അഭിനയത്തോട് ആവേശം പ്രകടിപ്പിച്ച കലാകാരി
വിലാസിനി Posted on: 21 Nov 2010

കോഴിക്കോട്: ജീവിതാവസാനം വരെ അഭിനയത്തോട് ആവേശം പ്രകടിപ്പിച്ച കലാകാരി യായിരുന്നു ശാന്തദേവിയെന്ന് പ്രശസ്ത നടി കുട്ട്യേടത്തി വിലാസിനി അനുസ്മരിച്ചു.
ഏതാണ്ട് 40 വര്‍ഷം മുന്‍പ് കോഴിക്കോട് ടൗണ്‍ ഹാളിലാണ് ശാന്താദേവിയെ ആദ്യമായി കാണുന്നത്. നാടകം കാണാനെത്തിയ ഞാന്‍ ശാന്തേടത്തിയെ പരിചയപ്പെടാന്‍ ചെന്നു. നല്ല ഓര്‍മയുണ്ട്. ക്രോപ്പ് ചെയ്ത മുടിയോടെ ഒരു ഇംഗ്ലീഷുകാരിയുടെ ഗമ. എന്തെന്നില്ലാത്ത ഭംഗി.
പിന്നീട് ഞങ്ങള്‍ ഒരുപാട് നാടകങ്ങള്‍ ഒരുമിച്ചു ചെയ്തു; ഒരുപാട് സിനിമകളും. വാസുപ്രദീപിന്റെ 'കുടുക്കകളി'ല്‍ ഒന്നിച്ചഭിനയിച്ചു. മുസ്‌ലിം ഭാഷ നന്നായി സംസാരിക്കാന്‍ കഴിവുള്ള വ്യക്തിയായിരുന്നു ശാന്തേടത്തി. അതിനാല്‍ തിരുവനന്തപുരം ആകാശവാണിയില്‍ മുസ്‌ലിം ഭാഷ അവതരിപ്പിക്കാന്‍ ശാന്തേടത്തിയും ഞാനും പോയിട്ടുണ്ട്. നാടകം അവതരിപ്പിച്ചിട്ടുമുണ്ട്.
കുഞ്ഞാലിമരക്കാര്‍, പാലാട്ട് കോമന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ റോളുകളില്‍ ഞങ്ങള്‍ അഭിനയിച്ചു. കുട്ട്യേടത്തി ചിത്രീകരിച്ചത് എടപ്പാളില്‍ വെച്ചായിരുന്നു. ചിത്രത്തില്‍ കുട്ട്യേടത്തിയായ എന്റെ ചെറിയമ്മയുടെ റോളായിരുന്നു ശാന്തേടത്തിയുടേത്; വാസുട്ടി എന്ന കുട്ടിയെ അവതരിപ്പിച്ചത് ശാന്തേടത്തിയുടെ മകന്‍ സത്യജിത്തും. ഒരുപാട് ഉപദേശങ്ങള്‍ നല്കിയും എന്നെ സഹായിച്ചു. ശാന്തേടത്തിയില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ പഠിച്ചു.
ദുഃഖപൂര്‍ണമായിരുന്നു അവരുടെ അവസാന നാളുകള്‍. 'മിംസി'ല്‍ ചികിത്സയിലിരിക്കുമ്പോള്‍ ഞാന്‍ ചെന്നുകണ്ടു. ''ഇവര്‍ എന്നെ ജയിലിലടച്ച മാതിരിയാണ്. പുറത്തേക്ക് പോകാന്‍ പറ്റുന്നില്ല. വിലാസിനി, എനിക്ക് അഭിനയിക്കണം'' എന്നായിരുന്നു ശാന്തേടത്തിയുടെ നിലപാട്. ഞാന്‍ പറഞ്ഞു: ''അഭിനയിക്കാം. ആദ്യം, അസുഖം ഭേദമാകട്ടെ.''
''ഇപ്പോള്‍ ശാന്തേടത്തിയുടെ മരണവാര്‍ത്ത അറിയുന്നു. ദുഃഖമുണ്ട്. ഒരു യുഗം കടന്നുപോയപോലെ''- വിലാസിനി പറഞ്ഞു.