Mathrubhumi Logo
  9/11 Head

26/11: ഓര്‍മകളില്‍ ഇപ്പോഴും നടുക്കം

എന്‍. ശ്രീജിത്ത്‌ Posted on: 21 Nov 2012

മുംബൈ: മുംബൈ നഗരത്തോട് അജ്മല്‍ കസബും കൂട്ടാളികളും ചെയ്തത് ഇപ്പോള്‍ ചരിത്രമായി മാറിയെങ്കിലും അന്ന് നഗരം അനുഭവിച്ച യാതനകളും വേദനകളും ഇപ്പോഴും തുടരുന്നു.
കസബ് ഉള്‍പ്പെടെ 10 ഭീകരരുടെ നേതൃത്വത്തില്‍ 2008 നവംബര്‍ 26-ന് രാജ്യത്തെ വിറപ്പിച്ച് നടമാടിയ ഭീകരാക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. 300-ലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ ആ ഭീകരതാണ്ഡവത്തിന്റെ വേദനകളില്‍ നിന്ന് ഇപ്പോഴും മുക്തരായിട്ടില്ല. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ വേര്‍പാടിന്റെ വേദനയോടൊപ്പം ഭീകരരോടുള്ള രോഷത്തിന്റെ അഗ്‌നിയും ഇപ്പോഴും കെടാതെ സൂക്ഷിക്കുന്നു.
മുംബൈ ഭീകരാക്രമണത്തിന്റെ നാലാം വാര്‍ഷികത്തിന് അഞ്ചുദിവസം മാത്രം അവശേഷിക്കെയാണ് കസബിനെ കഴുമരത്തിലേറ്റിയത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ വിഭാഗം തലവന്‍ ഹേമന്ത് കര്‍ക്കരെ, വിജയ് സലാസ്‌ക്കര്‍, പോലീസ് കോണ്‍സ്റ്റബിള്‍ തുക്കാറാം ഒംബാലെ, മലയാളിയായ സന്ദീപ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെ ഒട്ടേറെ സുരക്ഷാ ഉദ്യോഗസ്ഥരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഏറെപ്പേരെയും കസബാണ് കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന്‍ വാദം. രാജ്യത്തെ ഏറ്റവും തിരക്കേറിയ സി.എസ്.ടി. റെയില്‍വേസ്റ്റേഷന്‍, പ്രമുഖ അന്താരാഷ്ട്ര ഹോട്ടലുകളായ താജ് മഹല്‍, ഒബ്‌റോയി, ജൂതകേന്ദ്രമായ നരിമാന്‍ ഹൗസ്, കാമാ ആസ്പത്രി, കൊളാബയിലെ ലിയോപോള്‍ഡ് കഫേ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്.
നവംബര്‍ 26-ന് കഫ്പരേഡിലെ മച്ചിമാര്‍ കോളനിയില്‍ ബോട്ടില്‍ വന്നെത്തിയ പത്തംഗസംഘമാണ് മുംബൈയുടെ ജാതകം മാറ്റിയെഴുതിയത്. രണ്ടുസംഘമായി പിരിഞ്ഞ ഇവരാണ് മുംബൈയിലെ വിവിധകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. ഒരു സംഘം കൊളാബയിലെ ഹോട്ടല്‍ താജ്മഹല്‍, നരിമാന്‍ ഹൗസ്, ലിയോപോള്‍ഡ് കഫേ എന്നിവിടങ്ങളിലും നരിമാന്‍ പോയന്റിലെ ഒബ്‌റോയി ഹോട്ടലിലും ഭീകരതാണ്ഡവം തുടരുമ്പോള്‍, മുംബൈയിലെ സി.എസ്.ടി. സ്റ്റേഷനില്‍ രാത്രി 9.30-ന് അജ്മല്‍ കസബും കുട്ടാളി അബു ഇസ്മയിലും ചേര്‍ന്ന് സാധാരണക്കാര്‍ക്ക് നേരേ നിറയൊഴിക്കുകയായിരുന്നു.
എ.കെ.- 47 തോക്കിന്റെ ഗര്‍ജനത്തിന് മുന്നില്‍ 58 ജീവന്‍ പൊലിഞ്ഞപ്പോള്‍ 104 ജീവിതങ്ങളെയാണ് എക്കാലത്തെയും ദുരിതത്തിലേക്കും വലിച്ചുകൊണ്ടുപോയത്. 10.45-നാണ് ഈ ഭീകരതാണ്ഡവം അവസാനിപ്പിച്ചത്. ഇതിനിടയില്‍ സി. എസ്.ടി.യിലെത്തിയ പോലീസ് സംഘത്തെ വെട്ടിച്ച് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഹേമന്ത് കര്‍ക്കരെ, അശോക് കാംതെ, വിജയ് സലാസ്‌കര്‍ എന്നിവര്‍ ഉള്‍പ്പെടെ എട്ടോളം പോലീസുകാര്‍ കസബിന്റെയും കൂട്ടാളിയുടെയും വെടിയുണ്ടയ്ക്ക് ഇരയായി. പിന്നീട് മുംബൈ സി.എസ്.ടി.ക്ക് സമീപമുള്ള കാമ ആസ്പത്രിയില്‍ കയറാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വണ്ടിയെടുത്ത് ഗിര്‍ഗാവ് ചൗപാത്തി ഭാഗത്തേക്കുപോയ കസബിനെ തുക്കാറാം ഒംബാലെ കയറിപ്പിടിച്ച് അത്മത്യാഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇതിനിടയില്‍ അബു ഇസ്മയില്‍ കൊല്ലപ്പെട്ടു.
കഫ്പരേഡിലെ മച്ചിമാര്‍ കോളനിയില്‍ എത്തിയ സംഘത്തിലെ രണ്ടംഗങ്ങള്‍ കൊളാബ കോസ്‌വേയിലെ ലിയോപോള്‍ഡ് കഫേയില്‍ ആക്രമണം നടത്തി. ഇവിടെ പത്തുപേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ഇതോടൊപ്പം ടൈംബോംബുകള്‍ ഘടിപ്പിച്ച ഒരു കാര്‍ രാത്രി 10.40-ന് വിലെപാര്‍ലെയില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ രണ്ടാമത്തെ സ്‌ഫോടനം വാഡിബന്ദറിലും നടന്നു അത് 10.20 നായിരുന്നു. ഇവിടെ പതിനഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
പിന്നീട് താജ്മഹലിലും ഒബ്‌റോയിയിലും നരിമാന്‍ ഹൗസിലും ഭീകരര്‍ നടത്തുന്ന താണ്ഡവങ്ങളാണ് ലോകം കണ്ടത്. താജ് ഹോട്ടലില്‍ മാത്രം ആറ് ബോംബുകള്‍ പൊട്ടിത്തെറിച്ചു. ഹോട്ടലിന്റെ പൈതൃക മേഖല മുഴുവന്‍ ഭീകരരുടെ ആക്രമണത്തിന് വിധേയമായി. താജിലെ ഭീകരാക്രമണത്തില്‍ ഹോട്ടല്‍ മാനേജരും എറണാകുളം സ്വദേശിയുമായ ജോണ്‍, പോരാട്ടത്തില്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പിടഞ്ഞുവീണപ്പോള്‍ മൂന്നുദിവസം മുംബൈ നഗരം ഭീതിയുടെയും ആശങ്കയുടെയും മുള്‍മുനയിലായിരുന്നു. ഒന്‍പത് ഭീകരരെ വധിച്ച് ദ്രുതകര്‍മസേനയും ദേശീയ സുരക്ഷാസേനയും നവംബര്‍ 29-ന് ഉച്ചയോടെ രാജ്യത്തിന്റെ അഭിമാനം കാത്തു. പാകിസ്ഥാന്‍ ഭീകരസംഘടനയായിരുന്നു ആക്രമണത്തിന് പിന്നിലെന്ന കാര്യം ലോകത്തെ ബോധ്യപ്പെടുത്താന്‍ കസബിനെ പിടികൂടിയതോടെകഴിഞ്ഞു.





ganangal
Photogallery1
Photogallery2
GAP
Discuss