Mathrubhumi Logo
  9/11 Head

9/11: മുറിവുണങ്ങാതെ ഇന്ത്യന്‍ കുടുംബങ്ങള്‍

Posted on: 12 Sep 2011

ന്യൂയോര്‍ക്ക്: കാലം മുറിവുണക്കുമെന്നത് പഴയ വാക്യം. ലോകത്തെ ഞെട്ടിച്ച 9/11 ഭീകരാക്രമണത്തില്‍ ബന്ധുക്കളെയും മിത്രങ്ങളെയും നഷ്ടപ്പെട്ട ഇന്ത്യന്‍ കുടുംബങ്ങളുടെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്‍ററിനു നേരേ നടന്ന ആക്രമണത്തില്‍ മരിച്ച മുപ്പതുകാരന്‍ രാജേഷിന്റെ അച്ഛന്‍ അര്‍ജന്‍ മിര്‍പുരിയുടെ ശബ്ദത്തില്‍ അതു പ്രതിഫലിക്കുന്നു. ''എന്റെ മകന്‍ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ ജോലിക്കാരന്‍ പോലുമല്ലായിരുന്നു. ആക്രമണമുണ്ടായ ദിവസം ആദ്യമായാണ് അവന്‍ അവിടെപ്പോയത്-ഒരു വ്യാപാരമേളയ്ക്കായി. അത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ ദിനമായി മാറി.'' -ന്യൂജഴ്‌സിയിലെ താമസക്കാരനായ മിര്‍പുരി പറയുന്നു.

''വാര്‍ഷികം പത്തും പതിനഞ്ചും ഇരുപതുമൊക്കെ എത്തും. പക്ഷേ, ഞങ്ങള്‍ വര്‍ഷങ്ങളോ മാസങ്ങളോ അല്ല, ഓരോ ദിവസവും ദുരന്തത്തിന്റെ ഓര്‍മകളുമായി ജീവിച്ചു തീര്‍ക്കുകയാണ്. അമേരിക്കയും ഇന്ത്യയുമുള്‍പ്പെടെ എല്ലാ രാജ്യങ്ങളും ഭീകരതയ്‌ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നുണ്ട്. പക്ഷേ, നിരപരാധികള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഭീകരതയ്ക്ക് ഇരയാകുന്നു'' -അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂയോര്‍ക്കില്‍ സര്‍ജനായി ജോലി നോക്കുന്ന ജോണ്‍ മത്തായിക്ക് സഹോദരനെയാണ് സപ്തംബര്‍ 11 ഭീകരാക്രമണത്തിലൂടെ നഷ്ടമായത്. ''ചിലര്‍ക്ക് പത്തു വര്‍ഷം നീണ്ടകാലയളവു തന്നെയായിരിക്കാം. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഒരുനാള്‍ പോലും ഞാന്‍ എന്റെ സഹോദരനെ ഓര്‍ക്കാതിരുന്നിട്ടില്ല'' -അദ്ദേഹം പറയുന്നു.

ന്യൂയോര്‍ക്കിലെ പ്രമുഖ സാങ്കേതിക വിദഗ്ധനായിരുന്നു ജോണ്‍ മത്തായിയുടെ സഹോദരനായ ജോസഫ്. അവസാന നിമിഷമാണ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടന്ന ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം അങ്ങോട്ടുപോയത്. ആക്രമണമുണ്ടായ ഉടനെ ഭാര്യ തെരേസയെ ടെലിഫോണില്‍ ജോസഫ് ബന്ധപ്പെട്ടിരുന്നു. പുറത്തു നിന്നും പുകയുയരുകയാണെന്നും പുറത്തുകടക്കാനുള്ള നിര്‍ദേശം കാത്തിരിക്കുകയാണെന്നുമാണ് ഒടുവില്‍ പറഞ്ഞത്.

അഭിഭാഷകനായ ഉമാങ് ശാസ്ത്രിക്ക് ബന്ധുവായ നീലിനെയാണ് ഭീകരാക്രമണത്തില്‍ നഷ്ടമായത്. നീലിന്റെ ഓര്‍മയ്ക്കായി ഒരു ഫൗണ്ടേഷന്‍ സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ആ ദുരന്തത്തിന്റെ ഓര്‍മയില്‍ നിന്ന് കുറച്ചെങ്കിലും മോചനം നേടാന്‍ അതു സഹായിക്കുമെന്നാണ് ശാസ്ത്രിയുടെ പ്രതീക്ഷ.




ganangal
Photogallery1
Photogallery2
GAP
Discuss