''അത് ഞാനല്ല'' എന്ന് പറയുന്ന വലിയ ഒരാള്‍!
കെ.ജി.മുരളീധരന്‍ Posted on: 01 Aug 2010

അദ്ദേഹം അതിന്റെ ആമുഖത്തില്‍തന്നെ നയം വ്യക്തമാക്കുന്നുണ്ട്: എല്ലാം ചെയ്യിക്കുന്നയാള്‍ക്കാണ് പ്രസക്തി. ചെയ്യിപ്പിക്കുന്നയാള്‍ക്ക് മുമ്പില്‍ ചെയ്തവരെത്ര നിസ്സാരന്‍! ചെയ്യിപ്പിക്കുന്നയാളെ നമുക്ക് എന്ത് വേണമെങ്കിലും വിളിക്കാം. ദൈവമെന്നോ, കാലമെന്നോ, നിയതിയെന്നോ... മറ്റൊരിടത്ത് അദ്ദേഹം പറയുന്നത് നോക്കുക: ഈ വലിയ കഥയില്‍ എന്റെയൊരു റോളിന്റെ പരിമിതിയെക്കുറിച്ചുള്ള ബോധ്യംകൊണ്ട് കഴിയുന്നത്ര ''ഞാന്‍'' വരാതിരിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ട്. കാലമാണ് മറ്റേത്ജീവിതകഥയിലേതുംപോലെ കഥാനായകനെന്നു പറഞ്ഞ് പിന്‍വലിയുന്ന ഈ കഥപറച്ചിലുകാരന്‍ തന്നെയാണ് കെ.എം.മാത്യു എന്ന പത്രാധിപരിലും കാണുന്നത്. പല മുഖാമുഖങ്ങളിലും 'മലയാള മനോരമ' എന്ന പ്രസ്ഥാനത്തിന്റെ ഉന്നതിക്കു പിന്നിലെ ചാലകശക്തിയായി ചീഫ് എഡിറ്ററെ വിശേഷിപ്പിക്കുമ്പോള്‍ അദ്ദേഹം പറയും: ഇതൊന്നും എന്റെ നേട്ടമല്ല. അത് ഒരു ടീം വര്‍ക്കിന്റെ ഫലമാണ്. ഞാനതില്‍ ഒരാള്‍ മാത്രമാണ്! പക്ഷേ, അദ്ദേഹത്തെ അറിയുന്നവര്‍ക്കെല്ലാം അറിയാവുന്ന സത്യം അദ്ദേഹത്തിന്റെ വായില്‍നിന്ന് വീണുകിട്ടില്ലെന്നു മാത്രം!
ജീവിതത്തില്‍ രണ്ടറ്റങ്ങളും കണ്ട ഒരാള്‍ എന്ന വിശേഷണം കെ.എം.മാത്യുവിനെപ്പോലെ ഇണങ്ങുന്നവര്‍ വളരെക്കുറവേ കാണൂ. സമ്പന്നതയും, അതേ ആഴത്തില്‍ ദാരിദ്ര്യവും അനുഭവിച്ചുവളര്‍ന്ന ചെറുപ്പകാലത്തെപ്പറ്റി 'എട്ടാമത്തെ മോതിര'ത്തില്‍ അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. ''25 വയസ്സിനുള്ളില്‍ ഒരു ജീവിതത്തിന്റെ മുഴുവന്‍ മധുരവും കയ്പും അനുഭവിച്ചുകഴിഞ്ഞവനാണ് ഞാന്‍. സര്‍ സി.പി.യുടെ കോപാഗ്‌നിക്ക് ഇരയായി കുടുംബത്തിന്റെ സമ്പത്തും സല്‍പ്പേരുമെല്ലാം പോയ കാലത്തെപ്പറ്റിയാണ് അദ്ദേഹം ഓര്‍മ്മിക്കുന്നത്. ഒരു ജന്മത്തില്‍ ഒന്നിലേറെ ജന്മങ്ങള്‍ അനുഭവിക്കാനുള്ള വിധി! വേണമെങ്കില്‍ ദൈവമെന്ന വലിയ എഴുത്തുകാരന് അരുനൂറ്റാണ്ടിനുമുമ്പ് ഞങ്ങളുടെ കഥ ഇങ്ങനെ ശുഭാന്ത്യമല്ലാത്ത മറ്റൊരു തരത്തില്‍ മാറ്റിയെഴുതാമായിരുന്നു. ദൈവത്തിന് അങ്ങനെ തോന്നാതിരുന്നത് ഞങ്ങളുടെ ഭാഗ്യം!''
തന്റെ ജാതകമെഴുതിയ കഥയും അദ്ദേഹം രസകരമായി വിവരിക്കുന്നുണ്ട്. ഭാഷാപണ്ഡിതനും ജ്യോതിഷിയുമായിരുന്ന കൊടുപ്പുന്ന ഗോവിന്ദ ഗണകനാണ് അത് തയ്യാറാക്കിയത്. നഷ്ടജാതകമെന്നാണ് കെ.എം.മാത്യു അതിനെ വിശേഷിപ്പിക്കുന്നത്. മാത്യുവിന്റെ മരണദിവസം എന്നായിരിക്കുമെന്ന് ജാതകത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും കൊടുപ്പുന്ന പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ആ 'വിധി' ദിവസം അദ്ദേഹം പിന്നിട്ടു. അതിനുശേഷം തന്റെ ജാതകം ഒരു ചെറിയ കുറിപ്പുസഹിതം മാത്യു കൊടുപ്പുന്നയ്ക്ക് തിരിച്ചുകൊടുത്തു. കുറിപ്പ് ഇതായിരുന്നു: ''അങ്ങ് പറഞ്ഞ തീയതിക്കുതന്നെ കെ.എം.മാത്യു മരിച്ചു. ഈ കത്തെഴുതുന്നത് മറ്റൊരു കെ.എം.മാത്യുവാണ്!'' എന്നാല്‍ കൊടുപ്പുന്ന തന്റെ മരണം പ്രവചിച്ച അതേവര്‍ഷമാണ് തനിക്ക് ആദ്യത്തെ ഹൃദയാഘാതമുണ്ടായതെന്നും മാത്യു തുറന്നുപറയുന്നുണ്ട്. ജാതകത്തിലും പ്രവചനത്തിലുമൊന്നും ഒട്ടും വിശ്വാസമില്ലാത്തയാളാണ് താനെന്ന് മറയ്ക്കുന്നുമില്ല.
1954-ല്‍ 'മലയാള മനോരമ'യില്‍ മാനേജിങ് എഡിറ്ററായി എത്തിച്ചേരാനിടയാക്കിയ സാഹചര്യത്തെയും അദ്ദേഹം യാദൃച്ഛികതയുടെ പട്ടികയിലാണ് പെടുത്തിയിട്ടുള്ളത്. പ്രവചനങ്ങളെല്ലാം തെറ്റിയെന്ന നഷ്ടജാതകമെന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിക്കുന്നത്. ജീവിതത്തിലുണ്ടായതെല്ലാം പ്രതീക്ഷിക്കാത്തതാണ്. 'മനോരമ'യില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതല്ല. കര്‍ണാടകയില്‍ കുടുംബത്തിനുണ്ടായിരുന്ന തോട്ടത്തിലെ ജീവിതമോ ബോംബെയില്‍ ബിസിനസ്സ് ജിവിതമോ തുടരാനുള്ള സാദ്ധ്യതയായിരുന്നു കൂടുതലുണ്ടായിരുന്നത്. പക്ഷേ, കാലം മറ്റൊരു സാദ്ധ്യതയിലേക്ക് എപ്പോഴും മനുഷ്യനെ കൂട്ടിക്കൊണ്ടുപോകുന്നു. അപ്രതീക്ഷിതമായി നമുക്കായി മറ്റൊരുവാതില്‍ തുറക്കപ്പെടുകയാണ്. മാത്യുവിന് മനോരമയായിരുന്നു ആ വാതില്‍.
പത്രാധിപര്‍ സ്വന്തം കഥയെഴുതുമ്പോള്‍ 'സെന്‍സേഷണല്‍' ആയ കാര്യങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരെ നിരാശപ്പെടുത്തേണ്ടിവന്നതില്‍ ദുഃഖമുണ്ടെന്നും കെ.എം.മാത്യു പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. അതിന് കാരണവും അദ്ദേഹം തന്നെ നിരത്തുന്നു: ''കാരണം മറ്റൊരാളെ മുറിവേല്‍പ്പിക്കാനുള്ള പ്രായമല്ല 90 വയസ്സ്. ആരുടെ മനസ്സിലും കന്മഷം അവശേഷിപ്പിക്കാതെ കടന്നുപോകണമെന്ന സ്വകാര്യ മോഹവുമുണ്ട്''.
തന്റെ ജീവിതദര്‍ശനമെന്തെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്: അപ്പച്ചനായിരുന്നു (കെ.സി.മാമ്മന്‍മാപ്പിള) വഴികാട്ടി. ജീവിതത്തിലെ 99 ശതമാനം കാര്യങ്ങളും ദൈവം ചെയ്യുന്നതാണ്.
ബാക്കി ഒരുശതമാനത്തില്‍ മാത്രമാണ് നമുക്ക് പങ്കുള്ളത്. ആ ഒരു ശതമാനം കാര്യങ്ങള്‍ ആത്മാര്‍ത്ഥതയോടും സമര്‍പ്പണത്തോടും വിനയത്തോടുംകൂടി ചെയ്തുതീര്‍ത്തേ പറ്റൂ. നമ്മുടെ കാര്യങ്ങളൊന്നും നമ്മളല്ല നിശ്ചയിക്കുന്നതെന്ന് മനസ്സിലായാല്‍ പിന്നെ ഈ ജീവിതത്തില്‍ ചെയ്തുതീര്‍ക്കുന്ന ഒരു കാര്യത്തിലും നാം അഹങ്കരിക്കുകയില്ല! ഈ തിരിച്ചറിവിന്റെ വിളംബരമായിരുന്നു കെ.എം.മാത്യു എന്ന മനുഷ്യന്റെയും പത്രാധിപരുടെയും ജീവിതം. അതേപ്പറ്റി ആത്മകഥയില്‍ നടത്തിയ പരാമര്‍ശം ശ്രദ്ധിക്കുക: ''ലോക ഭൂപടത്തില്‍ ഒരു മണല്‍ ത്തരിയുടെ വലിപ്പം പോലുമില്ലാത്ത കേരളമെന്നൊരു സ്ഥലത്ത് ജീവിച്ചിരിക്കുന്ന കെ.എം.മാത്യുവിന് കാലത്തിന്റെ അനന്തമായ പ്രവാഹത്തില്‍ ഒട്ടും പ്രസക്തിയില്ലെന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം. ഞാന്‍ അത് ചെയ്തു, ഇത് ചെയ്തു എന്നൊക്കെ പറയുന്നത് വങ്കത്തരമാണെന്ന് എന്റെയീ തൊണ്ണൂറാംവയസ്സ് ചെവിയില്‍ ഉറച്ചുപറഞ്ഞുതരുന്നുമുണ്ട്!''
പക്ഷേ, മാത്തുക്കുട്ടിച്ചായനെപ്പറ്റിയാണെങ്കില്‍ ഇതല്ലല്ലോ യാഥാര്‍ത്ഥ്യമെന്ന് അദ്ദേഹത്തെ അറിയുന്നവരും സ്‌നേഹിക്കുന്നവരുമെല്ലാം വിളിച്ചുപറയുമ്പോഴും അദ്ദേഹം പതിവുശൈലിയില്‍ ചിരിക്കുന്നുണ്ടാകാം. ''അത് ഞാനല്ല''. അദ്ദേഹത്തിന്റെ ചുണ്ടുകള്‍ മന്ത്രിക്കാതിരിക്കില്ല!