അനുശോചനം
Posted on: 02 Aug 2010
കോഴിക്കോട്: മലയാള മാധ്യമ പ്രവര്‍ത്തനരംഗത്തെ അതികായനായിരുന്നു കെ.എം. മാത്യുവെന്ന് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. പത്രപ്രവര്‍ത്തനത്തില്‍ പ്രൊഫഷണലിസം കൊണ്ടുവന്ന അദ്ദേഹം ഈ രംഗത്തുപ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്നും മാര്‍ഗദര്‍ശിയായിരുന്നു. ലളിതമായ ജീവിതം നയിച്ചിരുന്ന അദ്ദേഹം പരിചയപ്പെടുന്നവരോടെല്ലാം എന്നും സ്‌നേഹവാത്സല്യങ്ങള്‍ ചൊരിഞ്ഞിരുന്നു. അഭിപ്രായവ്യത്യാസമുള്ളവര്‍ക്കുപോലും അദ്ദേഹം സ്വീകാര്യനായതിനു കാരണം അദ്ദേഹം പുലര്‍ത്തിയിരുന്ന ഉദാരമനോഭാവവും തുറന്ന മനഃസ്ഥിതിയുമായിരുന്നുവെന്നും പി.വി. ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
മനോജ്ഞവ്യക്തിത്വം -അനന്തമൂര്‍ത്തി
ബാംഗ്ലൂര്‍: ആരെയും ആകര്‍ഷിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന വ്യക്തിത്വത്തിനുടമയായിരുന്നു കെ.എം. മാത്യുവെന്ന് പ്രശസ്ത സാഹിത്യകാരന്‍ ഡോ. യു.ആര്‍. അനന്തമൂര്‍ത്തി പറഞ്ഞു.
മഹാത്മാഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്ന കാലത്താണ് അദ്ദേഹവുമായി അടുക്കുന്നത്. പിന്നീടും ആ സൗഹൃദം തുടര്‍ന്നു. വീട്ടിലെത്തുമ്പോള്‍ അദ്ദേഹവും ഭാര്യ അന്നമ്മയും സ്വീകരിച്ചാനയിക്കും. ഇറങ്ങുമ്പോള്‍ വഴിയില്‍ നിന്നു കഴിക്കാനെന്ന് പറഞ്ഞ് ഭക്ഷണപ്പൊതിനല്‍കും. ഏതാനും മാസം മുമ്പാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. അപ്പോഴും ആ സ്വീകരണമുറിക്ക് ഒരു മാറ്റവുമുണ്ടായിരുന്നില്ല. കസേരയും മേശയുംപോലും ഭാര്യ അന്നമ്മ ഒരിക്കിവെച്ചിരുന്ന അതേ സ്ഥാനത്തുതന്നെ. ആത്മകഥയുടെ കോപ്പി തന്നാണ് അന്നദ്ദേഹം യാത്രയയച്ചത്. അദ്ദേഹത്തിന്റെ മരണം പത്രപ്രവര്‍ത്തന രംഗത്തെ ഒരു കാലഘട്ടത്തിന്റെ അവസാനമാണ് -അദ്ദേഹം അനുസ്മരിച്ചു.
കെ.എം. മാത്യു സാമൂഹിക പരിഷ്‌കര്‍ത്താവ് - കെ.സി.ബി.സി.
കൊച്ചി: സാമൂഹിക പരിഷ്‌കര്‍ത്താവെന്ന നിലയില്‍ കെ.എം. മാത്യു കേരളത്തിന്റെ സമഗ്ര വികസനത്തിനും ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി നിലകൊണ്ട മഹദ് വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ കേരള കത്തോലിക്ക സഭ ദുഃഖം രേഖപ്പെടുത്തി. സമുദായ സൗഹാര്‍ദത്തിനും സാഹോദര്യത്തിനുമായി അദ്ദേഹം പത്രപ്രവര്‍ത്തനത്തിലൂടെ നല്‍കിയ നിസ്തുലമായ നേതൃത്വവും സേവനങ്ങളും കേരളസമൂഹം എന്നും സ്മരിക്കുമെന്ന് കെ.സി.ബി.സി. പ്രസിഡന്‍റ് ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്, സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
ദേശീയ മാധ്യമ രംഗത്തിന് കനത്ത നഷ്ടം -പി.പി. തങ്കച്ചന്‍
കൊച്ചി: കെ.എം. മാത്യുവിന്റെ നിര്യാണം ദേശീയ മാധ്യമ രംഗത്തിന് തീരാനഷ്ടമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വ്യക്തിപരമായും ഐക്യജനാധിപത്യ മുന്നണിക്കു വേണ്ടിയും അനുശോചനം രേഖപ്പെടുത്തുന്നതായി തങ്കച്ചന്‍ പറഞ്ഞു.
നാടിന്റെ വികസനത്തിന് അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചയാള്‍: പിണറായി വിജയന്‍
ആലുവ: നാടിന്റെ വികസനത്തിനായി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച പത്രാധിപരായിരുന്നു കെ.എം. മാത്യുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുസ്മരിച്ചു.
മനോരമയ്ക്കു മാത്രമല്ല മലയാള പത്രലോകത്തിനാകെ ഒട്ടേറെ സംഭാവനകള്‍ നല്‍കിയ ആളായിരുന്നു കെ.എം. മാത്യു. നാടിന്റെ വികസനത്തിനൊപ്പം നിന്നുവെങ്കിലും അദ്ദേഹം സ്ഥായിയായ ഇടതുപക്ഷ വിരോധം പുലര്‍ത്തിയിരുന്നു. അത് തുറന്നുപറയാനും അദ്ദേഹം മടിച്ചിരുന്നില്ല. കെ.എം. മാത്യുവിന്റെ മരണം മാധ്യമ ലോകത്തിന് കനത്ത നഷ്ടമാണ്. മരണവാര്‍ത്ത വേദനിപ്പിക്കുന്നു - പിണറായി വിജയന്‍ പറഞ്ഞു.
കെ.എം. മാത്യു ഭാഷാമാധ്യമ വളര്‍ച്ചയില്‍ പങ്ക് വഹിച്ചു-അംബികാസോണി
'മലയാള മനോരമ' ചീഫ് എഡിറ്റര്‍ കെ.എം.മാത്യുവിന്റെ നിര്യാണത്തില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അംബികാസോണി ദുഃഖം രേഖപ്പെടുത്തി. രാജ്യത്തെ ഭാഷാമാധ്യമങ്ങളുടെ വികസനത്തിനും വളര്‍ച്ചയ്ക്കും നേതൃപരമായ പങ്ക് വഹിച്ചയാളായിരുന്നു കെ.എം. മാത്യുവെന്ന് കേന്ദ്രമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വികസനോന്മുഖ മാധ്യമപ്രവര്‍ത്തനരംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകള്‍ നിസ്തുലമാണ്. സാമൂഹ്യപ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് സാക്ഷരതാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത ക്രാന്തദര്‍ശിയായിരുന്നു കെ.എം.മാത്യുവെന്നും അംബികാസോണി അനുസ്മരിച്ചു.
ദീര്‍ഘദര്‍ശിയായ പത്രാധിപര്‍-രാഷ്ട്രപതി
ന്യൂഡല്‍ഹി: കഠിനാധ്വാനിയും ഊര്‍ജ്ജസ്വലനും ദീര്‍ഘദര്‍ശിയുമായ പത്രാധിപരായിരുന്നു മലയാള മനോരമ ചീഫ് എഡിറ്റര്‍ കെ.എം.മാത്യുവെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അനുസ്മരിച്ചു. മലയാള മനോരമയെ ഇന്ത്യയിലെ വലിയ പത്രങ്ങളില്‍ ഒന്നാക്കുന്നതില്‍ അദ്ദേഹം നിസ്തുലമായ പങ്കുവഹിച്ചു. മാധ്യമലോകത്തിന് പൊതുവായും മലയാള മാധ്യമരംഗത്ത് പ്രത്യേകിച്ചും വലിയ സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
മാര്‍ഗദീപം-പ്രധാനമന്ത്രി
കെ.എം.മാത്യുവിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അനുശോചിച്ചു. 1973ല്‍ ചീഫ് എഡിറ്ററായശേഷം മലയാള മനോരമയെ രാജ്യത്തെ പ്രമുഖ പത്രമാക്കുന്നതിനും ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്ത് മാര്‍ഗദീപമാക്കാനും കെ.എം. മാത്യുവിന് കഴിഞ്ഞു.
കേരളത്തിന് തീരാനഷ്ടം - ആന്റണി
തിരുവനന്തപുരം: കെ.എം.മാത്യുവിന്റെ വിയോഗം കേരളത്തിന് തീരാനഷ്ടമാണെന്ന് കേന്ദ്രമന്ത്രി എ.കെ.ആന്റണി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.വിവാഹത്തിനുശേഷം തന്റെ കുടുംബകാര്യങ്ങളില്‍പോലും പ്രത്യേകം താല്പര്യം കാണിച്ചിരുന്ന ഒരു കുടുംബകാരണവരായിട്ടാണ് അദ്ദേഹത്തെ കണക്കാക്കിയിട്ടുള്ളതെന്നും എ.കെ.ആന്റണി പറഞ്ഞു.
മാധ്യമരംഗത്തെ വിസ്മയം -മുല്ലപ്പള്ളി
ഇന്ത്യന്‍ മാധ്യമരംഗത്തെ വിസ്മയമായിരുന്നു കെ.എം.മാത്യുവെന്ന് കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
സവിശേഷ വ്യക്തിത്വം - ഇ. അഹമ്മദ്
കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ അരനൂറ്റാണ്ടുകാലം നിറഞ്ഞുനിന്ന സവിശേഷ വ്യക്തിത്വമായിരുന്നു കെ.എം.മാത്യുവെന്ന് കേന്ദ്രമന്ത്രി ഇ.അഹമ്മദ് പറഞ്ഞു.
രാജ്യത്തിന് നഷ്ടം -ഗവര്‍ണര്‍
തിരുവനന്തപുരം: കെ.എം.മാത്യുവിന്റെ നിര്യാണം കേരളത്തിന് മാത്രമല്ല രാജ്യത്തിനാകെ വലിയ നഷ്ടമാണെന്ന് കേരള ഗവര്‍ണര്‍ ആര്‍.എസ്.ഗവായ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു. പദ്മഭൂഷണ്‍ ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ നേടിയ കെ.എം.മാത്യു ഒരു മികച്ച എഴുത്തുകാരനായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
കിരീടംവെക്കാത്ത രാജാവ് -മന്ത്രി കടന്നപ്പള്ളി
മാധ്യമലോകത്തെ കിരീടംവെക്കാത്ത രാജാവായിരുന്നു കെ.എം.മാത്യുവെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കേരളീയ ജീവിതത്തിന്റെ തണല്‍മരം-കെ.എം.മാണി
കേരളത്തിന്റെ പൊതുജീവിത്തതില്‍ നിറഞ്ഞുനിന്ന അസാധാരണ ധൈഷണിക പ്രതിഭയാണ് കെ.എം.മാത്യുവെന്ന് കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം.മാണി അഭിപ്രായപ്പെട്ടു. 'എല്ലാവര്‍ക്കും സാന്ത്വനവും, സ്‌നേഹവും, സഹായവും നല്‍കി പടര്‍ന്നുനിന്ന ഒരു തണല്‍മരം കൂടിയായിരുന്നു അദ്ദേഹം.
അരനൂറ്റാണ്ട് കാലത്തെ ആത്മബന്ധമാണ് എനിക്ക് അദ്ദേഹത്തോട് ഉണ്ടായിരുന്നത്. ഒരു ജ്യേഷ്ഠസഹോദരനെ നഷ്ടപ്പെട്ട അനുഭവമാണിത്. കണ്ടത്തില്‍ കുടുംബാംഗങ്ങളുടെയും, മനോരമ കുടംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നു'-അദ്ദേഹം പറഞ്ഞു.
ബാംഗ്ലൂര്‍: മലയാള മനോരമ മുഖ്യപത്രാധിപരായ കെ.എം. മാത്യുവിന്റെ നിര്യാണത്തില്‍ ക്രൈസ്തവ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന്‍ അനുശോചിച്ചു.
പ്രസിഡന്റ് ചാക്കോ കെ. തോമസ് അധ്യക്ഷത വഹിച്ചു. സന്തോഷ് പാറേല്‍, മനീഷ് ഡേവിഡ്, ഷാജി മാക്കൂട്ടം, ജോസ് മാത്യു, ബിജു വലിയപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
ബാംഗ്ലൂര്‍: കെ.എം. മാത്യുവിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് ജനറല്‍ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട് അനുശോചിച്ചു. കെ.എം. മാത്യുവിന്റെ നിര്യാണം പത്രപ്രവര്‍ത്തന രംഗത്തെ തീരാനഷ്ടമാണെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
ബാംഗ്ലൂര്‍: കെ.എം. മാത്യുവിന്റെ നിര്യാണത്തില്‍ സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ബാംഗ്ലൂര്‍ ഘടകം അനുശോചിച്ചു.
യോഗത്തില്‍ എസ്.എസ്.എ. ഖാദര്‍ ഹാജി, എം. അബ്ദുറഹിമാന്‍ ഹാജി, ഇബ്രാഹിം സഖാഫി, ശുക്കൂര്‍ ഹാജി, എം. മജീദ് ഹാജി, അസീസ് ഹാജി, മുഹമ്മദ് ഹാജി, അബൂബക്കര്‍ ഹാജി, അബ്ദുല്‍കരീം എന്നിവര്‍ പ്രസംഗിച്ചു.
കെ.എം. മാത്യുവിന്റെ നിര്യാണത്തില്‍ സര്‍ഗധാര അനുശോചിച്ചു. വിഷ്ണുമംഗലം കുമാര്‍, ശാന്തകുമാര്‍, സുദേവന്‍ പുത്തഞ്ചിറ, സുനില്‍ സി. ജോസ്, രഞ്ജിത്ത് ഷാജി കൊട്ടാരക്കര എന്നിവര്‍ പ്രസംഗിച്ചു. കെ.എം. മാത്യുവിന്റെ നിര്യാണത്തില്‍ മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ അനുശോചിച്ചു. പ്രസിഡന്റ് ഡോ.എന്‍.എ. മുഹമ്മദ്, ജന.സെക്രട്ടറി എ.ബി.ഖാദര്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു.