പ്രൊഫഷണലിസം കൊണ്ടുവന്നു - കെ. പദ്മനാഭന്‍ നായര്‍
Posted on: 01 Aug 2010
40 വര്‍ഷത്തെ വ്യക്തിബന്ധമാണ് എനിക്കദ്ദേഹവുമായിട്ടുള്ളത്. പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാനുള്ള മാനസിക ധൈര്യം അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ പ്രത്യേകതയായിരുന്നു. വളരെ ശാന്തമായാണ് എല്ലാ പ്രശ്‌നങ്ങളെയും നേരിട്ടിരുന്നത്. മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകനായും വാരികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ച നാളുകളില്‍ വിഷമം പിടിച്ച ഒരുപാടവസരങ്ങളില്‍ മാത്തുക്കുട്ടിച്ചായന്‍ മാര്‍ഗനിര്‍ദ്ദേശിയായി.
പത്രത്തിന് ഒരു സൗന്ദര്യം വേണമെന്ന കാഴ്ചപ്പാടുള്ള ആളായിരുന്നു മാത്തുക്കുട്ടിച്ചായന്‍. അതിനുവേണ്ടി ലേ- ഔട്ട് പരീക്ഷണങ്ങള്‍ നടത്താന്‍ അദ്ദേഹം തയ്യാറായി. പത്രപ്രവര്‍ത്തകരെയും എല്ലാ തലത്തിലും പ്രൊഫഷണല്‍ സമീപനത്തിലേക്കെത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
തലമുറകള്‍ തമ്മിലുള്ള ബന്ധത്തിന്റെ സ്‌നേഹം എന്നോട ദ്ദേഹം കാണിച്ചിട്ടുണ്ട്. എന്റെ അച്ഛന്‍ ഇ.വി. കൃഷ്ണപിള്ളയായിരുന്നു മനോരമ ആഴ്ചപ്പതിപ്പിന്റെ ആദ്യ പത്രാധിപര്‍. അന്ന് അച്ഛനും മാമ്മന്‍ മാപ്പിളയും തമ്മിലുള്ള നര്‍മ്മ സംഭാഷണ രംഗങ്ങള്‍ ഓര്‍ത്ത് പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്. ജീവനക്കാരോട് അദ്ദേഹം വ്യക്തിബന്ധം സൂക്ഷിച്ചിരുന്നു. ജീവനക്കാരുടെ എല്ലാ അഭിപ്രായങ്ങള്‍ക്കും അര്‍ഹിക്കുന്ന പരിഗണന നല്‍കി. 30 വര്‍ഷം കുഞ്ചുക്കുറുപ്പ് എന്ന കാര്‍ട്ടൂണ്‍ പംക്തി ഞാന്‍ കൈകാര്യം ചെയ്തു. ഈ സമയത്ത് പലപ്പോഴും ഇതിലേക്കു വേണ്ട വിഷയങ്ങള്‍ നിര്‍ദ്ദേശിച്ചു.