Mathrubhumi Logo
  santha devi

സങ്കടങ്ങളുടെ വേഷപ്പകര്‍ച്ച

Posted on: 21 Nov 2010

കോഴിക്കോട്: ഏകാന്തവാര്‍ധക്യത്തിന്റെ സങ്കടങ്ങളിലൊടുങ്ങിയ ശാന്താദേവിയുടെ ജീവിതം വെള്ളിത്തിരയിലെ അവരുടെ വേഷങ്ങളുടെ തനി ഛായയുള്ളതായിരുന്നു. ജീവിതത്തിലെപ്പോഴും കൂട്ടായിരുന്ന സങ്കടങ്ങളുടെ ചുമലില്‍ കൈവച്ചാണ് അവര്‍ മരണത്തിലേക്കു നടന്നുപോയത്. അവസാനകാലത്ത് വൃദ്ധസദനത്തിന്റെ തണല്‍ പറ്റിയുള്ള ജീവിതം ഒരു ദുഃഖവേഷംപോലെ അവര്‍ അഭിനയിച്ചുതീര്‍ത്തു.

വേദനകള്‍ മറയ്ക്കുന്ന കടുംനിറങ്ങളുള്ള സാരി ചുറ്റി കോഴിക്കോട്ടെ സാംസ്‌കാരിക വേദികളിലെല്ലാം വേച്ചുവേച്ചാണെങ്കിലും കയറിയിറങ്ങുമ്പോഴും കൈ പിടിച്ചു നടത്താന്‍ ഉറ്റവരില്ലാത്തത് ശാന്താദേവിയെ ഏറെ സങ്കടപ്പെടുത്തിയിരുന്നു. എങ്കിലും നാടകത്തിലെയും സിനിമയിലെയും പഴയ സഹപ്രവര്‍ത്തകരെ കാണുമ്പോള്‍ ശാന്താദേവി സ്‌നേഹത്തോടെ കെട്ടിപ്പിടിച്ചു. കെ.ടി. മുഹമ്മദിന്റെ കൂടെ നാടകരംഗത്തുണ്ടായിരുന്നവര്‍ ഒന്നിച്ചുചേര്‍ന്ന ഒരു വേളയില്‍ ''ഞാനൊരു പാട്ടു പാടട്ടേ'' എന്ന് സംഘാടകരോട് അനുവാദം ചോദിച്ച് അവര്‍ സ്റ്റേജില്‍ കയറി പാടി. ''ഈറനുടുത്തുംകൊണ്ടമ്പരം ചുറ്റുന്ന'' എന്ന ഗാനം വിതുമ്പലോടെ അവസാനിപ്പിച്ച് അന്ന് ശാന്താദേവി വേദി വിട്ടു.

ഉറ്റവരെല്ലാം പലവഴി പോയതോടെ വീട്ടില്‍ അവര്‍ തനിച്ചായി. മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ വിലപ്പെട്ട പലതും നല്ലളത്തെ വീട്ടില്‍ മാറാല പിടിച്ചുകിടന്നു. അവിടെ പലപ്പോഴും അതേപോലെ ആര്‍ക്കുംവേണ്ടാതെ ആ അമ്മയും രോഗഗ്രസ്തയായി കിടന്നു. കോഴിക്കോട്ടെ നല്ല മനുഷ്യരില്‍ ചിലര്‍ അവര്‍ക്കുവേണ്ടി ചികിത്സയും ശുശ്രൂഷിക്കാന്‍ ആളെയുമൊരുക്കാന്‍ മുന്നിട്ടിറങ്ങി. എന്നിട്ടും ഒടുവില്‍ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ അന്തേവാസിയാകേണ്ടിവന്നു. അവിടത്തെ അശരണര്‍ക്ക് വെള്ളിത്തിരയിലെ ശാന്താദേവിയെ ഓര്‍മയുണ്ടായിരുന്നു. അവര്‍ പകര്‍ന്ന സ്‌നേഹവും ബഹുമാനവുമാണ് ആ അമ്മ ഒടുവില്‍ അനുഭവിച്ച ആനന്ദം.

ജീവിതത്തില്‍ ശാന്താദേവി താരമോ തമ്പുരാട്ടിയോ ആയിരുന്നില്ല. ജീവിതത്തിലില്ലാത്തതൊന്നും അഭിനയത്തിലും അവരെത്തേടി വന്നില്ല. അവസാനകാലംവരെ, തന്നെ ഇനിയും വേഷങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്ന് അവര്‍ വിശ്വസിച്ചു. വീട്ടില്‍നിന്ന് ആസ്​പത്രിയിലേക്ക് മാറ്റാനെത്തിയവരോട് അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു: ''സിനിമയില്‍നിന്ന് ആരെങ്കിലും വിളിക്കും. ഞാനിവിടെ ഇല്ലെങ്കില്‍ ശരിയാവില്ല.'' നിസ്സഹായനായ മകന്റെ നിസ്സഹായയായ അമ്മയായിരുന്നു പല സിനിമകളിലും അവര്‍. മറിച്ചൊരു വേഷം കൊടുക്കാന്‍ ജീവിതത്തിനുമായില്ല.



ganangal
santhadevi
santhadevi-photos....

വീഡിയോ

--------------------------------------------- More Videos

Discuss