Mathrubhumi Logo
  9/11 Head

ഭീകരവിരോധത്തിന്റെ ബാലന്‍സ് ഷീറ്റ്‌

ആഷിക് കൃഷ്ണന്‍ Posted on: 11 Sep 2011

നയമില്ലാത്ത ഭീകരനായാട്ട് സമ്മാനിച്ചത് സാമ്പത്തിക തകര്‍ച്ച മാത്രം

ഏഴ് പതിറ്റാണ്ട് മുമ്പെ ഇതേ പോലൊരു പ്രഭാതത്തിലാണ ജപ്പാന്റെ നാവികസേന പേള്‍ ഹാര്‍ബറില്‍ യു.എസ്സ്.സൈന്യത്തിന് നേരെ ഓര്‍ക്കാപ്പുറത്ത് ആക്രമണം നടത്തിയത്. അന്നാണ് അമേരിക്കക്കാര്‍ക്ക് ഒന്നടങ്കം ആക്രമിക്കപ്പെടുകയാണ് എന്ന തോന്നലുണ്ടായത്. ആ ഒറ്റ സംഭവം രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതി മാറ്റി, ലോക ചരിത്രത്തിന്റെയും. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന അഹങ്കാരത്തോടെ ഇരുന്ന ബ്രിട്ടനെ തല്‍സ്ഥാനത്തുനിന്ന് നീക്കി അമേരിക്ക സൂപ്പര്‍ പവറായി മാറിത്തുടങ്ങിയതും അന്നായിരുന്നു. പത്ത് വര്‍ഷം മുമ്പ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമുണ്ടായപ്പോഴും സമാനമായ വികാരമാണ് അമേരിക്കയിലലയടിച്ചത്.

2001 സെപ്തംബര്‍ 11 ന് ട്രെയ്ഡ് സെന്റര്‍ ഭീകരാക്രമണത്തില്‍ തകര്‍ന്നപ്പോള്‍ അന്നത്തെ അമേരിക്കന്‍ ഡെപ്യൂട്ടി സെക്രട്ടറി റിച്ചാര്‍ഡ് ആര്‍മിട്ടേജ് പറഞ്ഞു: 'ചരിത്രം ഇന്ന് തുടങ്ങുന്നു'. ആ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ ശരിയായെങ്കിലും അമേരിക്കന്‍ തകര്‍ച്ചയുടെ ചരിത്രമാണ് അന്ന് തുടങ്ങിയത് എന്നു മാത്രം. സൂപ്പര്‍ പവര്‍ രാജ്യമായി മികച്ച മിച്ച ബജറ്റുമായി നിലനിന്നിരുന്ന രാജ്യം ഈ ദിനത്തെ തുടര്‍ന്ന് താഴേക്ക് വീഴാന്‍ തുടങ്ങി.

നയമില്ലാതെ നായാട്ട് നടത്തരുതെന്നത് പണ്ട് രാജാക്കന്മാര്‍ക്ക് ഇടയില്‍ നിലനിന്നിരുന്ന പഴമൊഴിയാണ്. ഈ പഴമൊഴിയെ ശരിവെയ്ക്കുകയാണ് പത്തുവര്‍ഷത്തെ ഭീകരവിരുദ്ധ നായാട്ടിലൂടെ അമേരിക്ക ചെയ്തത്. അംബരചുംബികളായ വേള്‍ഡ് ട്രെയ്ഡ് സെന്ററുകള്‍ തകര്‍ക്കപ്പെട്ടതിന്റെ പത്താം വാര്‍ഷിക ദിനത്തില്‍ പുറകിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഇത് വ്യക്തമാകുന്നുമുണ്ട്. ഇപ്പോള്‍ അമേരിക്ക നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമായി ലോകത്തിലെ പ്രശസ്തരായ സാമ്പത്തിക ശാസ്ത്രഞ്ജര്‍ ചൂണ്ടികാണിക്കുന്നതും അമേരിക്കന്‍ ഭരണകൂടതിന്റെ നായാട്ട് നയത്തിലെ പാകപ്പിഴയാണ്.

ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ ഒസാമയുടെ ഭീകരസേന വിമാനങ്ങള്‍ ട്രെയ്ഡ് സെന്ററില്‍ ഇടിച്ചിറങ്ങിയപ്പോള്‍ ലോകം മുഴുവന്‍ സഹതാപവും സഹായവാഗ്ദാനവുമായി അമേരിക്കയോടൊപ്പം നിന്നു. എന്നാല്‍, പത്തുവര്‍ഷം ഇപ്പുറത്തേക്ക് കാര്യങ്ങള്‍ എത്തിയപ്പോള്‍, ഇറഖിലേയും അഫ്ഖാനിലെയും ഒന്നരലക്ഷത്തിലധികം നിരപരാധികളെ കൊന്നൊടുക്കിയവര്‍ എന്ന പേര് ദോഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങി.

സ്വന്തം രാജ്യത്തിലെ ജനങ്ങളുടെ ക്ഷേമത്തിന് ഊന്നല്‍ നല്‍കാതെ രാജ്യസുരക്ഷയ്ക്കും സൈനിക ശാക്തീകരണത്തിനും കോടികള്‍ ചെലവിട്ടതാണ് ഇപ്പോള്‍ അമേരിക്ക നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തല്‍.

ഓഹരി കമ്പോളത്തില്‍ കാളയുടെയും കരടിയുടെയും ഉയര്‍ച്ചയും വീഴ്ച്ചയും നിയന്ത്രിക്കുന്ന അമേരിക്കന്‍ ഭരണകൂടത്തിന് അടിപതറിയപ്പോള്‍ സ്വന്തം രാജ്യത്തിലെ ജനങ്ങള്‍ പോലും ഒപ്പമില്ലാത്ത അവസ്ഥയായി.

രാജ്യത്തിന്റെ സുരക്ഷമാത്രം മുഖ്യ ചര്‍ച്ചാവിഷയമാക്കി അഫ്ഖാനിലേക്കും ഇറാഖിലേക്കും കടന്നുകയറി അക്രമം നടത്തി അമേരിക്ക ഇതിനകം ചെലവിട്ടത് മൂന്ന് ലക്ഷം കോടി ഡോളറാണ്. അമേരിക്കന്‍ ജനതയുടെ വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും ക്ഷേമത്തിനും ഉപയോഗിക്കേണ്ടിയിരുന്ന തുകയിലാണ് ഇതു കുറവുണ്ടാക്കിയത്. ഇതോടൊപ്പം, ഒബാമ സര്‍ക്കാര്‍ വന്നപ്പോഴുണ്ടാക്കിയ ചില നികുതി ഭേദഗതികള്‍ സമ്പന്നനും ദരിദ്രനും തമ്മിലുള്ള അകലം വര്‍ദ്ധിപ്പിച്ചു. ദരിദ്രര്‍ വര്‍ദ്ധിക്കുകയും സമ്പന്നര്‍ കുറയുകയും ചെയ്തു. സമ്പന്നരുടെ പക്കല്‍ കൂടുതല്‍ സമ്പത്ത് കുമിഞ്ഞുകൂടുകയും ചെയ്തു.

ഒരര്‍ത്ഥത്തില്‍ വ്യക്തമായ നയമില്ലാതെ നടത്തിയ ഭീകരവിരുദ്ധയുദ്ധം സ്വന്തം രാജ്യത്തിലെ ജനങ്ങളോടു ചെയ്ത യുദ്ധം പോലെയായി. പത്ത് വര്‍ഷം മുമ്പ് ഈ ദിനത്തില്‍ ലോകരാജ്യങ്ങള്‍ക്ക് അമേരിക്കയോട് ഉണ്ടായിരുന്ന അനുകമ്പയും സഹിഷ്ണുതയും ഇപ്പോള്‍ വിട്ടകലുകയും ചെയ്തു. പതിറ്റാണ്ടിനിപ്പുറം ഭീകരവിരുദ്ധ യുദ്ധം അമേരിക്കയ്ക്ക് ബാക്കിവെച്ചത് വന്‍സാമ്പത്തിക ബാധ്യതയെന്ന ദുര്‍ഭൂതത്തെ മാത്രമായി.



ganangal
Photogallery1
Photogallery2
GAP
Discuss