പിരിയാത്ത നിഴല്‍ക്കൂട്ട്
അടൂര്‍ ഗോപാലകൃഷ്ണന്‍ Posted on: 23 Nov 2010

'സ്വയംവര'ത്തിന്റെ തിരക്കഥ തയ്യാറാക്കി ബൈന്‍ഡ് ചെയ്ത് മദിരാശിയിലുള്ള മങ്കട രവിവര്‍മ എന്ന പ്രതിഭയ്ക്ക് രജിസ്റ്റര്‍ ചെയ്തയച്ച് മറുപടിക്കായി കാത്തിരുന്ന ദിനങ്ങള്‍. 'സ്വയംവര'ത്തിന് ക്യാമറ ചലിപ്പിക്കാന്‍ മങ്കടയെ ക്ഷണിച്ചത് അങ്ങനെയായിരുന്നു. അധികം വൈകാതെ മറുപടിവന്നു- ''മലയാളത്തില്‍ നല്ലൊരു സിനിമ ഉണ്ടാകാന്‍ പോകുന്നു. ഇതില്‍ പങ്കാളിയാകാന്‍ കഴിയുന്നതില്‍ സന്തോഷം.'' അങ്ങനെ നിഴലുപോലെ ഒരുമിച്ചതാണ് ഞങ്ങള്‍.
മൂന്നുപതിറ്റാണ്ട് നീണ്ട സുദീര്‍ഘമായ കൂട്ടുകെട്ടായിരുന്നു ഞങ്ങളുടേത്. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇങ്ങനെയൊന്ന് ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. ഒന്‍പത് കഥാചിത്രങ്ങള്‍, അത്രയുംതന്നെ ഡോക്യുമെന്ററികള്‍. സ്‌നേഹവും സൗഹൃദവും നിറഞ്ഞൊരു കൂട്ടുകെട്ടിന്റെ സൃഷ്ടികളായിരുന്നു അവയെല്ലാം. പുണെയില്‍ സിനിമാ വിദ്യാര്‍ഥിയായിരുന്ന കാലംതൊട്ടേ രവിയേട്ടനെക്കുറിച്ച് ഏറെ കേട്ടിരുന്നു. 1965-ല്‍ ആലുവയില്‍ നടന്ന എഴുത്തുകാരുടെ ഒരു അഖിലേന്ത്യാ ക്യാമ്പില്‍വെച്ചാണ് അദ്ദേഹത്തെ ആദ്യമായി നേരിട്ടു കാണുന്നത്. പക്ഷേ ഞങ്ങള്‍ക്കിടയില്‍ നല്ലൊരു ബന്ധമുണ്ടാവാന്‍ പിന്നെയും കാലമെടുത്തു. 'സ്വയംവര'ത്തോടെ ബന്ധം ദൃഢമായി.
ഏഴുവര്‍ഷങ്ങളുടെ നീണ്ട ഇടവേളയ്ക്ക് ശേഷം 'നിഴല്‍ക്കുത്തി'ന്റെ നിര്‍മാണം ആസൂത്രണം ചെയ്യുകയായിരുന്നു ഞാന്‍. മദിരാശിയിലെ ഫ്‌ളാറ്റിലെത്തി നേരിട്ടു കാണുമ്പോള്‍ അനാരോഗ്യത്താല്‍ അവശനാണ് താനെന്ന് രവിയേട്ടന്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. അത് കേള്‍ക്കാത്ത മട്ടില്‍ ഷൂട്ടിങ്ങിനുള്ള തയാറെടുപ്പുകളെപ്പറ്റിയാണ് ഞാന്‍ സംസാരിച്ചത്. ''നമുക്കിനി ഒരുമിച്ച് തുടരാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ഈ പടത്തിലേക്ക് മറ്റൊരാളെ വിളിച്ചോളൂ. ഒരു മുഴുനീളചിത്രം ചെയ്യാനുള്ള ആരോഗ്യസ്ഥിതി എന്നില്‍ ശേഷിപ്പില്ല''-അദ്ദേഹം തുറന്നു പറഞ്ഞു. അതൊന്നും പറഞ്ഞാല്‍ പറ്റില്ലെന്നും ഇതിലേക്ക് മറ്റൊരാളെ വിളിക്കാന്‍ പോകുന്നില്ലെന്നും ഞാന്‍. ഒടുവില്‍ എന്റെ വാശി ജയിച്ചു. ലൊക്കേഷനിലെത്തിയപ്പോള്‍ ശാരീരിക അവശതകളെല്ലാം ഓടിമറഞ്ഞു. ചെറുപ്പക്കാരെപ്പോലും അസൂയപ്പെടുത്തുന്ന ഊര്‍ജം പ്രസരിപ്പിച്ച് രാവുംപകലും തുടര്‍ച്ചയായി പ്രവര്‍ത്തിച്ച് അദ്ദേഹം 'നിഴല്‍ക്കുത്ത' ിന് ജീവന്‍ പകര്‍ന്നു. ഒരുപക്ഷേ ഛായാഗ്രാഹകന്‍ എന്ന നിലയില്‍ രവിയേട്ടന്റെ ഏറ്റവും മികച്ച ചിത്രം നിഴല്‍ക്കുത്താണെന്നുവേണം കരുതാന്‍.
എന്താണ് ഞങ്ങളുടെ ഈ ദീര്‍ഘ സൗഹൃദത്തിന് കാരണമെന്ന് പലരും കൗതുകപൂര്‍വം ആരായാറുണ്ട്. അപ്പോഴൊക്കെ ഞാന്‍ പറയും, ഞങ്ങള്‍ ഏതാണ്ട് ഒരുപോലെ ചിന്തിക്കുന്നതുകൊണ്ടായിരിക്കാം എന്ന്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം രൂപം മാറിയ രംഗങ്ങള്‍ എന്റെ ചിത്രങ്ങളില്‍ നിരവധിയാണ്. ടൗണ്‍ ബസ്സില്‍ മാത്രം സഞ്ചരിച്ചും സസ്യാഹാരം കഴിച്ചും ലളിത ജീവിതം നയിച്ച ഋഷിതുല്യനായിരുന്നു രവിയേട്ടന്‍.