മംഗലാപുരം വിമാനദുരന്തം ഫൈ്‌ളറ്റ് റെക്കോഡറിനായി തിരച്ചില്‍ തുടരുന്നു
Posted on: 25 May 2010

മംഗലാപുരം: ദുരന്തത്തിനിരയായ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ബ്ലാക്ക്‌ബോക്‌സിന്റെ ഭാഗമായുള്ള ഡിജിറ്റല്‍ ഫൈ്‌ളറ്റ് ഡാറ്റ റെക്കോഡറിനായുള്ള (ഡി.എഫ്.ഡി.ആര്‍.) തിരച്ചില്‍ തിങ്കളാഴ്ചയും തുടര്‍ന്നു. അതിനിടെ, ദുരന്തത്തില്‍ മരിച്ചത് 52 മലയാളികളാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഇവരില്‍ എട്ടുപേരെ തിരിച്ചറിയാനുണ്ട്. കൃത്രിമ പാസ്‌പോര്‍ട്ടില്‍ സഞ്ചരിച്ചതിനാലാണ് തിരിച്ചറിയല്‍ വൈകുന്നതെന്നും അഭ്യൂഹമുണ്ട്.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മംഗലാപുരം ബജ്‌പെ വിമാനത്താവളത്തിലെ അപകടസ്ഥലത്ത് തിരച്ചില്‍ തുടരുന്നത്. ബ്ലാക്ക്‌ബോക്‌സിന്റെ ഭാഗമായ കോക്പിറ്റ് വോയ്‌സ് റെക്കോഡര്‍ (സി.വി.ആര്‍.), ഡിജിറ്റല്‍ ഫൈ്‌ളറ്റ് ഡാറ്റ അക്വിസിഷന്‍ യൂണിറ്റ് (ഡി.എഫ്.ഡി.എ.യു.) എന്നിവ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ഫൈ്‌ളറ്റ്ഡാറ്റ റെക്കോഡര്‍ കൂടി കണ്ടെത്താനായാല്‍ ദുരന്തത്തിന്റെ കാരണത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. വിമാനഗതിയില്‍ പെട്ടെന്നുള്ള മാറ്റം, എന്‍ജിന്റെ കുതിപ്പ്, സാധാരണ സഞ്ചാരവേഗം, വിമാനം സഞ്ചരിക്കുന്ന ഉയരം, സ്ഥാനം തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ ഇതിലുണ്ടാകും. വിമാനത്തിന്റെ പിന്‍ഭാഗത്താണ് ഇത് സ്ഥാപിക്കുന്നത്.
അപകടത്തില്‍ മരിച്ച 158 പേരില്‍ 22 പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഡി.എന്‍.എ. പരിശോധനയ്ക്കായി ഈ മൃതദേഹങ്ങളുടെ സാമ്പിളുകള്‍ എടുത്തിട്ടുണ്ട്. പരിശോധനാഫലം പുറത്തുവരാന്‍ കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും എടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
അപകടമുണ്ടാകുന്നതിന് തൊട്ടുമുമ്പ് വിമാനത്തിലെ പൈലറ്റുമാരും ബജ്‌പെ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി നടന്ന സംഭാഷണം രേഖപ്പെടുത്തിയ ഓഡിയോ ടേപ്പ് അന്വേഷകര്‍ തിങ്കളാഴ്ച വിശദമായി പരിശോധിച്ചു. അപകടസ്ഥലത്തുനിന്ന് കണ്ടെടുത്ത കോക്ക്പിറ്റ് വോയ്‌സ് റെക്കോഡറും ഫൈ്‌ളറ്റ് ഡാറ്റ യൂണിറ്റും ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിച്ച് ഡി.ജി.സി.എ. ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പരിശോധന നടത്തും.
അതിനിടെ, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എയര്‍ ഇന്ത്യ പ്രഖ്യാപിച്ച സഹായധനം പെട്ടെന്ന് വിതരണം ചെയ്യാനായി ആറിടത്ത് പ്രത്യേക കേന്ദ്രങ്ങള്‍ തുറന്നു. മംഗലാപുരത്തിനു പുറമെ കോഴിക്കോട്, മുംബൈ, ഡല്‍ഹി, ദുബായ്, ചെന്നൈ എന്നിവിടങ്ങളില്‍ ഇവ പ്രവര്‍ത്തിക്കും. 12 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതവും അതിനുതാഴെ പ്രായമുള്ള കുട്ടികളുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതവുമാണ് എയര്‍ ഇന്ത്യ ഇടക്കാല സഹായധനമായി പ്രഖ്യാപിച്ചിട്ടുള്ളത്. സഹായധനം എത്രയും പെട്ടെന്ന് വിതരണം ചെയ്യാനാണ് ശ്രമമെന്ന് എയര്‍ ഇന്ത്യ വക്താവ് ഹര്‍പ്രീത് സിങ് ഡേ പറഞ്ഞു.
മംഗലാപുരം ദുരന്തത്തെത്തുടര്‍ന്ന് എയര്‍ഇന്ത്യയുടെ പ്രവര്‍ത്തന, എന്‍ജിനീയറിങ് മേഖലകളിലെ പാളിച്ചകളെക്കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ കമ്പനി നിഷേധിച്ചു. ഈ മേഖലകളില്‍ നിശ്ചിത നിലവാരം പൂര്‍ണമായും പുലര്‍ത്തിക്കൊണ്ടാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ആവശ്യത്തിനു പരിശീലനം സിദ്ധിച്ച എന്‍ജിനീയര്‍മാരും പൈലറ്റുമാരും സാങ്കേതിക ജീവനക്കാരും കമ്പനിക്കുണ്ട്- പത്രക്കുറിപ്പില്‍ പറയുന്നു.