പ്രൊഫഷണലിസത്തിന്റെ പത്രാധിപര്‍-എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ.
Posted on: 01 Aug 2010

കോഴിക്കോട്: ഇന്ത്യയില്‍ പത്രപ്രവര്‍ത്തന രംഗത്ത് പ്രൊഫഷണലിസം കൊണ്ടുവന്ന ആദ്യത്തെ പത്രാധിപരാണ് കെ.എം. മാത്യുവെന്ന് മാതൃഭൂമി ഡയറക്ടര്‍ (മാര്‍ക്കറ്റിങ്) എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പത്രപ്രവര്‍ത്തനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും ഒരു മാതൃകാ വ്യക്തിത്വമായിരുന്നു അദ്ദേഹം. കഴിഞ്ഞ തലമുറയ്ക്ക് മാത്രമല്ല, ഇപ്പോഴത്തെ തലമുറയ്ക്കും ഇനി വരാനിരിക്കുന്നവര്‍ക്കും അദ്ദേഹം വെട്ടിത്തുറന്ന പ്രൊഫഷണലിസത്തിന്റെ പാത പ്രചോദനകരമാണ്. എഴുപതുകളുടെ തുടക്കത്തില്‍ത്തന്നെ പ്രൊഫഷണല്‍ പത്രപ്രവര്‍ത്തനം എന്താണെന്ന് അദ്ദേഹം കാണിച്ചുതന്നു. ഇംഗ്ലീഷ് പത്രങ്ങള്‍ പോലും പിന്നീടാണ് അത്തരം പരീക്ഷണങ്ങള്‍ തുടങ്ങിയത്.
ഉന്നത സ്ഥാനങ്ങളിലിരിക്കുമ്പോഴും വിനയവും ലാളിത്യവും സര്‍വോപരി മനുഷ്യസ്‌നേഹവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും ശ്രേയാംസ്‌കുമാര്‍ അഭിപ്രായപ്പെട്ടു.