മുറിഞ്ഞത് അരനൂറ്റാണ്ടിന്റെ ബന്ധം Posted on: 21 Nov 2010

മൂത്ത ജ്യേഷ്ഠത്തിയെ നഷ്ടപ്പെട്ട അവസ്ഥയാണെനിക്ക്. എല്ലാം തുറന്നു പറയാനും വേദനകള്‍ പങ്കുവെക്കാനുമുള്ള കൂട്ടാണ് നഷ്ടമായത്. ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷം കണ്ടാല്‍പ്പോലും ഒട്ടും അകല്‍ച്ചയില്ലാതെ സ്‌നേഹവും വിഷമവും സന്തോഷവും പങ്കുവെക്കാന്‍ സാധിക്കുന്ന അത്തരക്കാരൊന്നും ഇപ്പോള്‍ പരിചയത്തില്‍ ഇല്ല. പ്രത്യേകിച്ച് നാടക - സിനിമാ രംഗത്ത്.
നിലമ്പൂര്‍ യുവജന കലാസമിതിയുടെ 'ഈ ഭൂമിയില്‍ ഞാന്‍ ഒറ്റയ്ക്കാണ്' എന്ന നാടകത്തിലൂടെയാണ് ഞങ്ങള്‍ ഇരുവരും ആദ്യമായി ഒന്നിച്ചത്. എന്റെ ഓര്‍മയില്‍, 1955ലാണ് ശാന്തേടത്തി നാടകത്തിലേക്ക് വരുന്നത്. അതിനേക്കാളും മൂന്നുനാലുവര്‍ഷം മുമ്പ് ഞാന്‍ നാടകാഭിനയ രംഗത്തുണ്ട്. എങ്കിലും 'ഈ ഭൂമിയില്‍ ഞാന്‍ ഒറ്റയ്ക്കാണ്' എന്ന നാടകത്തിന്റെ റിഹേഴ്‌സല്‍ ക്യാമ്പില്‍ ശാന്തേടത്തി ഞാന്‍ ഉള്‍പ്പെടെയുള്ളവരെ അത്ഭുതപ്പെടുത്തി.
വര്‍ഷങ്ങളുടെ അഭിനയ പരിചയമുള്ള രീതിയില്‍ വേദിയിലെത്തിയ ശാന്തേടത്തി സംഭാഷണങ്ങള്‍ വികാരങ്ങള്‍ ചോരാതെ മികച്ച രീതിയില്‍ പ്രകടിപ്പിച്ചാണ് ആശ്ചര്യം ജനിപ്പിച്ചത്.
കോഴിക്കോട് അബ്ദുള്‍ ഖാദര്‍, ബാബുരാജ് എന്നിവരും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലായ 'ന്റു പ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു' ഐക്യകേരള രൂപവത്കരണത്തോടനുബന്ധിച്ച് നാടകമാക്കിയപ്പോഴാണ് ഞങ്ങള്‍ വീണ്ടും ഒന്നിച്ചത്. അതില്‍ പേരക്കുട്ടിയായിട്ടായിരുന്നു ഞാന്‍ അഭിനയിച്ചത്. കുഞ്ഞുതാച്ചുമ്മയെയായിരുന്നു ശാന്തേടത്തി അവതരിപ്പിച്ചത്. പിന്നീട് കെ.ടി. മുഹമ്മദിന്റെ 'ഇതുഭൂമിയാണ്' എന്ന നാടകത്തില്‍ ഞങ്ങള്‍ ഇരുവരും ഉണ്ടായിരുന്നെങ്കിലും ഒരുമിച്ചല്ലായിരുന്നു അഭിനയം. കാരണം, ഞങ്ങള്‍ക്ക് ഇരുവര്‍ക്കും ഒരേ വേഷമായിരുന്നു. ശാന്തേടത്തി ഇല്ലാത്ത വേദിയിലായിരുന്നു ഞാന്‍ അഭിനയിച്ചിരുന്നത്.
നാടക റിഹേഴ്‌സല്‍ ക്യാമ്പുകളായിരുന്നു ഞങ്ങളെ അടുപ്പിച്ചിരുന്നത്. പിന്നീട് ഇത്, സിനിമാ ഷൂട്ടിങ് ക്യാമ്പുകളായി. 'അമ്മക്കിളിക്കൂട്', 'കുട്ടിക്കുപ്പായം', എന്നീ സിനിമകളിലാണ് ഞങ്ങള്‍ ഒന്നിച്ചത്.
പിന്നീട് എല്ലാവര്‍ഷവും നിലമ്പൂര്‍ ബാലന്‍ അനുസ്മരണ ചടങ്ങുകളില്‍ ഞങ്ങള്‍ ഒന്നിക്കുമായിരുന്നു.
ശാന്തേടത്തിയുടെ അവസാന കാലമാണ് വേദനാജനകമായത്. മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ട രീതിയിലേക്ക് മാറിയത് വലിയതോതില്‍ ആശങ്ക സൃഷ്ടിച്ചു. ഞാനും വിജയലക്ഷ്മിയും അവസാന നാളുകളിലും ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു.