ലിബിയന്‍ സമരത്തിന്റെ പോര്‍വഴികള്‍
Posted on: 21 Oct 2011

ട്രിപ്പോളി: മറ്റ് അറബ് രാജ്യങ്ങളായ ടുണീഷ്യയിലും ഈജിപ്തിലും ആഞ്ഞുവീശി വിജയം വരിച്ച ഏകാധിപത്യവിരുദ്ധ മുന്നേറ്റങ്ങളില്‍നിന്ന് ആവേശമുള്‍ക്കൊണ്ടാണു ലിബിയില്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിക്കെതിരെ വിമതര്‍ രംഗത്തിറങ്ങിയത്. പ്രക്ഷോഭത്തിന്റെ നാള്‍വഴി ഇങ്ങനെ:
2011 ഫിബ്രവരി 15-19: ലിബിയയിലെ രണ്ടാമത്തെ വലിയ നഗരമായ ബെന്‍ഗാസിയില്‍ വിമതമുന്നേറ്റത്തിനു തുടക്കം
മാര്‍ച്ച് 19: വിമതരെ നേരിടാനിറങ്ങിയ സര്‍ക്കാര്‍ സേനയെ പിന്തിരിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തോടെ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും സംയുക്ത വ്യോമാക്രമണം തുടങ്ങി
മാര്‍ച്ച് 31: സൈനിക നടപടിയുടെ നേതൃത്വം പാശ്ചാത്യ സഖ്യസേനയായ നാറ്റോ (നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) ഔപചാരികമായി ഏറ്റെടുക്കുന്നു
മെയ് ഒന്ന്: ഗദ്ദാഫ് നാറ്റോ വ്യോമാക്രമണത്തില്‍നിന്നു രക്ഷപ്പെടുന്നു. അദ്ദേഹത്തിന്റെ ഇളയ മകന്‍ സെയ്ഫ് അല്‍ അറബ് ആക്രമണത്തില്‍ മരിച്ചു
ജൂലായ് 15: ലിബിയന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തുര്‍ക്കിയിലെ ഇസ്താംബുളില്‍ ചേര്‍ന്ന അന്താരാഷ്ട്ര യോഗം വിമതരുടെ 'ദേശീയ പരിവര്‍ത്തന സമിതി'ക്ക്്് അംഗീകാരം നല്‍കുന്നു
ജൂലായ് 28: വിമത സേനയുടെ മേധാവി ജനറല്‍ അബ്ദുള്‍ ഫത്താ യൂനസ് കൊല്ലപ്പെട്ടു
ആഗസ്ത് 23: തലസ്ഥാനഗരമായ ട്രിപ്പോളിയിലുള്ള ഭരണകൂട ആസ്ഥാനം വിമതര്‍ പിടിച്ചെടുക്കുന്നു. ഗദ്ദാഫിയെയോ മക്കളെയോ അവിടെ കണ്ടെത്താനായില്ല
സപ്തംബര്‍ 12: മകന്‍ സാദിയുള്‍പ്പെടെ ഗദ്ദാഫിയുടെ 32 വിശ്വസ്തര്‍ അയല്‍രാജ്യമായ നൈജറില്‍ അഭയം തേടിയതായി സ്ഥിരീകരണം
സപ്തംബര്‍ 15: ഗദ്ദാഫിയുടെ ജന്‍മനാടായ സിര്‍ത്തില്‍ വിമതസേന ആക്രമണം തുടങ്ങി
സപ്തംബര്‍ 16: ഐക്യരാഷ്ട്രസഭയിലെ ലിബിയയുടെ സീറ്റ് വിമതര്‍ക്കു നല്‍കുന്നു
ഒക്ടോബര്‍ 17: ബാനി വാലിദ് പട്ടണം ഗദ്ദാഫി അനുകൂലികളില്‍നിന്നു വിമതര്‍ പിടിച്ചെടുക്കുന്നു
ഒക്ടോബര്‍ 20: സിര്‍ത്ത് വിമതനിയന്ത്രണത്തില്‍. ഗദ്ദാഫി ഗുരുതരപരിക്കുകളോടെ പിടിയില്‍; താമസിയാതെ മരണം.