നടുക്കം മാറാതെ അഹ്‌ലുവാലിയയുടെ കുടുംബം
Posted on: 24 May 2010

മുംബൈ: മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ച സഹവൈമാനികന്‍ എച്ച്.എസ്. അഹ്‌ലുവാലിയയുടെ കുടുംബാംഗങ്ങള്‍ ഇനിയും ഞെട്ടലില്‍ നിന്ന് മോചിതരായിട്ടില്ല. അന്ധേരി ജെ.ബി.നഗറിലെ ഭഗത്‌സിങ് കോളനിയിലാണ് എച്ച്.എസ്. അഹ്‌ലുവാലിയയുടെ കുടുംബാംഗങ്ങള്‍ താമസിക്കുന്നത്.
മംഗലാപുരം ബജ്‌പെ വിമാനത്താവളത്തില്‍ അറുപത്തി ആറ് തവണ വിമാനം ഇറക്കിയിട്ടുണ്ട് ക്യാപ്റ്റന്‍ അഹ്‌ലുവാലിയയെന്ന് ബന്ധുക്കള്‍ പറഞ്ഞു. 3,600 മണിക്കൂര്‍ വിമാനം പറത്തിയ വൈമാനികനാണ് ക്യാപ്റ്റന്‍ അഹ്‌ലുവാലിയ.
കോമേഴ്‌സില്‍ ബിരുദാനന്തര ബിരുദത്തിനു ശേഷം എന്‍.ഐ.ഐ.ടി.യില്‍ നിന്ന് കമ്പ്യൂട്ടര്‍ പഠനം കഴിഞ്ഞ ശേഷമാണ് അഹ്‌ലുവാലിയ ബോംബെ ഫ്‌ളയിങ് ക്ലബില്‍ നിന്ന് വൈമാനികനാകാനുള്ള പരിശീലനം നേടിയത്. ആദ്യം ജെറ്റ് എയര്‍വെയ്‌സില്‍ ചേര്‍ന്ന അഹ്‌ലുവാലിയ 2009ലാണ് എയര്‍ ഇന്ത്യയില്‍ ചേര്‍ന്നത്. കമാന്‍ഡര്‍ പരിശീലനത്തിന് പോകാനിരിക്കെയാണ് അഹ്‌ലുവാലിയയെ ദുരന്തം ഏറ്റുവാങ്ങിയത്.
ഓട്ടോ പാര്‍ട്‌സ് നിര്‍മാണ സംരംഭങ്ങളുടെ ഉടമകളായ അഹ്‌ലുവാലിയ കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെയാണ് ഇഷ്ടപ്പെട്ട തൊഴിലായ വൈമാനികന്റെ ജോലി തിരഞ്ഞെടുത്തത്.
അഹ്‌ലുവാലിയയുടെ അച്ഛന്‍ കുല്‍ദീപ് മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. അമ്മ കുല്‍വന്ത് കൗര്‍. രണ്ട് സഹോദരന്മാരും ഒരു സഹോദരിയും ഉണ്ട്.
മൃതദേഹം ഏറ്റുവാങ്ങാന്‍ മൂത്ത സഹോദരന്‍ മംഗലാപുരത്തേക്ക് പോയിരിക്കുകയാണ്.