Mathrubhumi Logo
  9/11 Head

-ബോബിതോമസ്‌

ബോംബുകള്‍ വഴിമാറുമ്പോള്‍ Posted on: 11 Sep 2011

ഡോ.നജീബുള്ളയുടെ കെട്ടിത്തൂക്കിയ മൃതദേഹം കാറ്റില്‍ ആടിയുലയുന്ന ദൃശ്യം മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല.

അട്ടിമറിക്കപ്പെട്ട അഫ്ഗാനിസ്ഥാന്‍ പ്രസിഡണ്ട്. അമേരിക്കചൊല്ലും ചോറും കൊടുത്തുവളര്‍ത്തിയ ഇസ്ലാമിക തീവ്രവാദികളുടെയും യുദ്ധ പ്രഭുക്കളുടെയും വേട്ടയാടലില്‍ കൊട്ടാരം വിട്ടോടാന്‍ ശ്രമിച്ചവന്‍. ഒടുവില്‍ നായയെപ്പോലെ അവര്‍ അദ്ദേഹത്തെ പിടിച്ച് കൊന്ന് കെട്ടിത്തൂക്കി. കാബൂള്‍, വെടിയൊച്ചകളും കൂട്ടക്കൊലകളും നിലയ്ക്കാത്ത ദുരന്ത ഭൂമിയായെങ്കിലെന്ത്, സോവ്യറ്റ് ചെകുത്താനില്‍ നിന്നും അഫ്ഗാന്‍ രക്ഷപ്പെട്ടല്ലോ. വൈറ്റ്ഹൗസും പെന്റഗണും ദീര്‍ഘനിശ്വാസമുതിര്‍ത്തു.. എന്നാല്‍ ചരിത്രം അവിടെ അവസാനിക്കുകയുണ്ടായില്ലല്ലൊ.

ദുരന്തത്തെ വിതയ്ക്കുന്നവര്‍ മഹാദുരന്തത്തെ കൊയ്യുക പ്രകൃതി നിയമമാണ്. വാളെടുക്കുന്നവന്‍ വാളാല്‍ എന്ന ക്രിസ്തുവാക്യം ക്രൈസ്തവ രാജ്യമായ അമേരിക്കയ്ക്കും സത്യമായി.

തകര്‍ന്ന ഗോപുരുങ്ങളുടെ അടിയില്‍പ്പെട്ട് ചതഞ്ഞരഞ്ഞു മരിച്ച നിരപരാധികളായ പതിനായിരങ്ങളുടെ രക്തം ലോക മനഃസാക്ഷിക്കു മുമ്പില്‍ തീവ്രവേദനയായി. ഈ വേദന തിരിച്ചറിവുകളിലേക്ക് ലോകത്തെ നയിക്കുമോ? അതോ, മുഢതകളുടെയും വിഡ്ഢിത്തങ്ങളുടെയും ആവര്‍ത്തനങ്ങളില്‍ തന്നെ ഭാവിചരിത്രവും മുങ്ങിത്താഴുമോ?

നമ്മെ ചരിത്ര പാഠങ്ങള്‍ ഓര്‍മ്മപ്പെടുത്താന്‍ ആരാണുള്ളത്? അമേരിക്കന്‍ ബുദ്ധിജീവി ലോകത്ത് അപൂര്‍വമായൊരു പ്രവാചകസ്വരം-നോം ചോംസ്‌കിയുടേതാണ് സി.ഐ.എ.യെയും പെന്റഗണെയും ചൊടിപ്പിക്കുന്ന ഈ വിമത ശബ്ദം.

ഗുല്‍ബുദ്ദീന്‍ ഹിക്മത്യാരെയും മറ്റ് ഇസ്ലാമിക തീവ്രവാദികളെയും അഫ്ഗാനിസന്താനില്‍ തീറ്റിപ്പോറ്റുന്നത് അമേരിക്കയാണ്. അവര്‍ അമേരിക്കയ്ക്ക് പ്രിയങ്കരരാണ്. അവരുടെ ബോംബുകള്‍ ലക്ഷ്യം മാറി വീഴാന്‍ തുടങ്ങും വരെ'- അഫ്ഗാന്‍ ചരിത്രം അതിന്റെ ദുരഞ പൂര്‍ത്തീകരണത്തിലേക്കെത്തും മുമ്പ്, അമേരിക്കയും ഇസ്ലാമിക യുദ്ധ പ്രഭുക്കളും തമ്മിലുള്ള മധുവിധുകാലം പൂര്‍ണമായും അവസാനിക്കും മുമ്പ് എഴുതിയ പ്രവചനാത്മകമായ ഈ വരികള്‍ ചരിത്രത്തിനു മുമ്പെ നടന്ന സന്ദേശമായി. ചോംസ്‌കിയുടെ ണീൃഹറ ഛൃറലൃ, ഛഹറ മിറ ചലം എന്ന പുസ്തകത്തിലേതാണീവരികള്‍.

അമേരിക്കയുടെ കൈകളിലാകെ രക്തത്തിന്റെ കറയാണെന്ന് അമേരിക്കന്‍ ചിഞകനായ ചോംസ്‌കി ഇതില്‍ വിളിച്ചുപറയുന്നുണ്ട്. ആഗോള തീവ്രവാദത്തെ പണവും ആയുധങ്ങളും നല്‍കി വളര്‍ത്തി, വിവിധ രാജ്യങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന സ്വന്തം മൂലധന താല്പര്യങ്ങള്‍ക്കുവേണ്ടി നടത്തുന്ന നരമേധങ്ങള്‍. രാജ്യങ്ങളുടെ പരമാധികാരങ്ങളെ തകര്‍ത്തുകൊണ്ടുള്ള അധികാര അട്ടിമറികള്‍. രാഷ്ട്രീയ കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകപ്പെട്ടവര്‍, കാണാതായവര്‍-ലാറ്റിനമേരിക്കയ്ക്കു മാത്രമല്ല ലോകത്തിനു മുഴുവന്‍ ഇക്കഥ പറയാനുണ്ട്. അമേരിക്കക്കാരനായ ചോംസ്‌കി പറഞ്ഞു തരുന്ന സമീപ കാല അമേരിക്കന്‍ ചരിത്രം ഒന്നു കേള്‍ക്കുക. അന്താരാഷ്ട്ര തീവ്രവാദം എന്ന പദം അമേരിക്കയുടെയും കൂട്ടുകക്ഷികളുടെയും പരാമര്‍ശത്തില്‍ ഒരിക്കലും വരുന്നില്ല. അവരുടെ
തീവ്രവാദം എല്ലാ പരിധികളെയും ലംഘിക്കുന്നതാണെങ്കിലും മാധ്യമങ്ങളോ ആദരിക്കപ്പെടുന്ന പണ്ഡിതരോ അതെപ്പറ്റിമിണ്ടുന്നില്ല. മയക്കുമരുന്നു വേട്ടയെപ്പറ്റി എഴുതുന്ന മാധ്യമങ്ങള്‍ രണ്ടാംലോക മഹായുദ്ധത്തിനുശേഷമുള്ള കാലത്ത് സി.ഐ.എ. സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്ത മയക്കുമരുന്ന് റാക്കറ്റിനെപ്പറ്റിയോ, മയക്കു മരുന്നു കച്ചവടത്തിലൂടെ വന്‍ലാഭം നേടാന്‍ അമേരിക്കന്‍ ബാങ്കുകളെയും വ്യവസായ കുത്തകകളെയും അനുവദിച്ചതിനെപ്പറ്റിയോ മിണ്ടുന്നില്ല.''

അമേരിക്കയുടെ ആജ്ഞാനുവര്‍ത്തിയായിരുന്ന പനാമയുടെ പ്രസിഡണ്ട് നൊറീഗ പിന്നീട് അനഭിമതനായപ്പോള്‍ ലോക ചട്ടമ്പിയായ അമേരിക്ക മുണ്ടും മടക്കി കുത്തി ഈ രാജ്യത്തേക്കുചെന്നു. പ്രസിഡണ്ട് നൊറീഗയെ പിടിച്ചുകെട്ടി അമേരിക്കയിലേക്കു കൊണ്ടുപോയി. അമേരിക്കന്‍ നിയമമനുസരിച്ച് വിചാരണ ചെയ്യാന്‍. മയക്കുമരുന്നു കച്ചവടമാണ് അദ്ദേഹത്തിനു മേല്‍ചുമത്തിയ കുറ്റം. വിയറ്റ്‌നാം, പനാമ, ഗ്രനേഡ, നിക്കരാഗ്വ-രക്തം ഇറ്റിറ്റുവീഴുന്ന കഥകള്‍ ഏറെയാണ്. വിദേശ ലോകനേതാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുള്ളതില്‍ അമേരിക്കയ്ക്ക് ലോകറിക്കാര്‍ഡാണ്-ചോംസ്‌കി പറയുന്നു. അഫ്ഗാനിസ്താനില്‍ ഹിക്മത്യാര്‍ ഉള്‍പ്പെടെയുള്ള മതമൗലിക വാദ തിവ്രവാദികളെ ആയുധവും പണവും നല്‍കി വളര്‍ത്തിയെടുത്തത് അമേരിക്കയാണ്. ഡോ. നജീബുള്ളയെ അധികാരത്തില്‍നിന്ന് പുറത്താക്കി കൊലചെയ്തശേഷവും യുദ്ധപ്രഭുക്കള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചില്ല. ഈ രാജ്യത്തെ സി.ഐ.എയുടെ സ്വന്തം വക്താവായിരുന്ന ഹിക്മത്യാര്‍ 1992-ല്‍ കാബൂളില്‍ നടത്തിയ ആക്രമണത്തില്‍ രണ്ടായിരം പേരാണ് മരിച്ചത്. 1993 ആയപ്പോഴേക്കും കൊലചെയ്യപ്പെട്ടവരുടെ എണ്ണം 30,000 ആയെന്ന് ചോംസ്‌കി ചൂണ്ടിക്കാട്ടുന്നു. നിക്കരാഗ്വയിലെ സാന്‍ഡിനിസ്റ്റ ഇടതുപക്ഷ സര്‍ക്കാറിനെതിരെ നിക്കരാഗ്വയില്‍ തീവ്രവാദം വളര്‍ത്താനായി അമേരിക്ക കോണ്‍ട്രാ കലാപകാരികളെ സൃഷന്ദിച്ച് ആയുധം നല്‍കി വളര്‍ത്തിയ ചരിത്രം കുപ്രസിദ്ധമാണ്.

അമേരിക്കയ്ക്കുനേരെയുണ്ടായ ഭീകരവാദ ആക്രമണത്തിനുശേഷം ചോംസ്‌കി ഇതിനോട് പ്രതികരിച്ചുകൊണ്ട് ഇങ്ങനെ എഴുതി. തീവ്രവാദികളുടെ ആക്രമണം പ്രധാനപ്പെട്ടൊരു കുറ്റകൃത്യം തന്നെയാണ്. എന്നാല്‍ ഇത് മറ്റ് പല കുറ്റകൃത്യങ്ങളുടെയും അളവിന് തുല്യമാകുന്നില്ല. ഉദാഹരണത്തിന് സുഡാനുനേരെ ബോംബിങ് നടത്തിയ ക്ലിന്റണ്‍ ഈ രാജ്യത്തെ പകുതിയോളം മരുന്നുത്പാദന സ്ഥാപനങ്ങളും തകര്‍ത്തു. എത്രപേര്‍ മരിച്ചുവെന്ന് ആര്‍ക്കും കണക്കുതന്നെയില്ല. എത്രപേര്‍ മരിച്ചുവെന്ന് അന്വേഷിക്കുവാനുള്ള യു.എന്‍. നീക്കത്തെപ്പോലും അമേരിക്ക എതിര്‍ത്തു തോല്പിച്ചു.

ഇപ്പോഴത്തെ തീവ്രവാദ ആക്രമണങ്ങള്‍ പുതിയ മിസൈല്‍ പ്രതിരോധ പദ്ധതികളുടെ വിഡ്ഢിത്തത്തെ വളരെ നാടകീയതയോടെ തെളിയിച്ചു കാണിച്ചു''-ഈ ആക്രമണങ്ങള്‍ ജനാധിപത്യവും തീവ്രവാദവും തമ്മിലുള്ള ഏറ്റുമുട്ടലല്ലെന്നും അമേരിക്കന്‍ തീവ്രവാദത്തിനുണ്ടായ സ്വാഭാവിക പ്രതികരണമാണെന്നും ചോംസ്‌കി എഴുതി.


(2001 സപ്തംബര്‍ 16 ഞായറാഴ്ച മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)




ganangal
Photogallery1
Photogallery2
GAP
Discuss