എല്ലാം കഥയില്‍ പറഞ്ഞത്
പി.കെ. രാജശേഖരന്‍ Posted on: 11 Sep 2011

1996-ല്‍തന്റെ പതിവു മസാലകള്‍ ചേര്‍ത്ത് എക്‌സിക്യൂട്ടീവ് ഓര്‍ഡേഴ്‌സ്' എന്ന ത്രില്ലര്‍ എഴുതുമ്പോള്‍ ടോം ക്ലാന്‍സിയെന്ന അമേരിക്കന്‍ ജനപ്രിയ നോവലിസ്റ്റ് താന്‍ വന്യമായി ഭാവന ചെയ്ത ദൃശ്യം അഞ്ചു വര്‍ഷത്തിനു ശേഷം അമേരിക്കയുടെ ഹൃദയഭൂമിയില്‍ കരാളമായ യാഥാര്‍ഥ്യമായിത്തീരുമെന്ന് ഓര്‍ത്തിരിക്കാനിടയില്ല. അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ ആസ്ഥാനമന്ദിരമായ ക്യാപ്പിറ്റോള്‍ഹില്ലിലേക്ക് അറബി ഭീകരര്‍ തട്ടിയെടുത്ത വിമാനം ഇടിച്ചിറങ്ങുന്നതും പ്രസിഡണ്ടും സെക്രട്ടറിമാരും ഉപസേനാനായകനും ന്യായാധിപന്മാരും എഫ്.ബി.ഐ. ഡയറക്ടര്‍മാരും ഉള്‍പ്പെടെയുള്ള ഉന്നതര്‍ മുഴുവന്‍ മരിക്കുന്നതുമായിരുന്നു പള്‍പ്ഫിക്ഷന്റെ തമ്പുരാക്കന്മാരിലൊരാളായ ടോം ക്ലാന്‍സിയുടെ ഭാവനാദൃശ്യം. ചരിത്രത്തിലെ ഏറ്റവും ഭയാനകമായ ഭീകര പ്രവര്‍ത്തന'മെന്ന് ക്ലാന്‍സി വിശേഷിപ്പിച്ച ആ ഭാവന ഇപ്പോള്‍ യാഥാര്‍ഥ്യമാണ്. വേള്‍ഡ് ട്രേഡ് സെന്ററിലും പെന്റഗണിലും ദുരഞം വിതച്ചുകൊണ്ട് ഇടിച്ചിറങ്ങിയ വിമാനങ്ങള്‍ ക്ലാന്‍സിയുടെ ഭാവനയില്‍നിന്ന് അധികം അകലെയായിരുന്നില്ല. വേള്‍ഡ് ട്രേഡ് സെന്റര്‍ ദുരഞവും എക്‌സിക്യൂട്ടീവ് ഓര്‍ഡേഴ്‌സി'ലെ സാങ്കല്പിക സംഭവങ്ങളും തമ്മിലുള്ള സമാനതകള്‍ ഇനിയുമുണ്ട്. യാഥാര്‍ഥ്യത്തിനു മുന്‍പേ സഞ്ചരിക്കുന്ന ഭാവനയുടെ ഇത്തരം പ്രത്യക്ഷങ്ങള്‍ നിരവധിയാണ്. ഫാക്ടി'നെ തോല്പിക്കുന്ന ഫിക്ഷന്‍'. പലപ്പോഴും ശാസ്രന്തം ഫിക്ഷനെ അനുകരിച്ചതായാണ് ചരിത്രം.
എഴുത്തില്‍ പ്രവചനത്തിന്റെയോ ഭാവിദര്‍ശനത്തിന്റെയോ ഒരു തുള്ളി മഷികൂടി കലര്‍ന്നു പോകുന്നത് ഏതോ അപൂര്‍വതകൊണ്ടാവാം. പ്രാതിഭാസികമായ ഒരു യാദൃച്ഛികത. ഭാവനയും ഭാവി യാഥാര്‍ഥ്യവും തമ്മിലുള്ള ഈ ബന്ധം എങ്ങനെ പിറക്കുന്നുവെന്നതിന് ഉത്തരമില്ല. പ്രതിഭാശാലികള്‍ മാത്രമല്ല വെറും കെട്ടുകഥാകാരന്മാരും പിന്നീട് സത്യമായിത്തീരുന്ന ഭാവനകള്‍ നിര്‍മിക്കാറുണ്ട്.
1979-ല്‍ പ്രദര്‍ശനത്തിനെത്തിയ ജെയിംസ് ബ്രിഡ്ജസ് സംവിധാനം ചെയ്ത ചൈനാ സിന്‍ഡ്രോം എന്ന ഹോളിവുഡ് ചിത്രം പറഞ്ഞത് പെന്‍സില്‍വാനിയയിലെ ഒരു ന്യൂക്ലിയര്‍ റിയാക്ടര്‍ അപകടത്തില്‍പ്പെടുന്ന കഥയാണ്. ചിത്രം പുറത്തുവന്ന് ആഴ്ചകള്‍ക്കുള്ളില്‍ അത് യാഥാര്‍ഥ്യമായി. പെന്‍സില്‍വാനിയയിലെ ത്രീമൈല്‍ ഐലന്‍ഡിലെ ന്യൂക്ലിയര്‍ റിയാക്ടര്‍ അപകടത്തില്‍പ്പെട്ടു. കിംബെലി വെല്‍ഡ് (ജയ്ന്‍ ഫോണ്‍ഡ) എന്ന ടി.വി. റിപ്പോര്‍ട്ടര്‍ ക്യാമറാമാനോടൊപ്പം ഒരു ഫീച്ചര്‍ എഴുതാനായി അണുശക്തി കേന്ദ്രത്തിലെത്തുന്നതും ആ സമയത്ത് അവിടെ പൊട്ടിത്തെറിയുണ്ടാകുന്നതുമാണ് ചലച്ചിത്രം അവതരിപ്പിച്ചത്. സമാനമായ സംഭവഗതികള്‍ മാര്‍ച്ച് 29ന് ത്രീമൈല്‍ ഐലന്‍ഡിലെ ന്യൂക്ലിയര്‍ പവര്‍ സ്റ്റേഷനിലുണ്ടായി.
ക്ലോണിങ്ങിനെപ്പറ്റി ആദ്യം പറഞ്ഞതും കലയായിരുന്നു. ഇറാലെവിന്‍ രചിച്ച ബോയ്‌സ് ഫ്രാം ബ്രസീല്‍' എന്ന നോവല്‍ ക്ലോണിങ്ങിനെക്കുറിച്ചുള്ള ദുഃസ്വപന്‍ഭാവി ദര്‍ശനമാണ് അവതരിപ്പിച്ചത്. 1978(ല്‍ ഫ്രാങ്ക്‌ലിന്‍ ജെ. ഷാഫ്‌നര്‍ നോവല്‍ ചലച്ചിത്രമാക്കി. നോവലിനെ അതിശയിപ്പിച്ച ചലച്ചിത്രം ഭാവന ചെയ്ത സാധ്യതകളുടെ വാതില്‍ മലര്‍ക്കെ തുറക്കുകയായിരുന്നു 1999-ല്‍ ഡോളി എന്ന ക്ലോണാടിലൂടെ ശാസ്രന്തജ്ഞനായ ജയാന്‍ വില്‍മറ്റ്. പറഞ്ഞതില്‍ പാതിയും പതിരാകാതെ പോയ ശാസ്ത്ര കഥാകാരന്‍ ആര്‍തര്‍ സി. ക്ലാര്‍ക്കും ഈ ജനുസ്സിലാണ് പെടുന്നത്. ക്ലാര്‍ക്കിന്റെ സെന്റിനെല്‍' എന്ന ചെറുകഥയെ ആധാരമാക്കി സ്റ്റാന്‍ലി കുബ്രിക് സംവിധാനം ചെയ്ത 2001: എ സ്‌പെയ്‌സ് ഒഡീസി' എന്ന ക്ലാസിക് ചലച്ചിത്രത്തിലെ ഭാവന പിന്നീട് യാഥാര്‍ഥ്യമായി. ചിത്രത്തിലെ ബഹിരാകാശവാഹനത്തിലെ ഹാല്‍ 9000' എന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍ യാത്രികരോട് ചതുരംഗം കളിക്കുന്നു. ഭാവികാലകഥ പറഞ്ഞ ഈ കഥ ചലച്ചിത്രത്തില്‍ ഹാല്‍ കമ്പ്യൂട്ടര്‍ 1997 ജനവരി 12ന് പ്രവര്‍ത്തനക്ഷമമായതായാണ് പറയുന്നത്. 1996-ലും 1997-ലും ഡീപ്ബ്ലൂ എന്ന കമ്പ്യൂട്ടര്‍ ലോകചെസ് ചാമ്പ്യനായ ഗാരികാസ്പറോവുമായി ഏറ്റുമുട്ടി.
ഭാവന പിന്നീട് യാഥാര്‍ഥ്യമായിത്തീരുന്ന ഈ രചനാലോകത്ത് മലയാളത്തിനും അതിന്റെ ഓഹരിയുണ്ട്. 1893-ല്‍ കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ എഴുതിയ ദ്വാരക' എന്ന കഥയില്‍ ഇതു കാണാം. കടലില്‍ മുങ്ങിപ്പോയ പുരാണനഗരമായ ദ്വാരകയിലെത്തുന്നതിനെക്കുറിച്ചുള്ള ഫാന്റസിയാണ് നൂറുവര്‍ഷത്തിനുമുമ്പ് കേസരി അവതരിപ്പിച്ചത്. മുംബൈ തുറമുഖത്തിനടുത്തുള്ള ഹസന്തിദ്വീപിനടുത്ത് കടലിനുള്ളിലേക്ക് ജലമജ്ജന കവചം ധരിച്ച് ഇറങ്ങി ദ്വാരകയിലെത്തുന്ന കിനാവ് നേരിയ വ്യത്യാസങ്ങളോടെ യാഥാര്‍ത്ഥ്യമാണിപ്പോള്‍. ഗുജറാത്ത്തീരത്തിനടുത്ത് സമീപകാലത്ത് നടന്ന ഗവേഷണങ്ങള്‍ ദ്വാരകയുടെ സാന്നിദ്ധ്യം തെളിയിച്ചു.
ഭാവന കരാളമായ യാഥാര്‍ത്ഥ്യമായിത്തീര്‍ന്നതിന്റെ സമകാലിക മാതൃകയാണ് ഒ.വി. വിജയന്റെ ധര്‍മപുരാണം. ഈ നോവലില്‍ അടിയഞരാവസ്ഥയെ പ്രവചിക്കുകയായിരുന്നു വിജയന്‍.
ധര്‍മ്മപുരാണത്തിന്റെ ആമുഖക്കുറിപ്പില്‍ പില്‍ക്കാലത്ത് വിജയന്‍ എഴുതി: (ആയിരത്തിത്തൊള്ളായിരത്തി) എഴുപത്തിനാലാകുമ്പോഴേക്കും നോവല്‍ ഏറെക്കുറെ എഴുതിക്കഴിഞ്ഞിരുന്നു. ആദ്യത്തെ പകര്‍പ്പിന്റെ പരുക്കത്തങ്ങളെ ഒന്നു മയപ്പെടുത്താന്‍ പിന്നെയും സമയമെടുത്തു. എന്റെ പ്രിയ സുഹൃത്ത് എസ്.കെ. നായര്‍ അത് മലയാളനാടില്‍ ഖണ്ഡശഃ പ്രസിദ്ധപ്പെടുത്താമെന്ന് ഏല്‍ക്കുകയും എഴുപത്തഞ്ചു ജൂലൈ 25-ാം തീയതി മുതല്‍ പ്രകാശനം ആരംഭിക്കുമെന്ന് പരസ്യം ചെയ്യുകയും ചെയ്തു.
എല്ലാ മനുഷ്യരിലും എന്നെങ്കിലുമൊക്കെ തെളിയുന്ന പ്രവചനശേഷിയുടെ ഗതികേടില്‍, ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിരണ്ടാമാണ്ടില്‍ ഈ പുസന്തകത്തിന്റെ നാലാമധ്യായത്തിന് ഞാന്‍ അടിയന്തരാവസ്ഥ' എന്നു പേരുകൊടുത്തു. ജൂലൈ 25-ാം തീയതിക്ക് ഒരു മാസം മുമ്പ് നാലാമധ്യായം ബന്ധനസ്ഥനായ ഒരു ഭാരത രാഷ്ട്രപതിയുടെ വിളംബരത്തില്‍ക്കൂടി നാട്ടില്‍ നടപ്പായി. ധര്‍മപുരാണം' കലവറയിലേക്ക് സ്ഥലം മാറി''.
എങ്ങനെയാവാം എഴുത്തുകാരുടെ ഭാവന പിന്നീട് യാഥാര്‍ത്ഥ്യമായിത്തീരുന്നത്. അതിന്റെ രസതന്ത്രം ഇനിയുംവേര്‍തിരിക്കപ്പെട്ടിട്ടില്ല. രണ്ടുതരത്തിലാണ് ഇത് സംഭവിക്കാറുള്ളത്. ഒന്ന് ഭാവനാസംഭവവും യാദൃശ്ചികമായി യാഥാര്‍ത്ഥ്യമാവുന്നു. രണ്ടാമത് ശാസ്ത്രകഥകളിലെയും ഭാവിദര്‍ശനങ്ങളിലെയും പ്രവചനങ്ങള്‍ പിന്നീട് സത്യവും പ്രായോഗികവുമായിത്തീരുന്നതാണ്.
ഭാവനയിലെ ഭയരൂപങ്ങള്‍ സമകാലിക അമേരിക്കന്‍ സമൂഹത്തിന്റെ സ്വഭാവങ്ങളിലൊന്നാണ്. ഭൂമിയില്‍ തങ്ങള്‍ക്കൊത്ത ശത്രുക്കളില്ലാത്തതിനാല്‍ അന്യഗ്രഹ ജീവികളേയും പറക്കുംതളികകളേയും ഭയക്കുന്ന, അത്തരം ആക്രമങ്ങള്‍ ദുഃസ്വപ്‌നം കാണുന്നതരം പള്‍പ് സാഹിത്യവും സിനിമയുമാണ് അമേരിക്കന്‍സാംസ്‌കാരിക കമ്പോളത്തിലെ പ്രിയവസന്തുക്കള്‍. ഇന്‍ഡിപെന്‍ഡന്‍സ് ഡേ', അര്‍മഗെഡണ്‍', സ്റ്റാര്‍ ഷിപ്പ് ട്രൂപ്പേഴ്‌സ് തുടങ്ങിയ ഹോളിവുഡ് സിനിമകള്‍ ഉദാഹരണം. സ്പീല്‍ ബെര്‍ഗിന്റെ ഇ.ടി.യാണ് ഇത് തുടങ്ങിവെച്ചത്. അറബി ഭീകരന്മാരും ജാപ്പാനീസ് വ്യവസായികളുമായിരുന്നു മുമ്പ് ഹോളിവുഡിന്റെ ഭയങ്ങള്‍.(ട്രൂലൈസ്', റൈസിങ് സണ്‍' തുടങ്ങിയ ചലച്ചിത്രങ്ങള്‍ ഉദാഹരണം). അവര്‍ അടങ്ങിക്കഴിഞ്ഞപ്പോഴാണ് അമേരിക്കയെ ആക്രമിക്കുന്ന അന്യഗ്രഹജീവികള്‍ ഭാവനയ്ക്ക് വളമായത്. ഇപ്പോഴാകട്ടെ യഥാര്‍ഥ വില്ലന്മാര്‍തന്നെ ഭാവനയെ തോല്പിച്ചുകൊണ്ട് അമേരിക്കയുടെ ദുഃസ്വപ്‌നമാവുന്നു.
(2001 സപ്തംബര്‍ 16 ഞായറാഴ്ച മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)