തിരിയില്‍നിന്ന് കൊളുത്തിയ പന്തം
ടി. പത്മനാഭന്‍ Posted on: 02 Aug 2010

ഇംഗ്ലീഷില്‍ ഒരുപഴമൊഴിയുണ്ട്. 'എക്ലിപ്‌സ് ഈസ് ദ ഫസ്റ്റ് ആന്‍ഡ് ദ റസ്റ്റ് നോ വേര്‍' എന്നു പന്തയക്കുതിരയെക്കുറിച്ച് പറഞ്ഞതുപോലെയാണ് കെ.എം മാത്യുവിന്റെ ജീവിതം. പങ്കെടുത്ത രംഗങ്ങളിലെല്ലാം അദ്ദേഹം 'എക്ലിപ്‌സ്' എന്ന പന്തയക്കുതിരയെപ്പോലെ മുന്നിലെത്തി. ഇതുകൊണ്ടാണ് 'തിരിയില്‍നിന്ന് കൊളുത്തിയ പന്തം' എന്ന് ഞാന്‍ പറഞ്ഞത്. കെ.എം.മാത്യുവിന്റെ പൂര്‍വികര്‍ മലയാള ഭാഷയുടെ ഉന്നതിക്കായി സ്ഥാപിച്ച 'ഭാഷാപോഷിണി' എന്ന പ്രസിദ്ധീകരണം നല്ലനിലയില്‍ നടന്നശേഷം നിന്നു പോയി. മനോരമയുടെ അമരത്ത് കെ.എം.മാത്യു എത്തിയശേഷം 1972-ല്‍ ഭാഷാപോഷിണി പുനരുജ്ജീവിപ്പിച്ചു. 77-ലെ ഭാഷാപോഷിണിയുടെ പുതിയ ലക്കത്തില്‍ ഒരു കഥയേ ഉണ്ടായിരുന്നുള്ളൂ. അത് എന്റെ 'ആത്മാവിന്റെ മുറിവുകള്‍' എന്ന കഥയായിരുന്നു എന്നത് ഏറ്റവും സന്തോഷമുളവാക്കുന്നതായിരുന്നു. അന്നു മുതല്‍ തുടങ്ങിയതാണ് കെ.എം.മാത്യുവുമായുള്ള സൗഹൃദം. തന്റെകാലത്ത് ഒട്ടേറെ പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം ആരംഭിച്ചു. അവയെല്ലാം നല്ലനിലയില്‍ എത്തിക്കുന്നതിന് ആ വലിയമനുഷ്യന്റെ നേതൃപാടവത്തിന് കഴിഞ്ഞു. ഇവയെ വളര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള പ്രൊഫെഷനലിസവും അദ്ദേഹത്തിന് വേണ്ടുവോളമുണ്ടായിരുന്നു.
അതിമനോഹരമായ ഭാഷാ ശൈലിയുടെ ഉടമയായിരുന്നു കെ.എം.മാത്യു. ഭാഷയുടെ ശക്തിയും സൗന്ദര്യവും ലാളിത്യവും ഇത്ര മേല്‍ ഉള്‍ക്കൊണ്ട് എഴുതാന്‍കഴിയുന്ന മറ്റൊരാള്‍ എന്റെ കാലഘട്ടത്തിലുണ്ടോ എന്ന് സംശയമാണ്. ഒരുദാഹരണം എന്റെമനസ്സില്‍ ഇപ്പോള്‍ ഓടിയെത്തുകയാണ്. 'ദേശാഭിമാനി' പത്രം കണ്ണൂരില്‍ നിന്ന് പ്രസിദ്ധീകരണം തുടങ്ങിയതിന്റെ ഉദ്ഘാടന ച്ചടങ്ങില്‍ കെ.എം. മാത്യു പ്രധാന കാര്‍മികനായിരുന്നു. ചിലകാരണങ്ങളാല്‍ അദ്ദേഹം എഴുതിക്കൊണ്ടുവന്ന പ്രസംഗം വായിച്ചില്ല. പകരം, അദ്ദേഹം പെട്ടെന്ന് അവിടെ അവതരിപ്പിച്ചത് അത്യുജ്ജ്വലമായ ഒരു പ്രസംഗമായിരുന്നു.സദസ്സ്മുഴുവന്‍ സ്തംഭിച്ചുകൊണ്ടാണ് ആപ്രസംഗം കേട്ടത്. ഭാഷയുടെ സ്വാധീനം അദ്ദേഹത്തിന് എത്രമാത്രം ഉണ്ട് എന്നത് അന്നാണെനിക്ക് മനസ്സിലായത്.
കെ.എം.മാത്യുവിന്റെ ആത്മകഥയായ 'എട്ടാമത്തെ മോതിരം' ഭാഷയില്‍വന്നിട്ടുള്ള ചുരുക്കം ചില ആത്മകഥകളില്‍ ഏറ്റവുംമികച്ച ഒന്നാണ്. ഈ ശ്രേണിയില്‍ കെ.പി.കേശവമേനോന്റെ 'കഴിഞ്ഞകാലം' ഞാന്‍ ആദ്യംതന്നെ എടുത്തുപറയും. ഇതിന് തുല്യമായ ഒന്നാണ് 'എട്ടാമത്തെ മോതിരം'. അബുദാബിയില്‍ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍വെച്ച് കെ.എം മാത്യുവിന്റെ ഈ ആത്മകഥ പ്രമുഖ വ്യവസായിയും ഭാഷാസ്‌നേഹിയുമായ എം.എ.യൂസഫലിക്ക് കൊടുത്ത് പ്രകാശനംചെയ്യാനുള്ള ഭാഗ്യം എനിക്കായിരുന്നു.
മിക്കസന്ദര്‍ഭങ്ങളിലും അദ്ദേഹം എനിക്ക് കത്തെഴുതുമായിരുന്നു. സ്‌നേഹത്തിന്റെയും ആത്മാര്‍ഥതയുടെയും വാക്കുകള്‍ എന്നും ആ കത്തുകളില്‍ നിറഞ്ഞു .എന്റെ 'പള്ളിക്കുന്ന്' എന്ന പുസ്തകത്തെക്കുറിച്ച് ഒന്നിലധികംതവണ അദ്ദേഹം കത്തുകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കെ.എം.മാത്യുവിനെ കണ്ടിട്ട് ഒരുവര്‍ഷമായി. അവസാനത്തെ കൂടിക്കാഴ്ച മനോരമയുടെ കോട്ടയം ഓഫീസില്‍ വെച്ചായിരുന്നു. കഴിഞ്ഞ കുറേക്കാലമായി ശാരീരികാവശതയും മറ്റും കാരണം അദ്ദേഹം ഉച്ചവരെമാത്രമേ ഓഫീസിലുണ്ടാവാറുള്ളൂ. പക്ഷേ, എല്ലാകാര്യങ്ങളിലും അദ്ദേഹം അതീവ ശ്രദ്ധപതിപ്പിക്കുമായിരുന്നു. ഞാന്‍ നേരിട്ടുകാണണം എന്നുപറഞ്ഞപ്പോള്‍ അദ്ദേഹം ഉച്ചയ്ക്ക് ശേഷമുള്ള പതിവുയാത്ര മാറ്റി എനിക്കായി ഓഫീസില്‍ത്തന്നെയിരുന്നു. ബൈപ്പാസ് കഴിഞ്ഞ് തുടര്‍ ചികിത്സയിലായിരുന്നു അദ്ദേഹം. പക്ഷേ, രോഗാവസ്ഥ വകവെക്കാതെ ഞങ്ങള്‍ രണ്ടുമണിക്കൂര്‍ സംസാരിച്ചു. സാഹിത്യവും രാഷ്ട്രീയവും പത്രപവര്‍ത്തനവും നാട്ടുകാര്യവും ഒക്കെ. വല്ലാത്ത ഒരനുഭവമായിരുന്നു. എന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്. മനസ്സില്‍നിന്ന് ഒരിക്കലും മായാത്തതാണ് അവസാനത്തെ ആ കൂടിക്കാഴ്ച.
അടുത്തറിയുന്ന പല ആളുകളും പറഞ്ഞു കേട്ടിട്ടുണ്ട്, അദ്ദേഹത്തിന്റെ എല്ലാ വിജയങ്ങള്‍ക്കും കാരണം ഭാര്യയുടെ സ്‌നേഹവും സഹകരണവും ആണെന്ന്. അത് നൂറുശതമാനവും ശരിയാണ്. ഭാര്യയുടെ മരണം അദ്ദേഹത്തെ അക്ഷരാര്‍ഥത്തില്‍ തളര്‍ത്തിയിരുന്നു. സ്‌നേഹപൂര്‍ണമായ ഒരുദാമ്പത്യമായിരുന്നു അവരുടേത്. കെ.എം. മാത്യുവിന്റെ മനോഹരമായ ആത്മകഥ വായിച്ചാല്‍ അത് മനസ്സിലാകും. കര്‍മനിരതമായ ഒരു ജീവിതമായിരുന്നു മിസ്സിസ് കെ.എം.മാത്യുവിന്റേതും.
എല്ലാ അര്‍ഥത്തിലും ഒരു വലിയ മനുഷ്യനായിരുന്നു കെ.എം.മാത്യു. ആര്‍ക്കും ഏതവസരത്തിലും വലുപ്പച്ചെറുപ്പം നോക്കാതെ അദ്ദേഹത്തെ സമീപിക്കാമായിരുന്നു. നന്മനിറഞ്ഞ ലാളിത്യത്തിന്റെ ചിരിയാണ് അദ്ദേഹത്തെ അടുത്തറിഞ്ഞവരുടെ മനസ്സില്‍ അദ്ദേഹം എന്നും അവശേഷിപ്പിക്കുക.