ഗദ്ദാഫിയെ വധിച്ചു
Posted on: 21 Oct 2011

ട്രിപ്പോളി: ഉത്തരാഫ്രിക്കയിലെ അറബ് രാജ്യമായ ലിബിയയെ നാല് പതിറ്റാണ്ട് അടക്കി ഭരിച്ച കേണല്‍ മുഅമര്‍ ഗദ്ദാഫി ജന്മനാടായ സിര്‍ത്തില്‍ വിമതസേനയും നാറ്റോയും നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സിര്‍ത്ത് കീഴടക്കിയ വിമതര്‍ ഒളിവിടത്തില്‍നിന്ന് പിടികൂടിയ ശേഷമാണ് ഗദ്ദാഫിയെ വധിച്ചത്.
കീഴടങ്ങുകയോ ഒളിച്ചോടുകയോ ചെയ്യില്ലെന്ന് പ്രഖ്യാപിച്ച ഗദ്ദാഫി ലിബിയന്‍ മണ്ണില്‍ക്കിടന്നു മരണം വരിച്ച് വാക്ക് പാലിച്ചു. മകന്‍ മുതാസിമും പിതാവിനൊപ്പം കൊല്ലപ്പെട്ടു. ഗദ്ദാഫിയുടെ വിശ്വസ്തവക്താവ് മൂസ ഇബ്രാഹിമിനു പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ടെങ്കിലും അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സിര്‍ത്തില്‍നിന്ന് രക്ഷപ്പെട്ട മകന്‍ സയിഫ് ഗദ്ദാഫിയെ പിടികൂടാന്‍ വിമതസേന ശ്രമം തുടരുകയാണ്.
ഗദ്ദാഫി കൊല്ലപ്പെട്ടകാര്യം സ്ഥിരീകരിച്ച ഇടക്കാല ഭരണസമിതിയുടെ പ്രധാനമന്ത്രി മെഹമൂദ് ജിബ്‌രില്‍ ലിബിയയില്‍ പുതുയുഗത്തിന് തുടക്കംകുറിച്ചതായി പ്രഖ്യാപിച്ചു. ലിബിയയുടെ വിമോചനം പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് വിമതരുടെ ഇടക്കാല ഭരണകൂടം. ഗദ്ദാഫിയുടെ മരണത്തോടെ ലിബിയന്‍ ജനതയുടെ വേദനാജനകമായ അധ്യായം അവസാനിച്ചതായി യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ വൈറ്റ്ഹൗസില്‍ പ്രസ്താവനയില്‍ പറഞ്ഞു.
മരണത്തെക്കുറിച്ച് സര്‍ക്കാര്‍ പ്രതിനിധികളും സൈനികരും നല്‍കുന്ന വിവരങ്ങളല്‍ വൈരുധ്യമുണ്ട്. സുരക്ഷാകാരണങ്ങളാല്‍ മൃതശരീരം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി ഇടക്കാല സര്‍ക്കാര്‍ അറിയിച്ചു.
വിമതരുടെ പിടിയിലായ ഗദ്ദാഫി കൊല്ലരുതെന്ന് അഭ്യര്‍ഥിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഗുരുതരമായി പരിക്കേറ്റ ഗദ്ദാഫിയെ വലിച്ചിഴച്ച് ട്രക്കില്‍ കയറ്റുന്നതിന്റെ വീഡിയോ ദൃശ്യം അല്‍ അറേബ്യന്‍ ടി.വി. പുറത്തുവിട്ടു. മരണത്തിനുമുമ്പ് ഗദ്ദാഫിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നെന്നും ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നുണ്ട്. ഗദ്ദാഫിയുടെ തലയ്ക്കും വയറിനുമാണ് പരിക്ക്. ഗദ്ദാഫിയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം നടത്തിയിരുന്നെന്നും വാഹനത്തില്‍ അദ്ദേഹം ഉണ്ടായിരുന്നോ എന്ന് അറിയില്ലെന്നുമാണ് നാറ്റോ ഭടന്മാര്‍ പറയുന്നത്.

മുന്‍ ഏകാധിപതിയോടു കൂറു പുലര്‍ത്തിയിരുന്ന അവസാനത്തെ പട്ടണമായ സിര്‍ത്ത് കീഴടക്കി മണിക്കൂറുകള്‍ക്കകം ഗദ്ദാഫി പിടിയിലായെന്ന വാര്‍ത്തയും പുറത്തുവന്നു. മരണം സ്ഥിരീകരിക്കുന്നതിനു മുമ്പുതന്നെ ചോരയില്‍ കുളിച്ച് അവശനിലയിലായ ഗദ്ദാഫിയുടെ മൊബൈല്‍ വീഡിയോ ചിത്രം വിമതപോരാളികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു.
ജനാധിപത്യത്തിലേക്കുള്ള ലിബിയയുടെ മുന്നേറ്റത്തിലെ നിര്‍ണായക ദിവസം രാജ്യമെങ്ങും ആഹ്ലാദ ലഹരിയിലായിരുന്നു. വിമതപോരാളികള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തും പുതിയ ദേശീയ പതാകകളുമായി നൃത്തംചെയ്തും വിജയമാഘോഷിച്ചു. യു.എസ്. വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ ലിബിയ സന്ദര്‍ശിച്ച് മടങ്ങിയതിന് പിറ്റേദിവസമാണ് ഗദ്ദാഫി കൊല്ലപ്പെട്ടത്.
സ്വേച്ഛാധിപത്യത്തിനു കീഴില്‍ ശ്വാസം മുട്ടിക്കഴിയുകയായിരുന്ന അറബ് ജനതയുടെ സ്വാതന്ത്ര്യദാഹം ടുണീഷ്യയും ഈജിപ്തും കടന്ന് ലിബിയയിലെത്തുന്നത് കഴിഞ്ഞ ഫിബ്രവരിയിലാണ്. ഗദ്ദാഫിക്കൊപ്പമുള്ള പടിഞ്ഞാറന്‍ പ്രദേശങ്ങളും വിമതര്‍ക്കു മുന്‍തൂക്കമുള്ള കിഴക്കന്‍ പ്രദേശങ്ങളും തമ്മില്‍ മാസങ്ങള്‍ നീണ്ട പോരാട്ടമാണ് നടന്നത്. ജനാധിപത്യ പ്രക്ഷോഭത്തിന് അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ പ്രോത്സാഹനവും പിന്തുണയും നല്‍കിയതോടെ ഗദ്ദാഫി കൂടുതല്‍ ഒറ്റപ്പെട്ടു.
മാര്‍ച്ചില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള 'നാറ്റോ' സേന വിമതര്‍ക്ക് പിന്തുണയുമായെത്തിയതോടെ കലാപം യുദ്ധമായി വളര്‍ന്നു. വിദേശരാജ്യങ്ങള്‍ ഒന്നിനു പിറകെ ഒന്നായി സമരക്കാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര രക്ഷാസമിതിയും അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധം പ്രഖ്യാപിച്ച് സമ്മര്‍ദം മുറുക്കിയതോടെ ഗദ്ദാഫിയുടെ പിടി അയഞ്ഞു തുടങ്ങി.
ജൂലായോടെ രാജ്യത്തിന്റെ ഭൂരിപക്ഷം ഭാഗങ്ങളുടെയും നിയന്ത്രണമേറ്റെടുത്ത വിമതര്‍ ബെന്‍ഗാസി കേന്ദ്രമാക്കി ദേശീയ പരിവര്‍ത്തന സര്‍ക്കാറിന് രൂപം നല്‍കി. ആഗസ്തില്‍ തലസ്ഥാന നഗരമായ ട്രിപ്പോളിയില്‍ പ്രവേശിച്ച പോരാളികള്‍ 23ന് ഗദ്ദാഫിയുടെ ഭരണസിരാകേന്ദ്രമായ 'അല്‍ അസീസിയ' പിടിച്ചെടുത്തു. എന്നാല്‍ 'അല്‍ അസീസിയ'യില്‍നിന്നു കിലോമീറ്ററുകള്‍ നീളമുള്ള തുരങ്കം വഴി രക്ഷപ്പെട്ട ഗദ്ദാഫി എവിടെയെന്ന് വ്യാഴാഴ്ച വരെ വിമതസേനയയ്ക്കു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ജന്മനാടായ സിര്‍ത്തില്‍ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനങ്ങള്‍ക്കിടയിലും അദ്ദേഹം അയല്‍രാജ്യത്തേക്ക് ഒളിച്ചുകടന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.
രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളൊക്കെയും വിമതരുടെ പിടിയിലായിട്ടും സിര്‍ത്തിലെ പോരാട്ട വീര്യം കൈമോശം വരാത്ത ബൊദൂവിയന്‍ ഗോത്രവിഭാഗക്കാര്‍ തങ്ങളുടെ നേതാവിനെ സംരക്ഷിച്ചുപോരുകയായിരുന്നു.
അപൂര്‍വം, ഈ പതനം
ഏകാധിപതിയുടെ പതനം