-ഡോ. കൃഷ്ണകിഷോര്‍
അതിജീവനത്തിന്റെ നിത്യസ്മാരകം Posted on: 11 Sep 2011


അമേരിക്കന്‍ ചരിത്രത്തെ പുന:നിര്‍വചിച്ച 9/11 ദുരന്തത്തിന്റെ ഭീകരതയും പീഢയും ഭയവും അധികം താമസിക്കാതെ പ്രശാന്തിയുടെ പ്രതീകമായി പരിവര്‍ത്തനപ്പെടും. ഗ്രൗണ്ട് സീറോ എന്നറിയപ്പെടുന്ന വേള്‍ഡ് ട്രെയ്ഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങള്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലം ശാന്തിയുടെയും അനുസ്മരണത്തിന്റെയും വേദിയായി രൂപാന്തരപ്പെടും.
2001 സപ്തംബറില്‍ ഭീകരാക്രമണം ഉണ്ടായതിനു തൊട്ടുപിന്നാലെ വേദനയുടെയും അമര്‍ഷത്തിന്റെയും ഭാഷയില്‍ കൂടുതല്‍ ആള്‍ക്കാരും ആവശ്യപ്പെട്ടത് ഇതിലും പൊക്കമുള്ള അംബരചുംബി പണിഞ്ഞ് ഭീകരര്‍ക്കെതിരെ പ്രതിഷേധിക്കാനാണ്. 'ഇത് ഞങ്ങളൊരിക്കലും മറക്കില്ല' എന്ന ബാനറുകളും പ്ലക്കാര്‍ഡുകളും യു.എസ്സിലെ ഓരോ മുക്കിലും മൂലയിലും സര്‍വസാധാരണമായി.
ലോകത്തിന് മുന്നില്‍ നഷ്ടപ്പെട്ട അഭിമാനം പുന:സ്ഥാപിക്കാന്‍ അവര്‍ക്ക് സാധാരണനിലയിലേക്ക് എത്രയും പെട്ടെന്ന് മടങ്ങിപ്പോകേണ്ടിയിരുന്നു. അതിനുള്ള ഏകപോംവഴി പഴയതിലും പ്രൗഢമായ രീതിയില്‍ വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ പുന:നിര്‍മിക്കുക എന്നതായിരുന്നു. പത്തു വര്‍ഷത്തിനിപ്പുറം ദുരന്തത്തിന്റെയും ഇരയായവരുടെയും സ്മാരകമായി ഗ്രൗണ്ട് സീറോ മാറിയിരിക്കുന്നു. 'പ്രതിബിംബിക്കുന്ന അസാന്നിധ്യം' എന്നാണ് ഇതിനെ മൈക്കല്‍ അരാഡെന്ന ആര്‍ക്കിടെക്ട് വിശേഷിപ്പിച്ചത്. ന്യൂയോര്‍ക്കിന്റെ ആകാശത്ത് അഹങ്കാരത്തോടെ തലയുയര്‍ത്തി നിന്നിരുന്ന ഇരട്ടടവര്‍ വായുവില്‍ നിര്‍മിച്ച തുള പൊയ്മറഞ്ഞിരിക്കുന്നു; ദുരന്തം വിതച്ച അരക്ഷിതാവസ്ഥയും പൊയ്മറഞ്ഞിരിക്കുന്നു; ഭീകരാക്രമണത്തെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ പ്രധാനവീഥിയില്‍ നിലംപൊത്തിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും പൊയ്മറഞ്ഞിരിക്കുന്നു. അതിനുപകരം, പുതിയ ഗ്രൗണ്ട് സീറോയുടെ അനാച്ഛാദനത്തിന് ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നു.
2011, സപ്തംബര്‍ 11-ന് ഗ്രൗണ്ട് സീറോയില്‍ നടക്കുന്ന പത്താം അനുസ്മരണച്ചടങ്ങില്‍ യു. എസ്. പ്രസിഡന്റ് ബരാക് ഒബാമയും സപ്തംബര്‍ 11 ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ആയിരക്കണക്കിന് ആള്‍ക്കാരും ഒത്തുചേരും. അവര്‍ 9/11 ന്റെ പുതിയ സ്മാരകം അനാച്ഛാദനം ചെയ്യും. അത് കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ശ്രദ്ധാഞ്ജലിയാണ്. മരിച്ചവരെ ആദരിക്കാനും ജീവിതത്തിലുള്ള പ്രതീക്ഷ നിലനിര്‍ത്താനും പ്രേരിപ്പിക്കുന്ന പ്രതീകമായി, തീരാനഷ്ടത്തിന്റെയും അതില്‍ നിന്ന് പെട്ടെന്നൊരു തിരിച്ചുവരവ് സാധ്യമാക്കിയ അസാമാന്യ ധൈര്യത്തിന്റെയും അടയാളമായി അത് എന്നെന്നും നിലനില്‍ക്കും. 'ഇവിടെ സംഭവിച്ച സമ്പൂര്‍ണ നാശം നമ്മളൊരിക്കലും മറക്കില്ല, എന്നാല്‍ ഗ്രൗണ്ട് സീറോ എന്നറിയപ്പെട്ട 16 ഏക്കര്‍ സ്ഥലത്തെ 'ദി വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ ആന്‍ഡ് ദി നാഷണല്‍ ഇലവന്‍ത് മെമ്മോറിയല്‍ ആന്‍ഡ് മ്യൂസിയം' എന്ന് വിളിക്കേണ്ട സമയം സമാഗതമായിരിക്കുന്നു' ന്യൂയോര്‍ക്ക് മേയര്‍ മൈക്ക് ബ്ലൂംബെര്‍ഗ് അടുത്ത കാലത്ത് നടത്തിയ പ്രസംഗത്തിലെ വാചകമാണിത്. 'അമേരിക്കന്‍ ചരിത്രത്തിലെ മഹത്തായ തിരിച്ചുവരവുകളിലൊന്നായി ഗ്രൗണ്ട് സീറോയുടെ പുനര്‍ജന്മവും പുനര്‍ജീവനവും എക്കാലവും ഓര്‍മിക്കപ്പെടും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. '9/11-ന് നമുക്ക് നഷ്ടപ്പെട്ടവര്‍ക്കായുള്ള ഏറ്റവും മഹത്തായ സ്മാരകമായി ഇതെന്നും നിലനില്‍ക്കും. നമ്മുടെ ദു:ഖത്തെ ശുഭാപ്തിവിശ്വാസത്തോടെ മഹത്തായ തിരിച്ചുവരവിലേക്ക് വഴിതിരിച്ചുവിടാന്‍ സാധിച്ചതിന്റെ സ്മാരകം കൂടിയാണിത്. ഇത്രപെട്ടെന്ന് നമുക്ക് തിരിച്ചുവരാന്‍ കഴിയുക സാധ്യമല്ലെന്നാണ് മറ്റുള്ളവര്‍ കരുതിയത്. എന്നാല്‍ നമുക്ക് അതിന് കഴിഞ്ഞു' അദ്ദേഹം പറഞ്ഞു.
വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ മെമ്മോറിയല്‍ ഫൗണ്ടേഷനും ന്യൂയോര്‍ക്ക് ആന്‍ഡ് ന്യൂജെഴ്‌സി പോര്‍ട്ട് അതോറിറ്റിയും സംയുക്തമായി സ്മാരകത്തിന്റെ വിപുലമായ പണിതുടങ്ങിയത് 2006 ആഗസ്തിലാണ്. പ്രധാനമായും മൂന്ന് ഭാഗങ്ങളാണ് സ്മാരകത്തിനുള്ളത്. ഒന്ന്, സന്ദര്‍ശകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കഴിയുന്ന 9/11 സ്മാരകം. രണ്ട്, ദുരന്തസ്ഥലത്ത് നിന്ന് ശേഖരിച്ച സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയം. മൂന്ന്, 1776 അടി പൊക്കമുള്ള ന്യൂ ഫ്രീഡം ടവര്‍.
9/11 സ്മാരകം
വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ സ്ഥിതിചെയ്തിരുന്ന 16 ഏക്കര്‍ സ്ഥലത്താണ് 9/11 സ്മാരകം പണിഞ്ഞിട്ടുള്ളത്. ഇവിടെ രണ്ടു വലിയ കൃത്രിമ വെള്ളച്ചാട്ടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇരട്ട ടവറുകളുടെ അടിത്തറകള്‍ക്കരികിലായുള്ള വെള്ളച്ചാട്ടങ്ങള്‍ നോര്‍ത്ത് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മനുഷ്യനിര്‍മിത വെള്ളച്ചാട്ടങ്ങളാണ്. ഓരോന്നിനും അരികിലായി ഒരേക്കര്‍ വിസ്തൃതിയില്‍ കൃത്രിമ തടാകവുമുണ്ട്. മിനിട്ടില്‍ 40,000 ഗാലണ്‍ വെള്ളം പമ്പ് ചെയ്യുന്നവയാണ് വെള്ളച്ചാട്ടങ്ങള്‍.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച 2003 മുതല്‍, 9/11 സ്മാരകത്തിന്റെ രൂപകല്‍പ്പനയ്ക്കായി അന്തര്‍ദ്ദേശീയ തലത്തില്‍ മത്സരം സംഘടിപ്പിച്ചിരുന്നു. അങ്ങനെ 63 രാജ്യങ്ങളില്‍ നിന്ന് അയച്ചു കിട്ടിയ 5300 എന്‍ട്രികളില്‍ നിന്ന് ഇസ്രേലി-അമേരിക്കന്‍ ആര്‍ക്കിടെക്ടായ മൈക്കല്‍ അരാഡിന്റെ 'പ്രതിബിംബിക്കുന്ന അസാന്നിധ്യം' ആണ് തിരഞ്ഞെടുക്കപ്പെട്ടത്. തടാകങ്ങളുടെ പുറംമതിലിനോട് ചേര്‍ന്നുള്ള അരഭിത്തിയില്‍ പിച്ചള തകിടുകളില്‍ രക്തസാക്ഷികളായ 2982 പേരുടെയും നാമങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്. പകല്‍സമയങ്ങളില്‍ ഈ ശിലാശാസനങ്ങള്‍ക്കിടയിലൂടെ നോക്കിയാല്‍ സന്ദര്‍ശകര്‍ക്ക് വെള്ളച്ചാട്ടം വീക്ഷിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് അതിന്റെ രൂപകല്‍പന. രാത്രികാലങ്ങളില്‍ ഇവ പ്രകാശത്തില്‍ വെട്ടിത്തിളങ്ങുകയും ചെയ്യും.
മരിച്ചവരുടെ പേരുകള്‍ ഏതു ക്രമത്തില്‍ കൊത്തിവെയ്ക്കണമെന്നത് ഒരു പ്രധാന പ്രശ്‌നമായിരുന്നു. ഇതിനും ഉപായം കണ്ടെത്തിയത് അരാഡാണ്. മരിച്ചവരില്‍ തമ്മിലറിയാവുന്നവരുടെ പേരുകള്‍ അടുത്തടുത്ത് എഴുതണമെന്നും ഈ വിഭാഗത്തില്‍ പെടാത്തവരുണ്ടെങ്കില്‍ അവരില്‍ അടുത്തടുത്ത് മരിച്ചു കിടന്നവരുടെ പേരുകള്‍ ഒരുമിച്ച് എഴുതണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. എന്നാലാദ്യം മരിച്ചവരുടെ പല ബന്ധുക്കളും ഇതിനോട് വിയോജിച്ചു. ക്രമമില്ലാതെ എഴുതുന്നതാണ് നല്ലതെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ രണ്ടുവര്‍ഷത്തിന് ശേഷം അരാഡിന്റെ നിര്‍ദ്ദേശം തന്നെയാണ് അധികൃതര്‍ അംഗീകരിച്ചത്.
സമ്മേളനങ്ങള്‍ക്കും പ്രത്യേക മതാനുഷ്ടാനങ്ങള്‍ക്കുമായി 'മെമ്മോറിയല്‍ ഗ്രോവ്' എന്ന പേരിലറിയപ്പെടുന്ന തുറസ്സായ സ്ഥലവുമുണ്ട്. അതിനുചുറ്റും ന്യൂയോര്‍ക്കിലും വാഷിങ്ങ്ടണിലും പെന്‍സില്‍വാലിയയിലും ഭീകരാക്രമണങ്ങളുണ്ടായ സ്ഥലങ്ങളിലുണ്ടായിരുന്ന ഇനത്തിലുള്ള 400 വൃക്ഷങ്ങളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇരട്ട ടവര്‍ ആക്രമണത്തെ അതിജീവിച്ച ഒരേയൊരു വൃക്ഷവും (വെളുത്ത ഓക്കുമരം) ഇവയിലുള്‍പ്പെടുന്നു.
ന്യൂയോര്‍ക്കിലെ നാഗരിക പരിസ്ഥിതിക്ക് വിപരീതമായി പ്രതീക്ഷയ്ക്കും ഓര്‍മപുതുക്കലിനും വഴിയൊരുക്കുന്ന ശാന്തമായ അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സിസ്റ്റത്തിലൂടെ അഡ്വാന്‍സ് പാസ് കരസ്ഥമാക്കിയ പൊതുജനങ്ങള്‍ക്കായി സപ്തംബര്‍ 12-ന് സ്മാരകം തുറന്നുകൊടുക്കും.
9/11 സ്മാരക മ്യൂസിയം
കൃത്രിമ തടാകങ്ങള്‍ക്ക് കീഴെയുള്ള 10,000 ചതുരശ്ര അടി സ്ഥലത്താണ് 9/11 സ്മാരക മ്യൂസിയം സ്ഥിതിചെയ്യുന്നത്. വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ നിലനിന്നിരുന്ന സ്ഥലത്ത് ഭൂമിക്കടിയിലായി ഏഴുനിലകളിലായിട്ടാണ് മ്യൂസിയം. ഇപ്പോഴും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന മ്യൂസിയം 2012 സപ്തംബറില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ഭീകരാക്രമണം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നത് കൂടാതെ ദുരന്തം അനുഭവിച്ചവരുടെ സംഭവവിവരണങ്ങളുടെ ദൃശ്യവത്കരണവും ഇവിടെയുണ്ടാകും. എക്‌സിബിഷനുകളും ദുരന്തത്തെ കുറിച്ച് ആഴത്തിലുള്ള അറിവ് പകരാന്‍ വേണ്ടി വിദ്യാഭ്യാസ പ്രോഗ്രാമുകളും ഇതിന്റെ ഭാഗമായി നടക്കും.
മ്യൂസിയത്തിലേക്കുള്ള പ്രവേശനകവാടത്തിന് സമീപമുള്ള പവലിയനില്‍ വേള്‍ഡ് ട്രെയ്ഡ് സെന്ററിന്റെ മൂന്നു ടവറുകളില്‍ രണ്ടെണ്ണത്തിന്റെ പ്രധാനഭാഗങ്ങളും വാസ്തുപണികളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒരു അഗ്നിശമനസേനാക്കാരന്റെ തകര്‍ന്ന ഹെല്‍മറ്റ്, പാതിനശിച്ച പഴ്‌സ്, വെന്തുകറുത്ത ഒരു പാവക്കുട്ടി, കത്തിയ ഷൂസുകള്‍, തുണികള്‍ തുടങ്ങി മരിച്ചവരുടെ നൂറുക്കണക്കിന് വസ്തുവകകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മരിച്ചവരില്‍ ചിലരുടെ വേദനനിറഞ്ഞ അന്ത്യനിമിഷങ്ങളെ കുറിച്ചുള്ള വിവരണങ്ങളും ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ ആദ്യം തീരുമാനമെടുത്തില്ല. എന്നാല്‍ ജീവിച്ചിരിക്കുന്ന അവരുടെ ബന്ധുക്കള്‍ക്ക് കൂടുതല്‍ വേദനയുളവാക്കുന്ന വിധത്തില്‍ അതിന്റെ ആവശ്യമില്ലെന്ന് പിന്നീട് തീരുമാനിച്ചു. മരിച്ച എല്ലാവരെയും സമരീതിയില്‍ സ്മരിക്കാനാണ് തീരുമാനമുണ്ടായത്.
2001 സപ്തംബര്‍ 11-ന് കൊല്ലപ്പെട്ടവരുടെയും 1993 ഫിബ്രവരി 26-ന് വേള്‍ഡ് ട്രെയ്ഡ് സെന്ററിലുണ്ടായ ബോംബാക്രമണത്തില്‍ മരിച്ചവരുടെയും ഓര്‍മകളെ ആദരിക്കാനാണ് സ്മാരക മ്യൂസിയം പണിഞ്ഞത്. ഈ ആക്രമണങ്ങളുടെ കഥ പറയുന്ന ചരിത്രപരമായ എക്‌സിബിഷനും ഉണ്ടാകും. ഈ സംഭവങ്ങളിലേക്ക് നയിച്ച ചരിത്രപശ്ചാത്തലങ്ങളെ കുറിച്ചും വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്. മരിച്ചവരുടെയെല്ലാം ഛായാചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഭയപ്പെടുത്തുകയോ വിഷമിപ്പിക്കുകയോ ചെയ്യാവുന്ന ചില പ്രദര്‍ശന വസ്തുക്കളെ പ്രത്യേക അറകളിലാണ് ഒരുക്കിയിരിക്കുന്നത്. അത് വീക്ഷിക്കണമോ വേണ്ടയോ എന്ന കാര്യം സന്ദര്‍ശകര്‍ക്ക് തന്നെ തീരുമാനിക്കാം. അല്‍ഖ്വെയ്ദ ഭീകരര്‍ ഹൈജാക്ക് ചെയ്ത വിമാനങ്ങള്‍ വന്നിടിച്ച് തീപിടിച്ച ടവറുകളില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം താഴേക്ക് ചാടിയവരുടെയും നിലംപതിച്ചവരുടെയും ഫോട്ടോകളും മറ്റും ഇവിടെയാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. (ഇവയില്‍ പലതും വലിയ മുന്നറിയിപ്പുകളോടെയാണ് നല്‍കിയിട്ടുള്ളത്.)
ഒരുവിമാനം ടവറിലിടിക്കുന്നതിന് തൊട്ടുമുമ്പ് വാവിട്ട് നിലവിളിക്കുകയും എന്തോ പറയാന്‍ ശ്രമിക്കുകയും ചെയ്ത വിമാനജീവനക്കാരിയുടെ ശബ്ദരേഖയും ഇവിടെയാണുള്ളത്. മരിച്ചവരില്‍ പലരുടെയും അന്ത്യനിമിഷങ്ങളിലുള്ള ശബ്ദരേഖകള്‍ തിരഞ്ഞെടുക്കുന്നതും ക്ലേശകരമായിരുന്നു. 911 എന്ന അടിയന്തര ഫോണ്‍ നമ്പറിലേക്ക് വിളിച്ച പരിഭ്രാന്തമായ പല കോളുകളും വേണ്ടെന്നു വെച്ചു. അത്രയ്ക്ക് ദു:ഖജനകമാണ് അവ.
വിമാനം റാഞ്ചിയ 19 അല്‍ഖ്വെയ്ദ ഭീകരരുടെയും ഫോട്ടോകളും കുറ്റവാളികള്‍ എന്ന പേരില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
സപ്തംബര്‍ 11 ഭീകരാക്രമണത്തിന് ശേഷം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുരിശിന്റെ ആകൃതിയിലുള്ള ഒരു ഇരുമ്പ് തൂണ്‍ കണ്ടെത്തിയിരുന്നു. അന്നുമുതല്‍ അത് തൊട്ടരികിലുള്ള കാത്തലിക് പള്ളിക്ക് വെളിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതിനെയും മ്യൂസിയത്തിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ അമേരിക്കയിലെ നിരീശ്വരവാദി സംഘം പ്രതിഷേധിക്കുകയും കേസ് കൊടുക്കുകയും ചെയ്തു. മ്യൂസിയം സര്‍ക്കാരിന്റെ സ്ഥലത്തായതുകൊണ്ടും സര്‍ക്കാര്‍ ധനസഹായത്താല്‍ പണിഞ്ഞതു കൊണ്ടും മതത്തിന്റെ അടയാളമായ കുരിശിനെ മ്യൂസിയത്തില്‍ ഉള്‍പ്പെടുത്തുമെന്ന തീരുമാനം യു.എസ് ഭരണഘടനയേയും സ്റ്റേറ്റിന്റെ പൗരാവകാശ നിയമങ്ങളെയും അതിലംഘിക്കുന്നു എന്നാണ് അവരുടെ വാദം.
വണ്‍ വേള്‍ഡ് ട്രേഡ് സെന്റര്‍
1776 അടി പൊക്കമുള്ള ഫ്രീഡം ടവറിന്റെ (ഇപ്പോള്‍ അറിയപ്പെടുന്നത് വണ്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ എന്നാണ്) പണിയും പുരോഗമിക്കുകയാണ്. 3.1 ബില്യണ്‍ ഡോളറാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. ദൃഢമായ കോണ്‍ക്രീറ്റിലും ഇരുമ്പിലും പണികഴിപ്പിക്കുന്ന ടവറിന് എട്ട് സമദ്വിഭുജമായ ത്രികോണങ്ങളുണ്ട്. ഇത് നടുവിലെത്തുമ്പോള്‍ പൂര്‍ണതയുള്ള അഷ്ടഭുജമാകും. ടവറിന്റെ 105-ാം നിലയില്‍ ഒരു നിരീക്ഷണ ഡെക്കും അതിനു മേലെയായി ചതുരശ്രാകൃതിയിലുള്ള ഒരു ഗ്ലാസ് പാരാപ്പെറ്റുമുണ്ടാകും. ഓഫീസ് റൂമുകളും, റസ്റ്റോറന്‍റുകളും, റീടെയ്ല്‍ സ്‌റ്റോറുകളും ടവറിലുണ്ടാകും. ഇപ്പോള്‍ 81-മത്തെ നിലയുടെ പണിയാണ് നടക്കുന്നത്. 2013 അവസാനം പൊതുജനങ്ങള്‍ക്ക് ടവര്‍ തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
പണി പൂര്‍ത്തിയാകുമ്പോള്‍ ലോകത്തെ ഏറ്റവും പൊക്കമുള്ള കെട്ടിടങ്ങളില്‍ മൂന്നാം സ്ഥാനം വണ്‍ വേള്‍ഡ് ട്രേഡ് സെന്ററിന് ലഭിക്കും. (ബുര്‍ജ് ഖാലിഫയ്ക്കും മെക്കാ റോയല്‍ ഹോട്ടല്‍ ടവറിനും താഴെ). അമേരിക്കയിലെ ഏറ്റലും പൊക്കമുള്ള കെട്ടിടം ഇതായിരിക്കും. ഇപ്പോളത് ഷിക്കാഗോയിലെ വില്ലിസ് ടവറാണ്.
11-ന് നടക്കുന്ന മഹാസമ്മേളനത്തില്‍ ഒബാമയ്‌ക്കൊപ്പം മുന്‍പ്രസിഡന്റ് ജോര്‍ജ്ജ് ബുഷും പങ്കെടുക്കും. മരിച്ചവരുടെ പേരുകള്‍ ഉറക്കെ വായിക്കും. അവര്‍ക്കായി വിവിധമത പ്രാര്‍ത്ഥനകള്‍ നടക്കും. കവിതാപാരായണം ഉണ്ടാകും. ബന്ധുക്കളുടെ അനുസ്മരണങ്ങളുണ്ടാകും. ദുരന്തത്തെ അതിജീവിച്ചവരുടെ സ്മരണകളുണ്ടാകും. പുതിയ വേള്‍ഡ് ട്രേഡ് സെന്റര്‍ പ്രതീക്ഷയുടെയും പ്രാര്‍ത്ഥനയുടെയും അതിജീവിനത്തിന്റെയും എക്കാലത്തെയും സ്മാരകമായി നിലകൊള്ളും, തീര്‍ച്ച.