കാലത്തിന്റെ പ്രണാമം
പി.കെ. ജയചന്ദ്രന്‍ Posted on: 01 Aug 2010
കോട്ടയം: എന്നും തിരക്കേറിയതായിരുന്നു കെ.എം. മാത്യുവിന്റെ ജീവിതം; ഭാര്യ മിസ്സിസ് കെ.എം. മാത്യുവിന്റെയും. പക്ഷേ ഏത് തിരക്കുകള്‍ക്കിടയിലും ശക്തവും ദീപ്തവുമായിരുന്നു അവരുടെ ബന്ധം. ഒരു തിരക്കിലും അത് ഇടറിപ്പോയില്ല, ദാമ്പത്യജീവിതത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃക.
തങ്ങളുടെ അതിരെഴാത്ത പരസ്പര സ്‌നേഹം, ഇരുവരെയും ജീവിതപ്പാതയില്‍ ഉന്നതിയിലേക്ക് നടത്തി. ആ ജീവിതം സ്‌നേഹത്തിന്റെ സന്ദേശമാവുകയും ചെയ്തു.
എണ്‍പത്താറാം വയസ്സിലാണ് കെ.എം. മാത്യു തന്റെ ആദ്യത്തെ പുസ്തകം എഴുതുന്നത്, ഭാര്യ മരിച്ചതിന്റെ പിറ്റേവര്‍ഷം. അതും ഭാര്യയെക്കുറിച്ച്, 'അന്നമ്മ' എന്ന് പേരിട്ട പുസ്തകത്തിന്റെ ഒന്നാം അധ്യായത്തിനൊടുവില്‍ കെ.എം. മാത്യു എഴുതി, ''ഞാന്‍ എഴുതുന്ന ആദ്യ പുസ്തകമാണിത്. ഇരുപത്തഞ്ച് പുസ്തകമെഴുതിയ അന്നമ്മയ്ക്ക് വേണ്ടി. ഈ യാദൃച്ഛികത എന്നെ വേദനിപ്പിക്കുന്നു''.
അന്നമ്മ പോയശേഷം താന്‍ പലപ്പോഴും കരഞ്ഞിട്ടുള്ളതായി അദ്ദേഹം എഴുതി. ''ഉള്ളില്‍ കരച്ചില്‍ വരുമ്പോള്‍ കരയാത്തവന്‍ ബോറനാണ്. ഇപ്പോഴും ഇടയ്ക്ക് ഓര്‍ത്ത് കരയും. ഒരുപാടുകാലം കൂടെയുണ്ടായിരുന്ന പങ്കാളി ഇല്ലാതാകുമ്പോള്‍ ആ ഇല്ലായ്മ ഓര്‍ത്ത് മറ്റേയാള്‍ കരയുന്നത് സ്വാഭാവികമാണ്''.ഭാര്യ പോയശേഷം തന്റെ ഓരോ ദിവസവും കെ.എം. മാത്യു തുടങ്ങിയിരുന്നത് കോട്ടയം കഞ്ഞിക്കുഴിയിലെ 'രൂപ്കല' എന്ന വീട്ടില്‍ അവരുടെ ഫോട്ടോയ്ക്ക് മുന്നില്‍ മുല്ലപ്പൂക്കള്‍ വച്ചുകൊണ്ടായിരുന്നു. അതേക്കുറിച്ചും അദ്ദേഹം എഴുതി; ''ദിവസങ്ങള്‍ക്ക് ഓര്‍മ്മയുടെ മുല്ലപ്പൂമണമുണ്ടാക്കാനുള്ള ഒരു വയസ്സന്റെ ചെറിയ ആഗ്രഹമെന്ന് കരുതിയാല്‍ മതി''.
വൈരുധ്യങ്ങളുടെ ലയമായിരുന്നു തങ്ങളുടെ ദാമ്പത്യമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വിഭിന്ന ദിശകളിലേക്ക് മാറിയൊഴുകിയ രണ്ട് ജീവിതങ്ങളെ ഒരുമിച്ച് ഒന്നാക്കിയയിടത്താണ് തങ്ങളുടെ ദാമ്പത്യത്തില്‍ അല്പമെങ്കിലും വ്യത്യസ്തത ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു. ആ വ്യത്യസ്തതയുടെ സന്തോഷമാണ് അന്നമ്മ എന്ന പുസ്തകത്തിലൂടെ വായനക്കാരുമായി കെ.എം. മാത്യു പങ്കിട്ടത്. അത് ഒരു ജീവിതമെഴുത്താണെങ്കിലും മനോഹരമായ പ്രണയകാവ്യമായത് ഉള്ളിലെ സ്‌നേഹത്തിന്റെ ഒഴുക്ക് കൊണ്ടാണ്.
ആദ്യം അന്നമ്മ പോയി; ഇപ്പോള്‍ കെ.എം. മാത്യുവും. അവരുടെ സ്‌നേഹവും ജീവിത സന്ദേശവും ബാക്കിയായി.