സൗന്ദര്യത്തെ പ്രണയിച്ച ഗദ്ദാഫി
Posted on: 21 Oct 2011

ഒരു കാലത്ത് അമേരിക്കയുടെ ഒന്നാം നമ്പര്‍ ശത്രുവും 'പശ്ചിമേഷ്യയിലെ പേപ്പട്ടി'യുമായിരുന്നു മുഅമര്‍ ഗദ്ദാഫി. രണ്ടു വിശേഷണങ്ങളും അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തത് ഗദ്ദാഫിയെയും ബ്രെഷ്‌നേവിനെയും ഫിദല്‍ കാസ്‌ട്രോയെയും 'അവിശുദ്ധ ത്രീത്വ'മായി കണ്ട യു.എസ്. മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍.
ഭൂതാവിഷ്ടനെ പോലുള്ള സംസാരവും പെരുമാറ്റവും പശ്ചാത്യ മാധ്യമലോകത്ത് ഗദ്ദാഫിക്ക് പല വിശേഷണങ്ങളും ചാര്‍ത്തിക്കൊടുത്തു. കടുത്ത വിഷാദ രോഗിയും സ്‌കിസോഫ്രീനിയ, മെഗാലോമാനിയ എന്നീ മാനസിക അസ്വാസ്ഥ്യങ്ങളും ബാധിച്ചയാളാണ് ഗദ്ദാഫിയെന്ന് അവ എഴുതിക്കൊണ്ടിരുന്നു.
കാമ്പുള്ളതും ഇല്ലാത്തതുമായി കഥകള്‍ ഗദ്ദാഫിയെ കുറിച്ചു പ്രചരിച്ചു. ബുദ്ധിജീവിയും തത്ത്വജ്ഞാനിയുമായി സ്വയം കരുതിയിരുന്ന ഗദ്ദാഫി സഫാരി സ്യൂട്ടുകളുടെ ആരാധകനായിരുന്നു. ദിവസത്തില്‍ പലവട്ടം വസ്ത്രം മാറി. സുന്ദരമായ വസ്തുക്കളോടും സുന്ദരിമാരോടും അദ്ദേഹത്തിന് പ്രിയമായിരുന്നെന്ന് പരിചാരികമാരായിരുന്ന നഴ്‌സുമാര്‍ പിന്നീട് സാക്ഷ്യപ്പെടുത്തി. തന്റെയും കുടുംബത്തിന്റെയും ആരോഗ്യം നോക്കാന്‍ യുക്രൈന്‍കാരായ നഴ്‌സുമാരുടെ പടയെത്തന്നെ അദ്ദേഹം നിയോഗിച്ചു.
പാശ്ചാത്യ മാധ്യമങ്ങള്‍ 'ആമസോണിയന്‍ ഗാര്‍ഡ്‌സ്' എന്ന് പേരിട്ട വനിതാ സുരക്ഷാ ഗാര്‍ഡുകള്‍ക്കൊപ്പമല്ലാതെ അദ്ദേഹം പുറത്തിറങ്ങിയിരുന്നില്ല. എണ്‍പതുകളിലാണ് അദ്ദേഹം ഈ ശീലം തുടങ്ങിയത്. മുഖത്ത് പ്രായം വീഴ്ത്തിയ ചുളിവുകളോടെ സ്വന്തം ജനത്തിന് മുമ്പില്‍ പ്രത്യക്ഷപ്പെടാതിരിക്കാന്‍ 1995-ല്‍ അദ്ദേഹം പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനായി.
വിദേശയാത്രകളില്‍ അദ്ദേഹം ടെന്റില്‍ കഴിഞ്ഞു. ഇറ്റലി സന്ദര്‍ശിച്ചപ്പോള്‍, തന്റെ പ്രസംഗം അറബിയിലേക്ക് പരിഭാഷപ്പെടുത്താന്‍ 200 ഇറ്റാലിയന്‍ സുന്ദരികളെ മോഡലിങ് ഏജന്‍സിക്ക് പണം നല്‍കിയാണ് അദ്ദേഹം വരുത്തിയത്. വെള്ളത്തിന് മീതെ പറക്കാനോ എട്ടു മണിക്കൂറിലധികം വിമാനത്തില്‍ യാത്ര ചെയ്യാനോ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. കെട്ടിടങ്ങളുടെ താഴത്തെ നിലയില്‍ മാത്രമേ അദ്ദേഹം താമസിച്ചിരുന്നുള്ളൂ. 35 പടികളിലധികം കയറിയിരുന്നുമില്ല.
ഭാര്യമാര്‍ രണ്ടുണ്ടായിരുന്നു ഗദ്ദാഫിക്ക്. ഫാത്തിമയും സഫിയയും. ഫാത്തിമയില്‍ ഒരു മകന്‍ മുഹമ്മദ്. ലിബിയ കലുഷിതമായപ്പോള്‍ നാടുവിട്ടു ഇദ്ദേഹം. സഫിയയില്‍ ഏഴ് മക്കള്‍. സയിഫ് അല്‍ ഇസ്‌ലാം, സാദി, മുതാസിം, ഹാനിബാള്‍, സയിഫ് അല്‍-അറബ്, ഖമിസ്, ആയിഷ. സയിഫ് കൊല്ലപ്പെട്ടു. ഹാനിബാളും സാദിയും ആയിഷയും നാടുവിട്ടു. സഫിയയും ലിബിയയിലില്ല. മുതാസിം വിമതസേനയുടെ പിടിയിലാണ്. മിലാദ് എന്ന ഒരു ദത്തുപുത്രനും ഗദ്ദാഫിക്കുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് വിവരമില്ല.