അരങ്ങില്‍ ശാന്താദേവി അണിയറയില്‍ ദമയന്തി
Posted on: 21 Nov 2010

വീട്ടിലെ ഏഴാമത്തെ കുഞ്ഞുപിറന്നപ്പോള്‍ ദന്തിയെന്ന് വിളിപ്പേരിട്ടു. സ്‌കൂളില്‍ ദമയന്തിയെന്നു പേര് ചേര്‍ത്തു. വീട്ടിലെ പത്തുമക്കള്‍ക്കിടയില്‍ രാജകീയമായ കുട്ടിക്കാലം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം അത്രകണ്ട് പ്രോത്സാഹിപ്പിക്കാതിരുന്ന മേനോന്‍ സമുദായത്തില്‍നിന്ന് എട്ടാംതരം പാസായി. അന്നത്തെ വലിയ വിദ്യാഭ്യാസം.
കോഴിക്കോട് പോലീസ് സൂപ്രണ്ട് ഓഫീസിലെ ഹെഡ് ക്ലര്‍ക്കായ അച്ഛന്‍ കണ്ണക്കുറുപ്പിന് പിന്നീട് കടംകയറി വീടും ആസ്തിയും വില്‍ക്കേണ്ടിവന്നിട്ടും പ്രതാപത്തിന് ഒട്ടും കുറവുണ്ടായില്ല. അമ്മാവന്റെ മകന്‍ റെയില്‍വേയില്‍ ഗാര്‍ഡ് ആയ ബാലകൃഷ്ണനുമായി വിവാഹം കഴിഞ്ഞ് തമിഴ്‌നാട്ടിലേക്ക് താമസമാക്കിയപ്പോഴും കഷ്ടപ്പാടുകള്‍ അത്ര അറിഞ്ഞിരുന്നില്ല.
ഇതിനിടയില്‍ ഒരു പെണ്‍കുട്ടി ജനിച്ചെങ്കിലും ചെറുപ്പത്തിലേ പൊലിഞ്ഞു. പിന്നീട് കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം. അവിടെ വെച്ച് രണ്ടാമത് ഒരാണ്‍കുഞ്ഞു പിറന്നു. സുരേഷ്.
മകന് രണ്ടുമാസം പ്രായമുള്ളപ്പോഴാണ് ദമയന്തിയുടെ ജീവിതത്തില്‍ ആദ്യ തിരിച്ചടി എത്തിയത്. കൈക്കുഞ്ഞായ മകനെയും ഭാര്യയെയും ഉപേക്ഷിച്ച് ഭര്‍ത്താവ് ബോംബെയിലേക്ക് നാടുവിട്ടു. ഭര്‍ത്താവുപേക്ഷിച്ച് അത്താണിയില്ലാതെ അമ്മയ്ക്കും കുഞ്ഞിനും സഹായ ഹസ്തവുമായെത്തിയതാണ് കുടുംബസുഹൃത്തായ ലെസ്‌ലി ആന്‍ഡ്രൂസ് എന്ന അബ്ദുല്‍ ഖാദര്‍. വീട്ടില്‍ കഷ്ടപ്പെടുന്ന ദമയന്തിയോടു തോന്നിയ സഹാനുഭൂതിയില്‍ അല്ലലില്ലാതെ ജീവിക്കാന്‍ നാടകം വഴിയാകുമെന്ന് കാട്ടിക്കൊടുത്തു അബ്ദുള്‍ ഖാദര്‍. ദമയന്തിയില്‍ നിന്ന് കോഴിക്കോട് ശാന്താദേവിയിലേക്കുള്ള ചുവടുമാറ്റം അവിടെയായിരുന്നു. നാടകത്തിലെത്തിയപ്പോള്‍ അബ്ദുള്‍ഖാദര്‍ ദമയന്തിക്ക് പേരിട്ടു ശാന്താദേവി.
തുടക്കത്തില്‍ ദേശപോഷിണി വായനശാലയുടെ ഒട്ടേറെ നാടകങ്ങളില്‍ ശാന്താദേവി വേഷമിട്ടു. കെ.ടി. മുഹമ്മദ്, തിക്കോടിയന്‍, പി.ജെ. ആന്റണി തുടങ്ങിയവരുടെ പല നാടകങ്ങളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കെ.ടി.യുടെ 'ഇത് ഭൂമിയാണ്', 'കാഫര്‍', മുഹമ്മദ് യൂസഫിന്റെ 'കണ്ടംബെച്ച കോട്ട്', തിക്കോടിയന്റെ 'പരകായപ്രവേശം' തുടങ്ങിയ പല പ്രശസ്ത നാടകങ്ങളിലും ശാന്താദേവി പ്രധാനവേഷങ്ങളണിഞ്ഞു. 'ഇഫ്‌രിയത്ത് രാജ്ഞി'യിലെ വേഷം ഏറെ ശ്രദ്ധനേടി. പുരസ്‌കാരവും കിട്ടി.
രാമു കാര്യാട്ടിന്റെ 'മിന്നാമിനുങ്ങ്' ആണ് ആദ്യചലച്ചിത്രം. അശ്വമേധം, കുട്ടിക്കുപ്പായം, ഇരുട്ടിന്റെ ആത്മാവ്, നിര്‍മാല്യം, കമലദളം, നാരായം തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത അവര്‍ സിനിമകളില്‍ പാടിയിട്ടുമുണ്ട്. ആകാശവാണിയിലെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു.
'മാനസി' എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ രംഗത്തു പ്രവേശിച്ച ശാന്താദേവി ഒട്ടേറെ പരമ്പരകളിലും അഭിനയിച്ചു.