഗ സ്പീഡ്മാസ്റ്റര്‍ വാച്ച്. ഇതിന് പുറമെ ലോഞ്ചീന്‍ (Longines) വാച്ചും ഉപയോഗിക്കാറുണ്ട്. പോക്കറ്റില്‍ മോബ്ലാ (Montblanc) പെന്‍. വിവാഹം നിശ്ചയിച്ചു കഴിഞ്ഞുള്ള ആദ്യ ജന്മദിനത്തിന് ഭാര്യ ജോഷ്‌ന സമ്മാനിച്ചതാണ്. രണ്ട് വര്‍ഷം മുന്‍പായിരുന്നു വിവാഹം.

യാത്ര

യാത്ര ഏറെ ഇഷ്ടപ്പെടുന്നയാളാണ് മിഥുന്‍. ബിസിനസ് ആവശ്യങ്ങള്‍ക്കായി മാസത്തില്‍ ഏതാണ്ട് പകുതി ദിവസങ്ങളിലും യാത്രകളിലായിരിക്കും. എല്ലാ വര്‍ഷവും ഒരു തവണ ഹോളിഡേ ട്രിപ്പ് നടത്താറുണ്ട്. രണ്ട് മാസം മുമ്പ് ജോഷ്‌നയുമൊത്ത് ജര്‍മനി, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇടയ്ക്ക് ദുബായ് യാത്രകളുമുണ്ടാവും. മൂത്ത സഹോദരന്‍ അരുണും കുടുംബവും ബാംഗ്ലൂരിലാണ് താമസം. ഇടയ്ക്കിടെ അവിടെ പോകും. അവര്‍ നാട്ടില്‍ വരുമ്പോള്‍ അവരുമൊത്ത് ചെറിയ ട്രിപ്പുകളും നടത്താറുണ്ട്. ഈയിടെ കുമരകത്ത് പോയിരുന്നു. 3-4 മാസം കൂടുമ്പോള്‍ സ്വയമൊന്ന് 'റീച്ചാര്‍ജ്' ആവാന്‍ ഇത്തരം യാത്രകള്‍ സഹായിക്കാറുണ്ട്.

കാര്‍

ഓഫീസ് യാത്രകള്‍ 5 സീരിസിലുള്ള വൈറ്റ് ബിഎംഡബ്ല്യുവിലാണ്. രാവിലെയും വൈകീട്ടുമുള്ള ട്രാഫിക് ബ്ലോക്ക് കാരണം ഡ്രൈവിങ് പരമാവധി ഒഴിവാക്കും. നൈറ്റ് ഔട്‌സിനും ഷോപ്പിങ്ങിനുമൊക്കെ പോകുമ്പോള്‍ മിഥുന്‍ തന്നെ ഓടിക്കും. അതിനായി ഹ്യുണ്ടായ് ഐ10 ഉണ്ട്. ജോഷ്‌നയുടെ കാര്‍ ഹോണ്ട സിവിക്കാണ്.

സ്‌പോര്‍ട്‌സ്

ജിമ്മിനെക്കാള്‍ പ്രിയം സ്‌പോര്‍ടിനോടാണ്. മിക്ക ദിവസങ്ങളിലും ഒരു മണിക്കൂര്‍ സ്‌ക്വാഷ് കളിക്കും. കടവന്ത്ര റീജണല്‍ സ്‌പോര്‍ട്‌സ് സെന്ററും തേവര യോട്ട് ക്ലബ്ബുമാണ് സ്ഥിരം വേദികള്‍. വീട്ടില്‍ ട്രെഡ്മില്ലുണ്ട്. റൗണ്ട് ടേബിള്‍ അംഗമാണ്. 20 പേരടങ്ങുന്ന സംഘം രണ്ടാഴ്ച കൂടുമ്പോള്‍ ഒത്തുകൂടാറുണ്ട്.

സിനിമ

ജോഷ്‌ന നല്ലൊരു സിനിമാപ്രേമിയാണ്. അതിനാല്‍ ആഴ്ചയില്‍ ഒരു സിനിമ മസ്റ്റ്. മലയാളവും ഹിന്ദിയും ഇംഗ്ലീഷും കാണും.


വീട്
കൊച്ചിയില്‍ പനമ്പിള്ളി നഗറിലാണ് മിഥുനും ജോഷ്‌നയും താമസിക്കുന്നത്. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും അച്ഛനുമമ്മയ്ക്കുമടുത്തെത്തും. പാലാരിവട്ടം ബൈപ്പാസില്‍ മെഡിക്കല്‍ സെന്ററിന് അടുത്താണ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയും ഷീല കൊച്ചൗസേഫും താമസിക്കുന്നത്.

വായന

തിരക്കുകള്‍ക്കിടയിലും പുസ്തകങ്ങള്‍ വായിക്കാന്‍ സമയം കണ്ടെത്താറുണ്ട്. വായിക്കുന്നതിലേറെയും ബിസിനസ് സംബന്ധമായ പുസ്തകങ്ങളാണ്. വാള്‍മാര്‍ട്ടിന്റെ സ്ഥാപകനായ സാം വാള്‍ട്ടണ്‍ എഴുതിയ മെയ്ഡ് ഇന്‍ അമേരിക്ക: മൈ സ്റ്റോറി, ഗൂഗിളിന്റെ കഥ പറയുന്ന ഗൂഗിള്‍ സ്റ്റോറി എന്നിവയാണ് ഈയിടെ വായിച്ചവ. അച്ഛന്‍ എഴുതിയ പ്രാക്ടിക്കല്‍ വിസ്ഡം എന്ന പുസ്തകവും മിഥുനെ സ്വാധീനിച്ചിട്ടുണ്ട്.


മിഥുന്‍ ചിറ്റിലപ്പിള്ളി
വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ മാനേജിങ് ഡയറക്ടര്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ രണ്ട് മക്കളില്‍ ഇളയയാളാണ് മുപ്പതുകാരനായ മിഥുന്‍ ചിറ്റിലപ്പിള്ളി. മെല്‍ബണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ നേടിയ ശേഷം 2006ലാണ് മിഥുന്‍ വി-ഗാര്‍ഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സ്ഥാനമേറ്റത്. അതിന് മുമ്പ് ഡിലോയിറ്റ്, എച്ച്പി എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

വി-ഗാര്‍ഡില്‍ ആദ്യ ഒരു വര്‍ഷം കാര്യങ്ങള്‍ മനസ്സിലാക്കാനാണ് വിനിയോഗിച്ചത്. 2006ല്‍ ഇദ്ദേഹം എക്‌സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേല്‍ക്കുമ്പോള്‍ വി-ഗാര്‍ഡിന്റെ വിറ്റുവരവ് ഏതാണ്ട് 200 കോടി രൂപയായിരുന്നു. അഞ്ച് വര്‍ഷം കൊണ്ട് അത് 726 കോടി രൂപയായി ഉയര്‍ന്നു. ദക്ഷിണേന്ത്യയിലെന്ന പോലെ, കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍ വിപണിയില്‍ ഇന്ത്യയൊട്ടാകെ വി-ഗാര്‍ഡിനെ വളര്‍ത്തുകയാണ് മിഥുന്റെ സ്വപ്‌നം.

ഭാര്യ ജോഷ്‌ന വി-സ്റ്റാര്‍ ക്രിയേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍.



Also Read:
ബിസിനസ്സിനപ്പുറം ജോയ് ആലുക്കാസ്
ബിസിനസ്സിനപ്പുറം ബീനാ കണ്ണന്‍

Tags: CEO's Lifestyle-Young Turks-Mithun Chittilappilly V-Guard
»  News in this Section

Enter your email address: