Mathrubhumi Logo
  santha devi

വിഷാദ ചിത്രമായി അമ്മമനസ്സ്‌

Posted on: 21 Nov 2010

മലയാള സിനിമയിലെ അമ്മവേഷങ്ങള്‍ മിക്കപ്പോഴും ദാരിദ്ര്യത്തിന്റെ കരിനിഴല്‍ വീണുള്ളതാണ്. അറുപതുകളിലെ കാര്യം പറയേണ്ടതുമില്ല. അക്കാലത്ത് അമ്മവേഷം കെട്ടിക്കൊണ്ട് അഭ്രപാളികളിലേക്കെത്തിയ ശാന്താദേവിയുടെ ജീവിതം തന്നെ കണ്ണീരില്‍ കുതിര്‍ന്നതാണ്.

ജീവിതത്തിന്റെ ആദ്യ ഘട്ടത്തിലല്ലാതെ സ്ഥായിയായ ആഹ്ലാദം അനുഭവിക്കാന്‍ അവര്‍ക്ക് യോഗമില്ലായിരുന്നു. സമ്പന്നമായ തറവാട്ടിലായിരുന്നു ജനനം. പ്രതാപശാലിയായ അച്ഛന്റെ തണലില്‍ ജീവിച്ച ആഹ്ലാദകരമായ കുട്ടിക്കാലത്തിന് ഏറെ ആയുസ്സുണ്ടായില്ല. സമ്പത്ത് നഷ്ടമായതോടെ വാടകവീട്ടിലേക്ക് മാറേണ്ടിവന്നു. അക്കാലത്തു നടന്ന വിവാഹത്തിനും പൊലിമയുണ്ടായില്ല. വിവാഹശേഷമാണ് ജീവിതത്തിന്റെ കയ്പുനീര്‍ കുടിക്കേണ്ടിവന്നത്. ഒരു മകന്‍ പിറന്നശേഷം ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടു.



അയല്‍വാസിയായ കോഴിക്കോട് അബ്ദുള്‍ഖാദറുമായുള്ള അടുപ്പമാണ് അവരെ കലാരംഗത്ത് എത്തിച്ചത്. കോഴിക്കോട് ദേശപോഷിണി പോലുള്ള നാടക ട്രൂപ്പുകള്‍ സജീവമായിരുന്ന കാലം. നെല്ലിക്കോട് ഭാസ്‌കരനുവേണ്ടി ഒരു നാടകം രചിക്കാന്‍ വാസുപ്രദീപിനെ ചുമതലപ്പെടുത്തുന്നു. കോഴിക്കോട് അബ്ദുള്‍ഖാദറും ബാബുരാജും സ്ഥിരമായി മിഠായിത്തെരുവിലുള്ള വാസുപ്രദീപിന്റെ പ്രദീപ് ആര്‍ട്‌സില്‍ എത്തുമായിരുന്നു. ശാന്താദേവിയുടെ ദുരവസ്ഥ അറിയാമായിരുന്ന അബ്ദുള്‍ഖാദര്‍ അവര്‍ക്കും ഒരു വേഷം നല്കാന്‍ അഭ്യര്‍ഥിച്ചു. അത് പുതിയൊരു തുടക്കമായി.

ശരിക്കുപറഞ്ഞാല്‍ പ്രശസ്തിയിലേക്കുള്ള കാല്‍വെപ്പ്. പക്ഷേ, അന്നത്തെ കലാകാരന്മാര്‍ക്ക് സമ്പാദ്യം നന്നേ കുറവായിരുന്നു. കിട്ടുന്ന കാശുകൊണ്ട് പ്രാരബ്ധം തീരാത്ത അവസ്ഥ. സിനിമയില്‍ അഭിനയിച്ചു തുടങ്ങിയപ്പോഴും സ്ഥിതിയില്‍ വലിയ മാറ്റമൊന്നുമുണ്ടായില്ല. അതിനിടെ രക്ഷകനായ കോഴിക്കോട് അബ്ദുള്‍ഖാദറിന്റെ രണ്ടാം ഭാര്യയുമായി. ആ ബന്ധത്തിലാണ് പിന്നീട് ബാലനടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ച സത്യജിത്ത് (ചിത്രം: അച്ചാണി) പിറന്നത്. അബ്ദുള്‍ഖാദറിന്റെ മരണത്തോടെ രണ്ടാം ദാമ്പത്യവും ഇല്ലാതായി.
30 വര്‍ഷത്തിലേറെക്കാലം സിനിമയില്‍ അമ്മവേഷമണിഞ്ഞു. സത്യന്റെയും പ്രേംനസീറിന്റെയും അമ്മയായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടു. പില്ക്കാലത്ത് ജയന്‍, സുകുമാരന്‍, സോമന്‍ എന്നിവരുടെ തലമുറയിലുള്ളവരുടെയും മോഹന്‍ലാല്‍, മമ്മൂട്ടി തലമുറയിലുള്ളവരുടെയും അമ്മയായി. മിക്കവാറുമെല്ലാ വേഷങ്ങളും ദരിദ്രയായ അമ്മയുടെതായിരുന്നു. ആ വേഷങ്ങളില്‍ അവര്‍ക്ക് അഭിനയിക്കേണ്ടിവന്നില്ല. ക്യാമറയ്ക്കു മുന്നിലും ജീവിക്കാവുന്ന അവസ്ഥയിലായിരുന്നു അവര്‍.

ജീവിതത്തെ പുതിയൊരു തലത്തിലേക്കുയര്‍ത്താവുന്ന പ്രതിഫലമൊന്നും അമ്മവേഷക്കാര്‍ക്ക് കിട്ടിയിരുന്നില്ല. അതിനിടെ, മകന്‍ സത്യജിത്തിനെയും അവര്‍ക്കു നഷ്ടമായി. ബാലനടനെന്ന നിലയില്‍ അവാര്‍ഡ് ലഭിച്ചിട്ടും സത്യജിത്തിനെ സിനിമയില്‍ ഭാഗ്യം തുണച്ചില്ല. ജീവിതയാഥാര്‍ഥ്യങ്ങളെ നേരിടാന്‍ പട്ടാളത്തില്‍ ചേര്‍ന്നു. പക്ഷേ, കലാകാരനെ എവിടെയും തളച്ചിടാന്‍ കഴിയില്ലെന്ന അവസ്ഥ സത്യജിത്തിനെ വീണ്ടും കോഴിക്കോട്ടെത്തിച്ചു. പിതാവിന്റെ കാല്പാടുകള്‍ പിന്തുടര്‍ന്ന് ഗായകനാകാനുള്ള ശ്രമവും വിജയിച്ചില്ല. ഒടുവില്‍ ഭാര്യയുടെ അസുഖംകൂടി താങ്ങാനാകാതെ മാനസികമായി തകര്‍ന്ന് അകാലത്തില്‍ മരണം വരിച്ചു. അതു ശാന്താദേവിയുടെ ജീവിതത്തില്‍ മറ്റൊരു ആഘാതമായി മാറി.

സിനിമയിലേക്ക് ഗ്ലാമറുള്ള അമ്മമാര്‍ എത്തിത്തുടങ്ങിയതോടെ ശാന്താദേവിയുടെ അവസരങ്ങളും കുറഞ്ഞു.ഒരു സിനിമാതാരത്തെപ്പോലല്ല, അവരെ പിന്നീട് കോഴിക്കോട്‌തെരുവുകളില്‍ കണ്ടത്. പിഞ്ഞിക്കീറിയ സാരിയും ആഭരണക്കാരുടെ പരസ്യങ്ങളുള്ള വാനിറ്റി ബാഗുമായി നടന്നുനീങ്ങുന്ന ശാന്താദേവിയുടെ കൈയില്‍ ബസ് കയറാനുള്ള കാശുപോലും പലപ്പോഴുമുണ്ടായിരുന്നില്ല. ആരുടെയൊക്കെയോ കനിവുമായി കാലം കഴിച്ചുകൂട്ടാനായിരുന്നു വിധി. ഒടുവില്‍ അനാഥയെപ്പോലെ വൃദ്ധമന്ദിരത്തിലുമെത്തി. അവിടെനിന്ന് ആസ്​പത്രിലെത്തുമ്പോഴേക്കും അവര്‍ക്കു നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകിട്ടിയെന്ന് ആശ്വസിക്കാം. അതെ, അവസാന ദിവസങ്ങളില്‍ മകനും സഹോദരിയും കൂടെയെത്തി. സര്‍ക്കാറും സിനിമയിലെ സുഹൃത്തുക്കളും സഹായവുമായെത്തി. പക്ഷേ, ആദ്യകാലത്തെപ്പോലെ സന്തോഷിച്ചുകഴിയാന്‍ ഒരു ജീവിതംമാത്രം അവര്‍ക്കില്ലാതായിപ്പോയി. വെള്ളിത്തിരയിലെ ഒരു ദുഃഖകഥാപാത്രമായ അമ്മയെപ്പോലെ അവര്‍ ജീവിതത്തോട് വിട പറഞ്ഞു.




ganangal
santhadevi
santhadevi-photos....

വീഡിയോ

--------------------------------------------- More Videos

Discuss