മലയാള സിനിമയുടെ ദൃശ്യശില്‌പി
കെ.എ.ജോണി Posted on: 23 Nov 2010

ചെന്നൈ: 2007-ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടപ്പോഴാണ് മങ്കട രവിവര്‍മ ചെന്നൈയിലുണ്ടെന്ന കാര്യം പല മലയാളി സംഘടനകളും അറിഞ്ഞത്. പുരസ്‌കാരലബ്ധിയില്‍ അഭിനന്ദിക്കാന്‍ സംഘടനകള്‍ മുന്നോട്ടുവന്നെങ്കിലും വലിയൊരു 'നോ' പറഞ്ഞുകൊണ്ട് മങ്കട പിന്നാമ്പുറത്തുതന്നെ നിന്നു.
ആള്‍ക്കൂട്ടങ്ങളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും എപ്പോഴും ഒഴിഞ്ഞുമാറിയ മങ്കട പക്ഷേ, ചെന്നൈയിലെ വലിയൊരു കൂട്ടായ്മയില്‍ ആദ്യവസാനക്കാരനായിരുന്നു. എം. ഗോവിന്ദനുമായുള്ള ഈ സൗഹൃദമാണ് ലോക സിനിമയുടെ വാതിലുകള്‍ തനിക്കുമുന്നില്‍ തുറന്നിട്ടതെന്ന് മങ്കടതന്നെ പിന്നീടെഴുതിയിട്ടുണ്ട്. മലയാളസിനിമയ്ക്ക് പുതിയൊരു ഭാഷ്യം നല്കുന്നതില്‍ അടൂര്‍ ഗോപാലകൃഷ്ണനൊപ്പം നിര്‍ണായക പങ്ക് വഹിച്ച മങ്കടയുടെ വഴികളില്‍ ഗോവിന്ദന്റെ ധിഷണാപരമായ ഇടപെടലുകളുടെ പ്രകാശം ഊറിനിന്നു.
ക്യാമറ മങ്കടയ്ക്ക് ചിത്രകാരന്റെ കൈയിലെ ബ്രഷ് പോലെയായിരുന്നു. 'എലിപ്പത്തായ'ത്തില്‍ കളര്‍ ഫ്രെയിമുകളുടെ അപാരതയിലേക്ക് കടക്കുംവരെ കറുപ്പിലും വെളുപ്പിലും മങ്കട തീര്‍ത്ത ദൃശ്യഗോപുരങ്ങള്‍ മലയാളസിനിമയുടെ അനിതരസാധാരണമായൊരു കാലഘട്ടത്തിന്റെ തിരുശേഷിപ്പുകളാണ്.
ഗോവിന്ദന്റെ 'സമീക്ഷ'യില്‍ സിനിമയെക്കുറിച്ച് മങ്കട എഴുതിയ ലേഖനമാണ് അടൂരിനെ ആദ്യമായി മങ്കടയിലേക്കെത്തിക്കുന്നത്. തന്റെ ആദ്യസിനിമയായ 'സ്വയംവര'ത്തിന്റെ തിരക്കഥ അടൂര്‍ ആദ്യം നല്കിയത് മങ്കടയ്ക്കായിരുന്നു. പിന്നീടങ്ങോട്ട് അടൂരിന്റെ ഓരോ സിനിമയുടെയും തിരക്കഥ ആദ്യം വായിച്ചിരുന്നത് മങ്കടയായിരുന്നു.
മലയാള സിനിമയെ ആദ്യമായി സ്റ്റുഡിയോയുടെ 'ഠ' വട്ടത്തില്‍നിന്ന് 'ഓളവും തീരവും' എന്ന സിനിമയിലൂടെ പി.എന്‍. മേനോന്‍ പുറത്തെത്തിച്ചപ്പോള്‍ ഛായാഗ്രാഹകന്‍ മങ്കടയായിരുന്നു. കല്ലായിപ്പുഴയുടെ വശ്യത ഇത്ര മനോഹരമായി മറ്റൊരു ക്യാമറാമാന്‍ പകര്‍ത്തിയിട്ടുണ്ടോയെന്നത് സംശയമാണ്.
2002-ല്‍ അടൂരിന്റെ 'നിഴല്‍ക്കുത്തി'ന് ക്യാമറ ചലിപ്പിക്കുമ്പോള്‍ മങ്കട കൂടെ ഒരാളെ നിര്‍ത്തി. ഇടയ്‌ക്കെപ്പോഴെങ്കിലും വയ്യെന്നു തോന്നിയാല്‍ സിനിമ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഒരാള്‍ വേണമെന്ന് മങ്കടയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് സണ്ണി ജോസഫ് നിഴല്‍ക്കുത്തില്‍ മങ്കടയ്‌ക്കൊപ്പമെത്തിയത്.
1960-കളില്‍ ഫിലിംസ് ഡിവിഷന്‍ ഓഫ് ഇന്ത്യയിലെ ജോലിയും ഛായാഗ്രഹണത്തിലുള്ള തീവ്രമായ അഭിനിവേശവുമായി ജീവിതം ഒരു പോരാട്ടംപോലെ മുന്നോട്ടുകൊണ്ടുപോയതിനെക്കുറിച്ച് മങ്കട ചിലപ്പോഴെങ്കിലും ഏറ്റവുമടുത്ത ചില സുഹൃത്തുക്കളോട് മനസ്സുതുറന്നിട്ടുണ്ട്.
ഒരു സിനിമ എടുക്കണമെന്ന് മങ്കട തീരുമാനിച്ചപ്പോള്‍ അത് എം.ഗോവിന്ദനുള്ള സ്‌നേഹാര്‍പ്പണമായി. 1983-ല്‍ ഗോവിന്ദന്റെ കവിതയെ ആസ്പദമാക്കി മങ്കട എടുത്ത 'നോക്കുകുത്തി' അദ്ദേഹത്തിന് ആ വര്‍ഷത്തെ ഏറ്റവും മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാനഅവാര്‍ഡും ദേശീയതലത്തില്‍ സ്‌പെഷല്‍ജൂറി പുരസ്‌കാരവും നേടിക്കൊടുത്തു.മലയാളസിനിമയുടെ വ്യാകരണമെന്നുതന്നെ പറയാവുന്ന 'ചിത്രം ചലച്ചിത്രം' പിറന്നത് മങ്കടയുടെ തൂലികയില്‍നിന്നായിരുന്നു. ക്യാമറയെന്നപോലെ പേനയും അദ്ദേഹത്തിനു വഴങ്ങി.
സിനിമയോടുള്ള മങ്കടയുടെ സമര്‍പ്പണം പൂര്‍ണമായിരുന്നു. അതിനുമുന്നില്‍ വിവാഹംപോലെയുള്ള നിത്യജീവിതവ്യവഹാരങ്ങള്‍ അദ്ദേഹം മറന്നുപോയി. ഒരു അന്വേഷകന്റെ മനസ്സോടെ സിനിമയുടെ ഭൂഖണ്ഡങ്ങളിലൂടെ മങ്കട സഞ്ചരിച്ചുകൊണ്ടേയിരുന്നു.