മാധ്യമലോകത്തെ മാര്‍ഗദീപം
പി.വി. ചന്ദ്രന്‍, മാനേജിങ് എഡിറ്റര്‍ Posted on: 02 Aug 2010

മാധ്യമമേഖലയിലും പുറത്തും നടത്തിയ അമൂല്യമായ സേവനംകൊണ്ട് സര്‍വരുടെയും സ്‌നേഹാദരങ്ങള്‍ നേടി യ സമുന്നതവ്യക്തിത്വമായിരുന്നു 'മലയാളമനോരമ' ചീഫ് എഡിറ്റര്‍ കെ.എം. മാത്യുവിന്റേത്. പ്രഗല്ഭനായ പത്രാധിപര്‍, മാനേജ്‌മെന്റ് വിദഗ്ദ്ധന്‍, സാമൂഹികപരിഷ്‌കര്‍ത്താവ്, മികച്ച എഴുത്തുകാരന്‍ എന്നിങ്ങനെ അദ്ദേ ഹത്തിന് വിശേഷണങ്ങള്‍ പലതുണ്ട്. എന്നാല്‍, അവയ്‌ക്കെല്ലാം അതീതമായ, മാനവികതയിലൂന്നിയ പ്രസന്നമധുരമായ വീക്ഷണംകൊണ്ടാണ് കെ.എം. മാത്യു സ്വജീവിതം ധന്യമാക്കിയത്. മലയാളപത്രപ്രവര്‍ത്തനം വികസനത്തിന്റെ പുതുപഥങ്ങള്‍ തേടുന്ന കാലത്താണ് അദ്ദേഹം മനോരമയുടെ പത്രാധിപത്യം ഏല്‍ക്കുന്നത്. ആസൂത്രണപാടവവും കഠിനാധ്വാനശീലവുംകൊണ്ട് അദ്ദേഹം ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുമ്പോള്‍ സ്വന്തം സ്ഥാപനം മാത്രമല്ല, മലയാളമാധ്യമലോകവും ആഴവും പരപ്പും കൈവരിക്കുകയായിരുന്നു.
മൂല്യങ്ങള്‍ക്കെന്നപോലെ പ്രൊഫഷണലിസത്തിനും പ്രാധാന്യം ലഭിക്കേണ്ടതിന്റെ അനിവാര്യത മനസ്സിലാക്കി കെ.എം. മാത്യു നടത്തിയ പരീക്ഷണങ്ങളും നവീകരണങ്ങളും മലയാളപത്രപ്രവര്‍ത്തനത്തിന് ലോകനിലവാരം കൈവരിക്കാന്‍ ഒട്ടൊന്നുമല്ല സഹായകമായത്. തങ്ങളുടെ നയങ്ങളോടും നിലപാടുകളോടും യോജിപ്പില്ലാത്തവരുടെ വീക്ഷണങ്ങള്‍ക്കും പത്രത്തില്‍ അര്‍ഹമായ സ്ഥാനം ലഭിക്കണമെന്ന കാര്യത്തില്‍ കടുത്ത നിഷ്‌കര്‍ഷ പുലര്‍ത്തിയ അദ്ദേഹം, മാധ്യമലോകത്തെ മത്സരങ്ങള്‍ രചനാത്മകമായിരിക്കണമെന്നതിലും ബദ്ധശ്രദ്ധനായിരുന്നു. അത്തരം മത്സരത്തില്‍ വ്യാപൃതമാകുമ്പോള്‍ത്തന്നെ ഇതര മാധ്യമങ്ങളോട് മാതൃകാപരമായ സഹിഷ്ണുത പുലര്‍ത്താന്‍ മാത്രമല്ല, പ്രതിസന്ധിഘട്ടത്തില്‍ അവയ്ക്കാവശ്യമായ സഹായങ്ങള്‍ നല്‍കാനും അദ്ദേഹം മടിച്ചില്ല. മത്സരത്തിന്റെ പേരില്‍, മറ്റൊരു മാധ്യമത്തിന്റെ വിഷമാവസ്ഥയില്‍നിന്ന് മുതലെടുക്കുന്നത് വലിയ തെറ്റുതന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. പ്രതിസന്ധിയോ ഭീഷണിയോ നേരിടുന്ന ഘട്ടത്തിലെല്ലാം മാധ്യമലോകത്തെ ഒന്നായിക്കണ്ട് ചെറുക്കുന്നതിലും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുന്നതിലും കെ.എം. മാത്യു വലിയ പങ്കാണ് വഹിച്ചത്.
കേരളത്തിന്റെ സമഗ്രവികസനത്തിനും സാമൂഹിക, സാംസ്‌കാരികവളര്‍ച്ചയ്ക്കും പത്രപ്രവര്‍ത്തനം ഉപയുക്തമാക്കുന്നതിലും അദ്ദേഹം തത്പരനായിരുന്നു. വ്യക്തിജീവിതത്തെയും പൊതുജീവിതത്തെയും സത്യനിഷ്ഠവും സൗന്ദര്യാത്മകവുമായി വിലയിരുത്തുന്ന അദ്ദേഹത്തിന്റെ 'എട്ടാമത്തെ മോതിരം' എന്ന ആത്മകഥ ആ വിഭാഗത്തിലുണ്ടായിട്ടുള്ള മികച്ച രചനകളിലൊന്നാണ്. തന്നെ സമീപിക്കുന്നവരുടെ പ്രശ്‌നങ്ങളറിയാനും അവര്‍ക്ക് സാന്ത്വനവും സഹായവും പ്രോത്സാഹനവുമെല്ലാം നല്‍കാനും അദ്ദേഹം എപ്പോഴും സന്നദ്ധനായി. പി.ടി.ഐ. ചെയര്‍മാന്‍, ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി പ്രസിഡന്റ്, ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ പല പദവികളിലുമിരുന്ന് സാര്‍ഥകമായ സേവനമാണ് അദ്ദേഹം നടത്തിയത്. ഫൗണ്ടേഷന്‍ ഫോര്‍ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ അവാര്‍ഡ്, ബി.ഡി. ഗോയങ്ക അവാര്‍ഡ് എന്നിവയടക്കമുള്ള അംഗീകാരങ്ങള്‍ നേടിയ ആ പ്രതിഭാശാലിയെ രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കി ആദരിക്കുകയുണ്ടായി. ആത്മധൈര്യവും കര്‍മോത്സുകതയും മനുഷ്യസ്‌നേഹവുംകൊണ്ടെഴുതിയ സമ്പൂര്‍ണവിജയഗാഥയാണ് കെ.എം. മാത്യുവിന്റെ ജീവിതം. മാധ്യമലോകത്തിനുമാത്രമല്ല സമൂഹത്തിനാകെ അത് എന്നും വെളിച്ചം പകര്‍ന്നുകൊണ്ടിരിക്കും.