Mathrubhumi Logo
  9/11 Head

വിജയപാതയില്‍ ഭീകരവിരുദ്ധയുദ്ധം; മോചനമില്ലാതെ ഇന്ത്യ

എം. കേശവമേനോന്‍ Posted on: 11 Sep 2011

ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇന്ത്യ എന്ന്് മോചനം നേടുമെന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ ഇനിയും സമയമെടുക്കും.പ്രതികൂല ഘടകങ്ങളുടെ ശക്തി ഇനിയും ചോര്‍ന്നു തുടങ്ങിയിട്ടില്ല. അതേസമയം, അനുകൂല ഘടകങ്ങള്‍ മിന്നായം പോലെയാണെങ്കിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ടുമുണ്ട്

ഭീകരവാദം, യഥാര്‍ഥത്തില്‍ 2001-ന് മുമ്പുതന്നെ ആഗോള പ്രതിഭാസമായി മാറിയിട്ടുണ്ടായിരുന്നു. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള സംഘടനകള്‍ വ്യത്യസ്ത ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരിക്കാം പോരാടിയിരുന്നത്. അല്‍ ഖ്വെയ്ദയെപ്പോലുള്ള അന്താരാഷ്ട്ര സംഘടനകള്‍ക്ക് പ്രാദേശിക വിഷയങ്ങളുമായി ബന്ധമില്ലായിരുന്നെന്നും വരാം. എന്നാല്‍, ഈ വ്യത്യസ്ത സംഘങ്ങള്‍, അന്താരാഷ്ട്ര അതിര്‍ത്തികള്‍ കടക്കുന്നതിനും സുരക്ഷിത താവളങ്ങള്‍ ഒരുക്കുന്നതിനും ആയുധപരിശീലനത്തിനും സ്‌ഫോടകവസ്തു നിര്‍മാണ പരിശീലനത്തിനും ധനസമാഹരണത്തിനും മറ്റുമായി പരസ്പരം ബന്ധപ്പെട്ടുപോന്നു. ചിലപ്പോള്‍ അവ നേരിട്ടുതന്നെ ഇത്തരം ബന്ധങ്ങളുണ്ടാക്കി. മറ്റുചിലപ്പോള്‍ അനധികൃത പണമിടപാടുസംഘങ്ങളും ആയുധക്കള്ളക്കടത്തുകാരും മയക്കുമരുന്ന് കടത്തുകാരും മറ്റും ഇടനിലക്കാരായി. ഇങ്ങനെ പരസ്പര സഹകരണത്തിലൂടെ ആഗോളശൃംഖല തീര്‍ത്ത ഭീകരവാദത്തെ നേരിടണമെങ്കില്‍ വിവിധ ഭരണകൂടങ്ങളുടെ വിശാലസഖ്യം അനിവാര്യമായിരുന്നു. അതിന്റെ അവിഭാജ്യഘടകമായി ലോകവ്യാപക സാന്നിധ്യവും സ്വാധീനവുമുള്ള അമേരിക്ക വന്നില്ലായിരുന്നെങ്കില്‍ ഇത്തരമൊരു സംവിധാനം യാഥാര്‍ഥ്യമാവില്ലായിരുന്നു, അഥവാ യാഥാര്‍ഥ്യമായാല്‍ത്തന്നെ അതു ഫലപ്രദമാവില്ലായിരുന്നു.

ഭീകരതയ്‌ക്കെതിരെ പോരാടാന്‍ ഇങ്ങനെയൊരു ആഗോള സംവിധാനം രൂപപ്പെട്ടത് വിചാരിക്കുംപോലെ അത്ര എളുപ്പത്തിലായിരുന്നില്ല. അതിന്റെ പ്രവര്‍ത്തനം ഭരണകൂടങ്ങള്‍ അവകാശപ്പെടുംപോലെ അത്ര അനായാസവുമായിരുന്നില്ല. എന്നുവെച്ച് അതു നിഷ്ഫലമായിരുന്നെന്ന് തള്ളിക്കളയാനാവില്ല. വരാനിരിക്കുന്ന കൊടും ഭീകരാക്രമണപ്രളയത്തിന്റെ ദുസ്സൂചനയായാണ് സപ്തംബര്‍ പതിനൊന്ന് ആക്രമണം വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍, അങ്ങനെയൊരു ആക്രമണപരമ്പരയുണ്ടായില്ല. പലയിടത്തും ഭീകരസംഘങ്ങള്‍ തകരുകയും ചെയ്തു. ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇ. നാമാവശേഷമായി. സ്‌പെയിനിലെയും മൊറോക്കോയിലെയും അള്‍ജീരിയയിലെയും ചെച്‌നിയയിലെയും ഇന്‍ഡൊനീഷ്യയിലെയും ഫിലിപ്പീന്‍സിലെയും സംഘടനകള്‍ ശക്തി ക്ഷയിച്ച് എല്‍.ടി.ടി.ഇ.യുടെ ഗതിയിലേക്ക് നീങ്ങുകയാണ്. ഉസാമ ബിന്‍ ലാദന്‍ വധിക്കപ്പെട്ടു. അതിന് പകരംവീട്ടാന്‍ അല്‍ ഖ്വെയ്ദയ്ക്കായില്ലെന്നതിനര്‍ഥം അവരും തകര്‍ച്ചയുടെ പാതയിലാണെന്നു തന്നെയാണ്. ഭീകരപ്രവര്‍ത്തനത്തിന്റെ കാലം കഴിയാറായി എന്ന കാര്യം മനസ്സിലാക്കിയ ഹമാസും ഇസ്‌ലാമിക ജിഹാദും പോലുള്ള സംഘടനകള്‍ രാഷ്ട്രീയപരിഹാരത്തിന്റെ വഴിയാണിപ്പോള്‍ അന്വേഷിക്കുന്നത്. പക്ഷേ, ഭീകരവാദമെന്ന പ്രതിഭാസം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യം അംഗീകരിക്കാവുന്ന സ്ഥിതിയിലേക്ക് ഇന്ത്യ ഇനിയും എത്തിയിട്ടില്ല. അതിന് പല കാരണങ്ങളുണ്ട്. മറ്റു മിക്ക രാജ്യങ്ങളെയും അപേക്ഷിച്ച്, ഭീകരാക്രമണങ്ങളുടെ കെടുതികള്‍ ഏറെക്കാലമായി അനുഭവിക്കേണ്ടിവന്ന രാജ്യമാണ് ഇന്ത്യ എന്നതാണ് ഒന്നാമത്തെ കാരണം. 1980-കളുടെ പകുതിയില്‍ ഖാലിസ്താനികള്‍ ബസ്സില്‍ ബോംബുവെക്കാന്‍ തുടങ്ങിയതുമുതല്‍ ഇന്ത്യ ഭീകരതയുടെ ഇരയാണ്.
സപ്തംബര്‍ പതിനൊന്നിന് ശേഷം ആസൂത്രണത്തിന്റെയും ദൈര്‍ഘ്യത്തിന്റെയും മരണസംഖ്യയുടെയും കാര്യത്തില്‍ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കാവുന്ന ഭീകരാക്രമണമുണ്ടായത് 2008 നവംബറില്‍ മുംബൈയിലായിരുന്നു എന്നതാണ് മറ്റൊരു കാരണം. ഇന്ത്യയെ ലക്ഷ്യംവെച്ചുള്ള ഭീകരശൃംഖലകള്‍ ഇപ്പോഴും ദൃഢമായി തുടരുന്നുണ്ടെന്നതും പാക് മണ്ണില്‍നിന്ന് അവയ്ക്കുവേണ്ട പോഷണം കിട്ടുന്നുണ്ട് എന്നതുമാണ് മൂന്നാമത്തെ കാരണം.
ഈയൊരു ശാപത്തില്‍നിന്ന് ഇന്ത്യയ്‌ക്കെന്നെങ്കിലും മോചനമുണ്ടാകുമോ? ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ ഇനിയും സമയമെടുക്കും. നേരത്തേ പറഞ്ഞപോലെ, പ്രതികൂല ഘടകങ്ങളുടെ ശക്തി ചോര്‍ന്നു തുടങ്ങിയിട്ടില്ല. എന്നാല്‍, അനുകൂല ഘടകങ്ങള്‍ മിന്നായംപോലെയാണെങ്കിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. പാക് സൈന്യത്തിന്റെ ഇന്ത്യാവിരുദ്ധ ഭ്രമത്തിനെതിരെയും ജിഹാദികളെ പിന്തുണയ്ക്കുന്നതിനെതിരെയും പാകിസ്താനിലെ രാഷ്ട്രീയ നേതൃത്വം പ്രതികരിച്ചുതുടങ്ങിയിരിക്കുന്നു. തങ്ങള്‍ തന്നെ സൃഷ്ടിച്ച ഭീകരവേതാളങ്ങളെ ചുമലില്‍നിന്നിറക്കിവെക്കാന്‍ പാക് കരസേനയ്ക്കിനിയും കഴിഞ്ഞിട്ടില്ലെങ്കിലും ഇന്ത്യയുമായി ഏതെങ്കിലും തരത്തില്‍ അനുരഞ്ജനത്തിലെത്തണമെന്ന ആശ അവര്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. ഇന്ത്യയുമായുള്ള കിഴക്കേ അതിര്‍ത്തിയില്‍ ഭീഷണിയൊന്നുമില്ലെന്നു ബോധ്യമായാലേ അഫ്ഗാനിസ്താനില്‍ തന്ത്രപ്രധാന സ്വാധീനമുറപ്പിക്കാനുള്ള പരക്കംപാച്ചില്‍ പാകിസ്താന്‍ അവസാനിപ്പിക്കൂ. അതവസാനിപ്പിച്ചാലേ അതിര്‍ത്തിയായ ഡ്യൂറന്‍ഡ് രേഖയിലും അഫ്ഗാനിസ്താനിനുള്ളിലും നിലനില്‍ക്കുന്ന അസ്ഥിരത നീങ്ങൂ. അത്തരമൊരു സ്ഥിരത വന്നാലേ അഫ്ഗാനിസ്താനില്‍ നിന്നുള്ള യു.എസ്. സേനാ പിന്‍മാറ്റം യാഥാര്‍ഥ്യമാവുകയുള്ളൂ. എന്നാലേ, പാകിസ്താനുമേലുള്ള യു.എസ്. സമ്മര്‍ദം അയയുകയുള്ളൂ. അതുകൊണ്ട് കിഴക്കുനിന്നു ഭീഷണിയൊന്നുമില്ലെന്ന് പാകിസ്താനെ ബോധ്യപ്പെടുത്താന്‍ ഇന്ത്യ കാര്യമായ ശ്രമം നടത്തണം. അത്തരമൊരു ശ്രമം ഫലവത്താകണമെങ്കില്‍ ഇന്ത്യ ആത്മാര്‍ഥമായും സമാധാനം കാംക്ഷിക്കുന്നുണ്ടെന്ന് പാകിസ്താന്‍ മനസ്സിലാക്കണം. ഇതാണു പാകിസ്താന് സ്വീകരിക്കാവുന്ന യുക്തിഭദ്രമായ നിലപാട്. പക്ഷേ, അങ്ങനെയൊരു നിലപാട് അവര്‍ സ്വീകരിക്കുമെന്ന് ഒരുറപ്പുമില്ല.
രാജ്യത്തിന് പുറത്തുനിന്നുള്ള ഭീകരഭീഷണികള്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ, ആഭ്യന്തര ഭീഷണികള്‍ നേരിടാന്‍ നമ്മള്‍ സജ്ജരായിട്ടുണ്ടോ? എന്‍.ഐ.എ. എന്ന ദേശീയ അന്വേഷണ ഏജന്‍സി രൂപവത്കരിച്ചതും വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകളുടെ ഏകോപിത പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പദ്ധതിയാവിഷ്‌കരിച്ചതും അതിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ഈ സംവിധാനത്തിന്റെ ശേഷിയെത്രത്തോളമുണ്ടെന്നറിയുക വീണ്ടുമൊരു ഭീകരാക്രമണമുണ്ടാവുമ്പോഴാണ്, അല്ലെങ്കില്‍ അത്തരമൊരാക്രമണം തടയാന്‍ പറ്റുമ്പോഴാണ്. പക്ഷേ, ഒരു കാര്യമുറപ്പാണ്, തീവ്രവലത് ഹിന്ദു സംഘടനകളുടെ ഭീകരവാദ പ്രവണതയ്ക്കു തീര്‍ച്ചയായും തടയിടേണ്ടതാണ്.
സപ്തംബര്‍ -11 ഭീകരാക്രമണം കഴിഞ്ഞ് ഒരു ദശകം പിന്നിടുമ്പോള്‍ അമേരിക്കയ്ക്ക്, തങ്ങള്‍ നേതൃത്വം നല്‍കുന്ന ഭീകരവിരുദ്ധ പോരാട്ടം വിജയം വരിച്ചെന്ന് പറയാനാവില്ലെങ്കിലും വിജയപാതയിലാണെന്ന് അവകാശപ്പെടാനാകും. പക്ഷേ, സപ്തംബര്‍- 11 ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരും തങ്ങളുടെ ലക്ഷ്യം നേടിയെന്ന കാര്യം നിഷേധിക്കാനാവില്ല. യു.എസ്. ഭരണകൂടത്തിന്റെ ആത്മാഭിമാനത്തിനും അധികാരശക്തിക്കും ചെറിയ ആഘാതമൊന്നുമല്ല കഴിഞ്ഞ ദശകത്തില്‍ ഏറ്റത്. അങ്ങനെ അല്‍ ഖ്വെയ്ദയ്ക്ക് പരാജയത്തിലും വിജയം സമ്മാനിച്ചത് അമേരിക്ക തന്നെയായിരുന്നു എന്നതാണ് വൈരുധ്യം.








ganangal
Photogallery1
Photogallery2
GAP
Discuss