ഏകാധിപത്യത്തിന്റെ അന്ത്യമെന്ന് ലോകം
Posted on: 21 Oct 2011

മുഅമര്‍ ഗദ്ദാഫിയുടെ പതനം ഏകാധിപതികള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് ലോകനേതാക്കളുടെ പ്രതികരണം. ലിബിയയില്‍ ഭരണമാറ്റത്തിനും രാഷ്ട്രപുനര്‍ നിര്‍മാണത്തിനും ഇന്ത്യ എല്ലാ സഹായവും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ലിബിയയുടെ ജനാധിപത്യഭാവിക്കുള്ള അവസരമാണിതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു. പതിറ്റാണ്ടുകളായി ഗദ്ദാഫിയുടെ പീഡനങ്ങള്‍ക്ക് ഇരയായവരെ ഓര്‍മിക്കാനുള്ള സന്ദര്‍ഭമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലിബിയയില്‍ സ്വാതന്ത്ര്യം കൊണ്ടുവരാന്‍ സഹായിച്ചതില്‍ ഫ്രാന്‍സ് അഭിമാനം കൊള്ളുന്നതായി വിദേശകാര്യമന്ത്രി അലൈന്‍ ജൂപ്പ് ന്യൂഡല്‍ഹിയില്‍ പറഞ്ഞു.
ലിബിയ ഇനിയൊരു ആധുനിക ജനാധിപത്യ രാജ്യമാകുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് ദിമിത്രി മെദ്‌വദേവ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഏകാധിപത്യയുഗത്തിന്റെ അന്ത്യം അടയാളപ്പെടുത്തുന്നതാണ് ഗദ്ദാഫിയുടെ മരണമെന്നും ഏറെക്കാലമായി ലിബിയന്‍ ജനത അനുഭവിക്കുന്ന അടിച്ചമര്‍ത്തലിന് പരിസമാപ്തിയായതായും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്‍റ് ഹെര്‍മന്‍ വാന്‍ റോംപുയ് പറഞ്ഞു.