ഓര്‍മയിലെ സുഗന്ധമായി മാറുന്ന, എല്ലാവരുടെയും 'മാത്തുക്കുട്ടിച്ചായന്‍'
ഒ.എന്‍.വി. കുറുപ്പ് Posted on: 01 Aug 2010

'എട്ടാമത്തെ മോതിരം' എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ആത്മകഥ, മലയാളത്തിലെ ആത്മകഥാശാഖയില്‍ തനതായൊരുയര്‍ന്ന സ്ഥാനം നേടിയിരിക്കുന്നു. ഇളന്നീരിന്റെ തെളിമയും കുളിര്‍മയുമുള്ള ഭാഷയില്‍, സ്വന്തം ജീവിതത്തിന്റെയും പത്രകുടുംബത്തിന്റെയും എല്ലാറ്റിനും പശ്ചാത്തലമായ സ്വന്തം ദേശത്തിന്റെയും കഥകള്‍ കോര്‍ത്തിണക്കിപ്പറയുന്ന ആ പുസ്തകം ഒരു ചരിത്രരേഖകൂടിയാണ്; ഒരു പഴയ ഇതിഹാസത്തിന് പുതിയ കാലത്തിന്റെ 'ഒരനുബന്ധ'മാണ്. മാത്തുക്കുട്ടിച്ചായന്റെ സ്‌നേഹസൗഹൃദങ്ങള്‍ ഇനി ഓര്‍മയിലെ വിശിഷ്ടഗന്ധമാണ്. മഹാരഥന്മാര്‍ പലരുടെയും രഥങ്ങള്‍ അനന്തതയിലേക്ക് പാഞ്ഞുമറയുന്നതുനോക്കി നില്‍ക്കുമ്പോഴുണ്ടാവുന്ന ഒരു ശൂന്യതയാണിപ്പോള്‍ അനുഭവപ്പെടുന്നത്.