മോതിരവിരലിലെ കാവല്‍മാലാഖ
Posted on: 01 Aug 2010

തന്റെ മക്കള്‍ക്ക് അപ്പച്ചനായ കെ.സി.മാമ്മന്‍ മാപ്പിള നല്‍കിയ അനര്‍ഘമായ സ്വത്ത് ഓരോ സ്വര്‍ണമോതിരമായിരുന്നു എന്ന് മാത്യു പറയുന്നുണ്ട്. ''ഇന്നത്തെ കമ്പ്യൂട്ടര്‍ യുഗത്തില്‍ 'നെറ്റ്‌വര്‍ക്കിങ്' എന്ന് പറയാവുന്ന ഒരു സമ്മാനം. എന്റെ അമ്മച്ചി മാമ്മിയുടെ നിര്യാണത്തിനുശേഷം, അമ്മച്ചിയുടെ സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി ഒന്‍പത് മോതിരങ്ങള്‍ ഉണ്ടാക്കി, ജീവിച്ചിരിക്കുന്ന ഞങ്ങള്‍ ഏഴ് സഹോദരന്മാര്‍ക്കും പരേതനായ സഹോദരന്‍ കെ.എം.ജേക്കബ്ബിന്റെ പത്‌നിക്കും ഞങ്ങളുടെ ഏക സഹോദരിക്കും അപ്പച്ചന്‍ വീതിച്ചുതന്നു. എട്ടാമത് കിട്ടിയ മോതിരം ആദ്യം അണിഞ്ഞപ്പോള്‍ത്തന്നെ എനിക്കുതോന്നി, മോതിരവിരലിലൊരു കാവല്‍മാലാഖ ഉണ്ടെന്ന്''
ആ മോതിരം മാത്രമല്ല മാമ്മന്‍മാപ്പിള മക്കള്‍ക്ക് കൊടുത്തത്. ആ മോതിരം ധരിക്കുമ്പോള്‍ മക്കള്‍ എടുക്കേണ്ട പ്രതിജ്ഞാവാചകവും അദ്ദേഹം സ്വന്തം കൈപ്പടയില്‍ എഴുതി മക്കള്‍ക്കെല്ലാം കൊടുത്തു. പ്രതിജ്ഞ ഇതായിരുന്നു. ''എല്ലായ്‌പ്പോഴും, പ്രത്യേകിച്ച് എന്തെങ്കിലും പ്രയാസവും പ്രലോഭനവും തന്നെ എതിരിടുന്ന സന്ദര്‍ഭങ്ങളില്‍, ഞങ്ങളുടെ പ്രിയപ്പെട്ട അമ്മ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ അമ്മയ്ക്ക് സന്തോഷമാവുമായിരുന്ന വിധത്തിലും, ഇപ്പോള്‍ ദൈവ സന്നിധിയില്‍ വിശ്രമിക്കുന്ന ഞങ്ങളുടെ അമ്മയ്ക്ക് സന്തോഷമുണ്ടാകുന്ന രീതിയിലും പെരുമാറത്തക്ക ദൈവിക സഹായത്തിനും മാര്‍ഗദര്‍ശനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് വിനയപൂര്‍വം ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ആ സഹായവും ആശയ പ്രചോദനവും എപ്പോഴും എന്റെ കൂടെത്തന്നെ ഉണ്ടെന്നുള്ളതിന്റെ വിലേയറിയ അടയാളമായി ഞാന്‍ ഈ മോതിരം ധരിക്കുന്നു''. എട്ടാമത്തെ മോതിരം എന്ന ആത്മകഥ അദ്ദേഹം സമര്‍പ്പിച്ചതും ഈ അമ്മച്ചിക്കാണ്.