കര്‍മ്മമേഖലകളില്‍ മായാത്തമുദ്രകള്‍ Posted on: 01 Aug 2010

കോട്ടയത്തെ കണ്ടത്തില്‍ കുടുംബത്തില്‍ കെ.സി.മാമ്മന്‍ മാപ്പിളയുടെയും കുഞ്ഞാണ്ടമ്മ(മാമ്മി)യുടെയും എട്ടാമത്തെ സന്താനമായി 1917 ജനവരി രണ്ടിനാണ് കെ.എം.മാത്യു ജനിച്ചത്. കുട്ടനാട്ടില്‍ കുപ്പപ്പുറത്തെ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് സ്‌കൂളിലും കോട്ടയം എം.ഡി.സെമിനാരി സ്‌കൂളിലും പഠനം തുടര്‍ന്നു. കോട്ടയം സി.എം.എസ്. കോളേജില്‍ ഇന്റര്‍മീഡിയറ്റിനുശേഷം ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദപഠനം. പഠനത്തിനുശേഷം ചിക്മംഗളൂരില്‍ എസ്‌റ്റേറ്റ് മേല്‍നോട്ടവും മുംബൈയില്‍ കുടുംബ ബിസിനസും നടത്തി. തുടര്‍ന്നാണ് അദ്ദേഹം മലയാള മനോരമയിലേക്ക് വരുന്നത്.
ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി പ്രസിഡന്റ്, പി.ടി.ഐ. ചെയര്‍മാന്‍, പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ന്യൂസ് പേപ്പര്‍ ഡവലപ്‌മെന്റ് എന്നിവയുടെ സ്ഥാപക ട്രസ്റ്റി, ചെയര്‍മാന്‍, സെന്‍ട്രല്‍ പ്രസ് അഡൈ്വസറി കമ്മിറ്റിയംഗം, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യഅംഗം, എ.ബി.സി. ചെയര്‍മാന്‍, വേജ്‌ബോര്‍ഡ് അംഗം, പത്ര പ്രസാധകരുടെ രാജ്യാന്തര സംഘടനയായ ഫ്രാന്‍സിലെ ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ന്യൂസ്‌പേപ്പര്‍ പബ്‌ളിഷേഴ്‌സ് ആന്‍ഡ് എഡിറ്റേഴ്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് കണ്‍സല്‍ട്ടന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു. പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത അദ്ദേഹം ഒട്ടേറെ ഭാഷാപത്രങ്ങളുടെ കണ്‍സല്‍ട്ടന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വര്‍ക്കിങ് കമ്മിറ്റിയില്‍ ഉള്‍പ്പെടെ ഓര്‍ത്തഡോക്‌സ് സഭയുടെ ഉന്നത ഭരണസമിതികളില്‍ പ്രവര്‍ത്തിച്ചു. കേരള അമച്വര്‍ അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റും വയലാര്‍ അവാര്‍ഡ് കമ്മിറ്റി ട്രഷററും കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക ട്രസ്റ്റ് രക്ഷാധികാരിയുമായിരുന്നു. കോട്ടയം ബസേലിയോസ് കോളേജിന്റെ സ്ഥാപകരിലൊരാളായ കെ.എം.മാത്യു,തൃശ്ശൂര്‍ അമല കാന്‍സര്‍ ആസ്പത്രിയുടെ സ്ഥാപക ട്രസ്റ്റിയുമാണ്.