കോട്ടയത്തിന്റെ മാത്തുക്കുട്ടിച്ചായന്‍
Posted on: 02 Aug 2010
കോട്ടയത്തിന്റെ കലാ സാംസ്‌കാരിക ഇടങ്ങള്‍ക്ക് കെ.എം.മാത്യുവിന്റെ സാന്നിധ്യവും നേതൃത്വവും തിളക്കം നല്‍കിയിരുന്നു. നഗരത്തിലെ കലാസാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ രക്ഷാധികാരിയോ, പ്രസിഡന്‍േറാ ആയി സൗഹൃദം പങ്കിടാന്‍ അദ്ദേഹം സന്നദ്ധത കാട്ടിയിരുന്നു.
1989ല്‍ കോട്ടയം നൂറുശതമാനം സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യനഗരമായപ്പോള്‍ അതിനു മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചവരുടെ പട്ടികയില്‍ കെ.എം.മാത്യുവും ഉണ്ടായിരുന്നു. അന്ന് എം.ജി.യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായിരുന്ന യു.ആര്‍.അനന്തമൂര്‍ത്തി, നഗരസഭാ ചെയര്‍മാനായിരുന്ന മാണി എബ്രഹാം ,ജില്ലാ കളക്ടര്‍ അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ക്കൊപ്പം കെ.എം.മാത്യു മുന്‍നിര പ്രവര്‍ത്തകനായി.
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ശാശ്വത സ്മരണ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളിലും ദീര്‍ഘകാലമായി ട്രസ്റ്റ് പ്രസിഡന്‍റ്, രക്ഷാധികാരി എന്നീ നിലകളില്‍ സംഭാവന നല്‍കി. ഈയിടെ കോടിമത ശങ്കുണ്ണി സ്മാരക കലാമന്ദിരനവീകരണത്തിനും വലിയ പങ്കു വഹിച്ചു. ദര്‍ശന സാംസ്‌കാരിക കേന്ദ്രം വര്‍ഷംതോറും നടത്തുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ വിജയകരമായ നടത്തിപ്പിനും കെ.എം.മാത്യുവിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു. പ്രവര്‍ത്തനം നിലച്ചു കിടന്ന കോട്ടയം ആര്‍ട്‌സ് ക്ലബ്ബ് ഈ അടുത്ത കാലത്താണ് അദ്ദേഹം പുനരുജ്ജീവിപ്പിച്ചത്.
1957ല്‍ കോട്ടയത്ത് നടന്ന 27-ാമത് സാഹിത്യ പരിഷത്ത് സമ്മേളനം ചരിത്രസംഭവമായത്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ആതിഥ്യത്തോടൊപ്പം, കെ.എം.മാത്യുവിന്റെ നേതൃപാടവം കൊണ്ടും കൂടിയാണ്. പി.എന്‍.പണിക്കര്‍ സെക്രട്ടറിയായിരുന്ന കാലത്ത് കേരള ഗ്രന്ഥശാലാപ്രസ്ഥാനവുമായി സഹകരിച്ചിരുന്ന കെ.എം.മാത്യു, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.