9/11: നടുക്കത്തിന്റെ ഓര്‍മകളുമായി അവര്‍ ഒത്തുചേര്‍ന്നു
Posted on: 12 Sep 2011

ന്യുയോര്‍ക്ക്: ഓര്‍മകള്‍ക്ക് മരണമില്ല. പത്തുവര്‍ഷം മുമ്പനുഭവിച്ച നടുക്കത്തിന്റെയും നൊമ്പരത്തിന്റെയും ഓര്‍മകള്‍ ഞായറാഴ്ച അമേരിക്കയെ പൊതിഞ്ഞു. ചരിത്രത്തെത്തന്നെ രണ്ടായി പകുത്ത സപ്തംബര്‍ 11-ലെ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കള്‍ പൈശാചികത അരങ്ങേറിയ ഇടങ്ങളില്‍ ഒത്തുകൂടി. ചാരമായി മാറിയ ലോകവ്യാപാര സമുച്ചയം നിന്നിരുന്ന ഗ്രൗണ്ട് സീറോയില്‍ നടന്ന അനുസ്മരണച്ചടങ്ങില്‍ പ്രസിഡന്‍റ് ബരാക് ഒബാമയും ആക്രമണം നടക്കുമ്പോള്‍ പ്രസിഡന്‍റായിരുന്ന ജോര്‍ജ് ഡബ്ല്യു ബുഷും പങ്കെടുത്തു.
ഇരട്ട ഗോപുരങ്ങള്‍ നിന്നിരുന്ന സ്ഥലത്ത് പണിതസപ്തംബര്‍ 11 ദേശീയ സ്മാരകം സന്ദര്‍ശകര്‍ക്കായി തുറന്നു. ഉണങ്ങാത്ത കണ്ണീരിന്റെ പ്രതീകമായി സദാസമയവും വെള്ളം വീണുകൊണ്ടിരിക്കുന്ന ഒരേക്കര്‍ വരുന്ന രണ്ട് തടാകങ്ങളാണ് സ്മാരകങ്ങള്‍. ആക്രമണത്തില്‍ മരിച്ച 3000 പേരുടെയും 1993-ല്‍ ലോകവ്യാപാര സമുച്ചയത്തിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ മരിച്ച ആറുപേരുടെയും പേരുകള്‍ സ്മാരക തടാകങ്ങളുടെ ഓരങ്ങളില്‍ കൊത്തിവെച്ചിട്ടുണ്ട്.
മുന്‍ വാര്‍ഷികങ്ങളിലെന്ന പോലെ ഈ പേരുകള്‍ ഇത്തവണയും അനുസ്മരണച്ചടങ്ങില്‍ വായിച്ചു. ലോകവ്യാപാര സമുച്ചയത്തില്‍ വിമാനങ്ങള്‍ ഇടിച്ചു കയറിയ സമയത്ത് ന്യുയോര്‍ക്കില്‍ മണിമുഴങ്ങി. നഗരം നിശ്ശബ്ദമായി.

2001 സപ്തംബര്‍ 11-നാണ് തട്ടിയെടുത്ത വിമാനങ്ങള്‍ കെട്ടിടങ്ങളില്‍ ഇടിച്ചുകയറ്റി അല്‍ ഖ്വെയ്ദയുടെ 19 ഭീകരര്‍ അമേരിക്കയെയും ലോകത്തെ മുഴുവനും ഭീതിയിലാഴ്ത്തിയത്. ലോകവ്യപാര സമുച്ചയത്തിലും പെന്‍റഗണിലും പെന്‍സില്‍വാനിയയിലെ ഷാക്‌സ്‌വിലിലും വിമാനങ്ങള്‍ ഇടിച്ചിറങ്ങി. ആക്രമണത്തില്‍ 3000 പേര്‍ മരിച്ചു. ആഴ്ചകള്‍ക്കകം അമേരിക്ക അഫ്ഗാനിസ്താനില്‍ ഭീകര വിരുദ്ധപ്പോരാട്ടത്തിന് തുടക്കമിട്ടു.
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ അമേരിക്കന്‍ എംബസിയില്‍ ഞായറാഴ്ച അമേരിക്കന്‍ പതാക പകുതി താഴ്ത്തിക്കെട്ടി. ചാരമായിപ്പോയ ഇരട്ട ഗോപുരങ്ങളുടെ ചെറുശേഷിപ്പ് അടക്കം ചെയ്ത മണ്ണിലാണ് അഫ്ഗാനിസ്താനിലെ അമേരിക്കന്‍ എംബസിയുടെ കൊടിമരം നാട്ടിയിരിക്കുന്നത്.
മറ്റൊരു സപ്തംബര്‍ 11 നടപ്പാക്കാനായി അല്‍ ഖ്വെയ്ദ തയ്യാറായിരിക്കുന്നു എന്ന് വിവരം കിട്ടിയതിനാല്‍ അതിജാഗ്രതയിലാണ് അമേരിക്കയില്‍ അനുസ്മരണച്ചടങ്ങുകള്‍ നടന്നത്. ന്യുയോര്‍ക്കിലും വാഷിങ്ടണിലും അതിജാഗ്രത പ്രഖ്യാപിച്ചിരുന്നു. മാന്‍ഹാട്ടനിലായിരുന്നു ഏറ്റവും അധികം സുരക്ഷാപരിശോധനകള്‍. കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് ഇവിടെ വാഹനങ്ങള്‍ കടത്തിവിട്ടത്. ഭീകരതയോട് സന്ധിയില്ലെന്ന പ്രഖ്യാപനവുമായി ഇരട്ട ഗോപുരങ്ങളുടെ സ്ഥാനത്ത് പുതിയ ഒറ്റ ഗോപുരം ഉയര്‍ന്നു വരുന്നു. 80 നിലകള്‍ പൂര്‍ത്തിയായ ഈ അംബരചുംബി 1,776 അടിഉയരത്തില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
