Mathrubhumi Logo
  9/11 Head

വെടിയുണ്ടകള്‍ക്കിടയിലെ ഓര്‍മകളുമായി മനീഷ്

ജി.രാജേഷ്‌കുമാര്‍ Posted on: 21 Nov 2012

ശബരിമല:തന്റെ വലിയൊരാഗ്രഹം നടപ്പായ വാര്‍ത്ത അയ്യപ്പസന്നിധിയില്‍ നില്‍ക്കുമ്പോള്‍ കേള്‍ക്കാനായതിന്റെ ആഹ്ലാദത്തിലായിരുന്നു മലയാളി കമാന്‍ഡോ പി.വി.മനീഷ്.
മുംബൈ ഭീകരാക്രണമത്തില്‍ രണ്ടു തീവ്രവാദികളെ വധിച്ച ഈ വീരജവാന്‍ അജ്മല്‍ കസബിനെ തൂക്കിലേറ്റിയ വാര്‍ത്തയറിഞ്ഞപ്പോള്‍ പറഞ്ഞു. ''സത്യം നടപ്പായി''.
കസബിനെ യെര്‍വാഡ ജയിലില്‍ തൂക്കിലേറ്റിയ ബുധനാഴ്ച രാവിലെ ഏഴരയ്ക്ക് മനീഷ്‌സ്വാമി അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിലായിരുന്നു. അയ്യപ്പദര്‍ശനത്തിനുശേഷം തന്ത്രികണ്ഠര് രാജീവരെയും മേല്‍ശാന്തി ഇടമന ദാമോദരന്‍പോറ്റിയെയും കണ്ട് അനുഗ്രഹം വാങ്ങി പുറത്തിറങ്ങിയപ്പോഴാണ് സംഘാംഗമായ സൈനികന്‍ പ്രവീണ്‍ 'ഓപ്പറേഷന്‍ എക്‌സിനെ'പ്പറ്റി മനീഷിനോട് പറഞ്ഞത്.
കസബിന്റെ വധശിക്ഷ നടപ്പാക്കണമെന്ന് കഴിഞ്ഞ കൊല്ലം സന്നിധാനത്തെത്തിയപ്പോള്‍ ചോദ്യത്തിനുത്തരമായി മനീഷ് പറഞ്ഞിരുന്നു. കണ്ണൂര്‍ അഴിക്കോട് ചാല്‍സിച്ച് കണ്ണോത്ത് വീട്ടില്‍ മനീഷിനെ രാജ്യം ശൗര്യചക്ര ബഹുമതി നല്‍കി ആദരിച്ചിരുന്നു.
മുംബൈയിലെ ഒബ്‌റോയ് ഹോട്ടലില്‍ കയറിയൊളിച്ച ഭീകരരെ തുരത്താനായിരുന്നു മനീഷടങ്ങിയ സംഘത്തിന്റെ നിയോഗം. ഹോട്ടലിലെ എല്ലാവരെയും രക്ഷപ്പെടുത്തി സുരക്ഷിതമായി മാറ്റിയശേഷമാണ് തീവ്രവാദികളെ നേരിട്ടത്. ജീവന്‍ പണയംവച്ച് ഹോട്ടലിന്റെ വിജനമായ ഇടനാഴികളിലൂടെ നടന്ന മനീഷിന്റെ വെടിയേറ്റ് രണ്ടുതീവ്രവാദികള്‍ മരിച്ചു. തുടര്‍ന്നുള്ള നീക്കത്തിനിടെയാണ് ഗ്രനേഡ് തലയിലേക്കു വീണത്. മൂന്ന് ഗ്രനേഡ് ചീളുകള്‍ തലയില്‍ തുളഞ്ഞുകയറി. ആസ്പത്രിയില്‍വച്ച് രണ്ടെണ്ണം നീക്കി. 5 സെന്റീമീറ്ററുള്ള ഒരു കഷണം തലയോട്ടിയില്‍ തറച്ച് ഇപ്പോഴും ഉണ്ട്. അത് നീക്കാനാകില്ല എന്ന് വൈദ്യശാസ്ത്രം വിധിയെഴുതി.
വലതുവശം തളര്‍ന്നു പോയിരുന്നു. ചികിത്സയെത്തുടര്‍ന്ന് മനീഷിന് ഇപ്പോള്‍ പരസഹായമില്ലാതെ നടക്കാം. ഒറ്റപ്പാലത്ത് സ്വാമി നിര്‍മ്മലാനന്ദഗിരിയുടെ ചികിത്സയിലാണിപ്പോള്‍
ആക്രമണത്തിനുശേഷം മൂന്നാം തവണയാണ് മനീഷ് ശബരിമലയിലെത്തുന്നത്.ഡോളിയിലാണ് എത്തിയത്. പകല്‍ സന്നിധാനത്ത് വിശ്രമിച്ചശേഷം വൈകീട്ട് നാട്ടിലേക്ക് മടങ്ങി.


നീതികിട്ടിയെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍

മുംബൈ:നീതി കിട്ടിയതിന്റെ സന്തോഷത്തിലാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍. നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കസബിനെ തൂക്കിലേറ്റിയെന്നുള്ള വാര്‍ത്ത അവരെ തേടിയെത്തുന്നത്. ദീപാവലി ഇപ്പോഴാണ് വന്നതെന്ന് കൊല്ലപ്പെട്ട അസി. സബ് ഇന്‍സ്‌പെക്ടര്‍ ബാലാ സാഹേബ് ഭോണ്‍സ്‌ലെയുടെ മകന്‍ സച്ചിന്‍ പറഞ്ഞു. കസബിനെ പിടികൂടിയതിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട തുക്കാറാം ഓംലെയുടെ കുടുംബവും കസബിന്റെ ശിക്ഷ നടപ്പാക്കലിനെ സ്വാഗതം ചെയ്തു. ശിക്ഷ പരസ്യമായി നടപ്പാക്കേണ്ടിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ ഏകനാഥ് പറഞ്ഞു. ഭീകരാക്രമണക്കേസില്‍ നീതിയുടെ തുടക്കമാണിതെന്ന് കൊല്ലപ്പെട്ട വിജയ് സലാസ്‌ക്കറുടെ ഭാര്യ സ്മിത സലാസ്‌ക്കര്‍ പറഞ്ഞു. പോലീസുകാര്‍ക്ക് മികച്ച ആയുധങ്ങള്‍ നല്‍കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ ശ്രമിക്കണമെന്നും അവര്‍ പറഞ്ഞു. രക്തസാക്ഷികളുടെ കുടുംബത്തോട് സര്‍ക്കാര്‍ നീതികാട്ടിയതായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ അശോക് കാംതെയുടെ ഭാര്യ വിനീത പ്രതികരിച്ചു.


നീതി നടപ്പാക്കിയതില്‍ സന്തോഷം -സന്ദീപിന്റെ അച്ഛന്‍

പി.യാമിനി

ബാംഗ്ലൂര്‍:മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അച്ഛന്‍ ഉണ്ണികൃഷ്ണന്‍ കസബിനെ തൂക്കിക്കൊന്ന വിവരംമാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞത്. അപ്രതീക്ഷിതം എന്നാണ് അതിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
അജ്മല്‍ കസബിനെ തൂക്കിക്കൊന്നതിലല്ല സന്തോഷം. മറിച്ച്, നാലു വര്‍ഷമായി ലഭിക്കാതിരുന്ന നീതി നടപ്പാക്കിയതിലുള്ള സന്തോഷമാണുളവായത്- ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. രഹസ്യമായി തൂക്കിക്കൊല നടപ്പാക്കിയതിനെ അംഗീകരിക്കുന്നു. തീവ്രവാദം വേരറ്റു പോകണം. ഓരോ പൗരനും ഇതിനായി നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതാണ്. കേസിന്റെ വിജയത്തിനായി രാപ്പകല്‍ ബുദ്ധിമുട്ടിയ എല്ലാവരോടുമുള്ള ആദരവും മനസാ സ്മരിച്ചു കൊള്ളുന്നു.
നാലു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള നവംബര്‍ 26-നാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം മുംബൈയില്‍ നടന്നത്. 160-ഓളം പേര്‍ മരിക്കാനിടയാക്കിയ ആക്രമണത്തില്‍ കോഴിക്കോട്ടുകാരനും ദേശീയ സുരക്ഷാ സേനയിലെ മേജറുമായ സന്ദീപ് ഉണ്ണികൃഷ്ണനും ഉള്‍പ്പെട്ടിരുന്നു. ഐ.എസ്.ആര്‍.ഒ. മുന്‍ ഉദ്യോഗസ്ഥന്‍ കണ്ണമ്പത്ത് ഉണ്ണികൃഷ്ണന്റെയും ചെല്ലാളത്ത് ധനലക്ഷ്മിയുടെയും മകനാണ് ഉണ്ണികൃഷ്ണന്‍. നാനൂറോളം മുറികളുള്ള താജ് മഹല്‍ ഹോട്ടലിലെ പഴയ കെട്ടിടത്തില്‍ കമാന്‍ഡോ ഓപ്പറേഷനിടയില്‍ ഭീകരരുടെ ആക്രമണത്തിനില്‍ സന്ദീപിന് വെടിയേല്‍ക്കുകയായിരുന്നു.
1974-ലാണ് ഉണ്ണികൃഷ്ണനും കുടുംബവും ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയത്. അള്‍സൂര്‍ ഫ്രാങ്ക ആന്റണി പബ്ലിക് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് എന്‍.ഡി.എ.യില്‍ ചേര്‍ന്നു. ബിഹാര്‍ റെജിമെന്റില്‍ മേജറായിരിക്കുമ്പോഴാണ് ദേശീയ സുരക്ഷാ സേനയില്‍ (എന്‍.എസ്.ജി.) ഡെപ്യൂട്ടേഷനില്‍ നിയമിക്കപ്പെട്ടത്.
സന്ദീപിന്റെ മരണത്തിനുശേഷം ഉണ്ണികൃഷ്ണന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ ട്രസ്റ്റ് തുടങ്ങിയിരുന്നു. സെന്റ് ജോണ്‍സ് ആസ്പത്രിയിലെ സാന്ത്വനചികിത്സാ വിഭാഗത്തിനു വേണ്ടിയാണ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. 2012 നവംബര്‍ 26-ന് സന്ദീപിന്റെ പേരില്‍ രാമമൂര്‍ത്തിനഗറില്‍ ഒരു പ്രതിമ അനാച്ഛാദനവും സംഘടിപ്പിക്കുന്നുണ്ട്.






ganangal
Photogallery1
Photogallery2
GAP
Discuss