അനുഭവം കരുത്താക്കിയ കഥാപാത്രങ്ങള്‍
Posted on: 21 Nov 2010

അരങ്ങിലും അഭ്രപാളികളിലുമായി ഒട്ടനേകം കഥാപാത്രങ്ങളെ അവര്‍ അവതരിപ്പിച്ചു. 'കേരള കഫേ' യില്‍ ദരിദ്രാവസ്ഥയില്‍ മകനാല്‍ ഉപേക്ഷിക്കപ്പെട്ട അമ്മയുടേത്, ജീവിതത്തിന്റെ അവസാനനാളുകളില്‍ അവര്‍ക്കു നേരിടേണ്ടിവന്ന അവസ്ഥയായെന്നതു വിധി വൈപരീത്യം.
ജീവിതത്തില്‍ നേരിട്ട അനുഭവങ്ങള്‍തന്നെയാണ് ശാന്താദേവി ജീവന്‍ നല്കിയ കഥാപാത്രങ്ങളിലും കണ്ടത്. 'കേരള കഫേ' ഒടുവിലത്തെ ഉദാഹരണം. രാമുകാര്യാട്ടിന്റെ 'മിന്നാമിനുങ്ങി'ലൂടെ സിനിമയിലെത്തിയ ശാന്താദേവി, രണ്ടാമത്തെ സിനിമയില്‍ പ്രേംനസീറിന്റെ അമ്മയായി. എം.ടി. വാസുദേവന്‍ നായരുടെ 'ഇരുട്ടിന്റെ ആത്മാവി'ലാണിത്.
ഇതേത്തുടര്‍ന്ന് പല മികച്ച കഥാപാത്രങ്ങളും ശാന്താദേവിയുടെ കയ്യില്‍ ഭദ്രമാണെന്ന തോന്നല്‍ സിനിമാ ലോകത്തുണ്ടായി. 'കുഞ്ഞാലിമരക്കാര്‍' എന്ന സിനിമയിലെ കുഞ്ഞാലിമരക്കാരുടെ ഉമ്മഇന്നും സിനിമാപ്രേമികളുടെ മനസ്സില്‍ ജീവിക്കുന്ന കഥാപാത്രമാണ്.
യുദ്ധത്തിനു പോകുന്ന കുഞ്ഞാലിമരക്കാര്‍ ഉമ്മയുടെ കൈയില്‍ ഒരു പട്ടുറുമാലാണ് നല്കുന്നത്. യുദ്ധത്തില്‍ മകനെന്തെങ്കിലും അപായം പറ്റിയാല്‍ ഈ പട്ടുറുമാലില്‍ രക്തം പൊടിയുമെന്നും മകന്‍ കൂട്ടിച്ചേര്‍ക്കുന്നു. പിന്നീട് പട്ടുറുമാല്‍ നോക്കി ഇവര്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നു. ഉമ്മയ്ക്കുമുന്നില്‍ അവസാനം രക്തം പൊടിഞ്ഞ പട്ടുറുമാല്‍ തുറക്കപ്പെടുന്ന അവസ്ഥ, ഇന്നും കാണികളുടെ മനസ്സില്‍ നിന്നു മാഞ്ഞിട്ടില്ല.
കവി മുഹമ്മദിന്റെ 'ഇഫ്‌രിയത്ത് രാജ്ഞി'യിലെ അഭിനയത്തിനാണ് ആദ്യ അവാര്‍ഡ് ലഭിച്ചത്. പണം കൊണ്ട് കണ്ണുകാണാത്ത മുസ്‌ലിം സ്ത്രീയുടെ വേഷമായിരുന്നു അത്. പെണ്ണുങ്ങളുടെ ഹുങ്കും പത്രാസും മികച്ച രീതിയില്‍ അവതരിപ്പിച്ച ശാന്താദേവി, പിന്നീട് ഏറെയും അവതരിപ്പിച്ചത് മുസ്‌ലിം കഥാപാത്രങ്ങളെയാണ്. പക്ഷേ, സിനിമയിലായാലും നാടകത്തിലായാലും സമ്പന്നരായ സ്ത്രീകളെ ഏറെ അവതരിപ്പിക്കേണ്ടിവന്നില്ല.