Mathrubhumi Logo
  km mathew

പതിവുതെറ്റാതെ അവസാനരാത്രിയും

ആര്‍.ഹരി Posted on: 01 Aug 2010

കോട്ടയം: മാധ്യമലോകത്തെ തുടിപ്പുകള്‍ക്കൊപ്പമായിരുന്നു അവസാനശ്വാസം വരെയും മാത്തുക്കുട്ടിച്ചായന്റെ മനസ്സ്. പ്രായാധിക്യം അലട്ടിയിരുന്നെങ്കിലും പതിവുള്ള ഓഫീസ് സന്ദര്‍ശനവും പത്രപാരായണവും അദ്ദേഹം മുടക്കിയിരുന്നില്ല. കഞ്ഞിക്കുഴിയിലെ 'രൂപ്കല' വീട്ടില്‍ അണുവിട തെറ്റാതെയുള്ള ജീവിതചര്യകള്‍ക്ക് ശനിയാഴ്ചയും മാറ്റമില്ലായിരുന്നു.

ശനിയാഴ്ച രാവിലെ പ്രഭാതഭക്ഷണം കഴിഞ്ഞ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമുള്ള ചെറുമയക്കം. 11.30 ഓടെ മലയാള മനോരമയുടെ ഓഫീസിലേക്ക് പോയി. അവിടെ പതിവുപോലെ എഡിറ്റോറിയല്‍ മീറ്റിങ്ങില്‍ പങ്കെടുത്തു. ഒരുമണിയോടെ വീട്ടിലേക്ക്.

ഉച്ചഭക്ഷണത്തിനുശേഷം പതിവുമയക്കം. വൈകീട്ട് കൊച്ചുമക്കളായ മലൈക്ക, നിഹാല്‍, ഗൗതം എന്നിവര്‍ എത്തിയതോടെ മുത്തച്ഛന്റെ സ്‌നേഹവായ്പ് നിറഞ്ഞ മറ്റൊരു ലോകം. മക്കളായ മാമ്മന്‍ മാത്യു, ജേക്കബ് മാത്യു, ചെറുമകന്‍ ജയന്ത് മാമ്മന്‍ മാത്യു എന്നിവരും എത്തി. സ്‌നേഹാന്വേഷണങ്ങളും കുടുംബക്കാര്യങ്ങളുമായി ഒരു സായാഹ്നംകൂടി കടന്നുപോയി.

വൈകീട്ട് അഞ്ച് മുതല്‍ ഏഴ് വരെ വീണ്ടും മാധ്യമങ്ങളുടെ ലോകത്തേക്ക്. സെക്രട്ടറി പി.ടി.ഏലിയാസിനാണ് പത്രങ്ങള്‍ വായിച്ചുകേള്‍പ്പിക്കേണ്ട ചുമതല. എഡിറ്റോറിയലും നാലാംപേജ് ലേഖനങ്ങളുമുള്‍പ്പെടെ മറ്റുപത്രങ്ങളുടെ ഉള്ളറിയാനുള്ള ഗഹനമായ വായന. പിന്നെ രാത്രി 7.45 ഓടെ പ്രാര്‍ത്ഥനയും ബൈബിള്‍പാരായണവും. സാധാരണപോലെ അഞ്ച് മിനിട്ട് സങ്കീര്‍ത്തനം വായിച്ചു. എട്ടുമണിക്ക് അത്താഴം; കഞ്ഞിയും മീന്‍കറിയും അച്ചാറും. പിന്നെ, ചാനല്‍വാര്‍ത്തകളുടെ ചടുലതയിലേക്ക് രണ്ടുമണിക്കൂര്‍ നേരം. രാത്രി പത്തുമണിയോടെയാണ് ഉറങ്ങാന്‍ കിടന്നത്. സഹായിയായ കെ.ജെ.അനിയനും അതേ മുറിയില്‍ ഉണ്ടായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചേമുക്കാലോടെ ഉണര്‍ന്നു. വെള്ളം കുടിച്ചു. നേരിയ തണുപ്പ് തോന്നുന്നതിനാല്‍ ഫാന്‍ ഓഫ് ചെയ്യാന്‍ അനിയനോട് പറഞ്ഞു. ഈ സമയം കൈ വിറയ്ക്കുന്നുണ്ടായിരുന്നു. ഉടനെ കട്ടിലില്‍ത്തന്നെ കിടത്തി. ഡോ.കെ.സി.മാമ്മന്‍ സ്ഥലത്തെത്തി അദ്ദേഹത്തെ പരിശോധിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഡോ.സുദയകുമാര്‍, ഡോ.മാത്യു പാറയ്ക്കല്‍ എന്നിവര്‍ വീട്ടിലെത്തി. ആറുമണിയോടെ മരണം സ്ഥിരീകരിച്ചു.

തുടര്‍ന്ന് മൃതദേഹം കാരിത്താസ് ആസ്​പത്രിയിലേക്ക് കൊണ്ടുപോയി. ഡോ.ജോര്‍ജ് ജേക്കബിന്റെ നേതൃത്വത്തില്‍ മൃതദേഹം എംബാം ചെയ്തശേഷം 9.30ഓടെ തിരികെ വീട്ടിലെത്തിച്ചു.



ganangal
video km mathu
photogallery km mathu


മറ്റു വാര്‍ത്തകള്‍

  12 »

അനുശോചനം

എന്നും മാര്‍ഗദര്‍ശി -പി.വി. ചന്ദ്രന്‍ കോഴിക്കോട്: മലയാള മാധ്യമ പ്രവര്‍ത്തനരംഗത്തെ അതികായനായിരുന്നു കെ.എം. മാത്യുവെന്ന് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. പത്രപ്രവര്‍ത്തനത്തില്‍ പ്രൊഫഷണലിസം കൊണ്ടുവന്ന അദ്ദേഹം ഈ രംഗത്തുപ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്നും മാര്‍ഗദര്‍ശിയായിരുന്നു. Read More

Discuss