സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ഇന്ത്യന്‍ സംരംഭകരെ തേടും - മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റിക്കായി ഇന്ത്യന്‍ നിക്ഷേപകരുടെ സഹായം തേടുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ദുബായ് കമ്പനിയുടെ പിറകെ പോയ സമയംകൊണ്ട് ഇന്ത്യന്‍ സംരംഭകരെ കണ്ടെത്തിയെങ്കില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി ഇപ്പോള്‍ പ്രാവര്‍ത്തികമാകുമായിരുന്നു. തദ്ദേശീയരായ നിക്ഷേപകരെ കണ്ടെത്തുന്ന കാര്യം സര്‍ക്കാരിന്റെ സജീവപരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് വ്യവസായ - വാണിജ്യരംഗത്തെ പ്രതിഭകള്‍ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ വിതരണം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ 2009-10 വര്‍ഷത്തെ 'ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്' ഇന്‍ഫോസിസ് ടെക്‌നോളജീസ് ലിമിറ്റഡ് സി.ഇ.ഒ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ക്രിസ് ഗോപാലകൃഷ്ണന്‍ ഏറ്റുവാങ്ങി. സര്‍ക്കാര്‍ മേഖലയിലെ 'ബിസിനസ് പ്രൊമോഷന്‍' അവാര്‍ഡ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണനുവേണ്ടി ബിന്ദു ബാലകൃഷ്ണന്‍ ഏറ്റുവാങ്ങി. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള'ബിസിനസ് എക്‌സലന്‍സ്' പുരസ്‌കാരം എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് ചെയര്‍മാന്‍ എം. അയ്യപ്പന് സമ്മാനിച്ചു.
വിവിധ മേഖലകളിലെ ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ ബി. ഗോവിന്ദന്‍, ഭീമ ജുവലറി (ജ്വല്ലറി)എന്‍. മഹേഷ്, അയ്യര്‍ ആന്‍ഡ് മഹേഷ് (ആര്‍ക്കിടെക്റ്റ്), ശാസ്തമംഗലം മോഹന്‍, വര്‍ണചിത്ര (അഡ്വര്‍ടൈസിങ്), ടി.സി പോള്‍, ദീദി ഓട്ടോമൊബൈല്‍സ് (ഓട്ടോമൊബൈല്‍), ആര്‍. മുരുകന്‍, പി.ആര്‍.എസ്. ബില്‍ഡേഴ്‌സ് (ബില്‍ഡേഴ്‌സ്), ആര്‍.ശ്രീധര്‍, ശ്രീധര്‍ ആന്‍ഡ് കോ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്), ബഷീര്‍ അഹമ്മദ്, ബഷീര്‍ ആന്‍ഡ് ഷാഹിദ് (എക്‌സ്‌പോര്‍ട്ടേഴ്‌സ്), എം.ഐ. സഹദുള്ള, കിംസ് ഹോസ്പിറ്റല്‍ (ഹെല്‍ത്ത് കെയര്‍), തോമസ് ജോണ്‍ മുത്തൂറ്റ്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് (ഹോസ്പിറ്റാലിറ്റി), കെ.നന്ദകുമാര്‍, സണ്‍ടെക് സൊല്യൂഷന്‍സ് (ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി), ഡാനിയേല്‍ എ. ഫെര്‍ണാണ്ടസ്, ഫാമിലി പ്ലാസ്റ്റിക്‌സ് ആന്‍ഡ് തെര്‍മോസ് വെയര്‍, (മാനുഫാക്ചറിങ് ഇന്‍ഡസ്ട്രി), എം.ആര്‍ സുബ്രഹ്മണ്യന്‍, ഇലക്‌ട്രോണിക്‌സ്, (സെര്‍വീസ് ഇന്‍ഡസ്ട്രി), എ. പോള്‍രാജ്, പോള്‍രാജ് ആന്‍ഡ് കോ (ട്രേഡ് ആന്‍ഡ് കൊമേഴ്‌സ്), പി. ഗണേഷ്, ഗ്ലാസ് ആന്റ് ഗ്ലേസിങ് (ബിസിനസ് പ്രൊമോഷന്‍ എക്‌സലന്‍സ്) എന്നിവര്‍ ഏറ്റുവാങ്ങി.
ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ഇ.എം. നജീബ്, ജഡ്ജിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. നാരായണന്‍, എച്ച്.എല്‍.എല്‍ ചെയര്‍മാന്‍ എം. അയ്യപ്പന്‍, സി.എല്‍.എല്‍. ചെയര്‍മാന്‍ പി. ഗണേഷ്, സെക്രട്ടറി എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.