ബീഫാത്തിമയ്ക്ക് അപൂര്‍വ വിവാഹസമ്മാനം -പ്രിയന്റെ ജീവന്‍
Posted on: 24 May 2010

വിവാഹത്തിന്റെ രജതജൂബിലിദിനത്തില്‍ സപ്തംബര്‍ 14ന് ബീഫാത്തുവിന് നല്കാന്‍ ഒരു അപ്രതീക്ഷിത സമ്മാനവുമായാണ് മാഹിന്‍കുട്ടി നാട്ടിലേക്ക്തിരിച്ചത്. എട്ടുജീവന്‍മാത്രം ബാക്കിയാക്കിയ ദുരന്തം അതും കവര്‍ന്നു. പക്ഷെ, ആ സമ്മാനമെന്തെന്ന് വെളിപ്പെടുത്താന്‍ മാഹിന്‍ കുട്ടിയെന്ന 'അത്ഭുതക്കുട്ടി' തയ്യാറല്ല. അദ്ദേഹം പറയുന്നു -അതൊന്നുമല്ല ഞാന്‍ തന്നെയാണ് ഇവള്‍ക്കുള്ള സമ്മാനം.
28 വര്‍ഷമായി ഗള്‍ഫില്‍ ജോലിചെയ്യുകയാണ് മാഹിന്‍കുട്ടി. നടത്തിയ വിമാനയാത്രയ്ക്ക് കണക്കില്ല. ഇനിയും അതുവേണോ എന്ന് ചിന്തിക്കുകയാണ്. മരണത്തിന്റെ മുഖംകണ്ട പേടി മാറിയിട്ടില്ല. എല്ലാം തീര്‍ന്നെന്ന് കരുതിയ നിമിഷം. മുന്നില്‍ തീ ഉയരാന്‍ തുടങ്ങുന്നു. അരയ്ക്ക് മുറുകിക്കിടക്കുകയായിരുന്ന ബെല്‍റ്റ് ഊരി ഒറ്റച്ചാട്ടം. രണ്ടേരണ്ട് സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ വിശ്വസിക്കാനാകാത്ത പുനര്‍ജന്മം തന്നത് അള്ളാഹുവാണെന്ന് പൂര്‍ണവിശ്വാസിയായ മാഹിന്‍കുട്ടി തറപ്പിച്ചുപറയുന്നു.
ജീവിതത്തില്‍ ഇത് രണ്ടാംതവണയാണ് മരണത്തിന്റെ വായില്‍നിന്ന് മടങ്ങിവരുന്നതെന്ന് മാഹിന്‍കുട്ടി. പത്തു വര്‍ഷംമുമ്പ് സൗദി ഹൈവേയില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ ഓടിച്ചുപോകുമ്പോള്‍ വാനിന്റെ മുന്‍ചക്രം പൊട്ടി. മരണം ഉറപ്പിച്ചെങ്കിലും വളയംവിട്ടില്ല. വാഹനമുപേക്ഷിച്ച് ചാടാനും നിന്നില്ല. ബ്രേക്ക് ചവിട്ടാതെ വേഗം കുറച്ചുകൊണ്ടുവന്ന് വാഹനം നിര്‍ത്തുകയായിരുന്നുവെന്ന് മാഹിന്‍കുട്ടി.
ശനിയാഴ്ചത്തെപ്പോലെയൊരു ലാന്‍ഡിങ് ജീവിതത്തിലുണ്ടായിട്ടില്ല. നിലംതൊട്ടപ്പഴേ അപകടം മണത്തു. ഒന്നുകില്‍ പൈലറ്റിന്റെ തെറ്റ്, അല്ലെങ്കില്‍ റണ്‍വേയുടെ തകരാറ്. ഇക്കാര്യം താന്‍ കേന്ദ്രമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും മാഹിന്‍കുട്ടി.
കണ്ണടയ്ക്കുമ്പോള്‍ മുന്നില്‍ വിമാനത്തിനുള്ളിലെ കാഴ്ചകളാണ്. ബാക്കിയുള്ള സാധനങ്ങള്‍ തിരയാന്‍ അപകടസ്ഥലത്തേക്ക് പോകാന്‍ പോലീസുകാര്‍ വിളിക്കുന്നുണ്ട്. ആ ഭാഗത്തെപ്പറ്റി ആലോചിക്കുമ്പോള്‍ തന്നെ പേടിയാവുകയാണ്. മരണത്തിന്റെ മുഖംകണ്ട പേടി - മാഹിന്‍കുട്ടി പറയുന്നു.
ആസ്പത്രിയില്‍ കഴിയുന്ന മാഹിന്‍കുട്ടിയുടെ ഭാര്യ ബീഫാത്തുവിന്റെ മൊബൈല്‍ സന്ദര്‍ശകരിലാരോ കവര്‍ന്നു. ശനിയാഴ്ച രാത്രിയിലാണ് കിടക്കയില്‍ തലയിണയ്ക്കരികിലായി വെച്ച മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടത്. ആയിരക്കണക്കിനാള്‍ക്കാരാണ് മാഹിന്‍കുട്ടിയെ കാണാന്‍ ആസ്പത്രിയിലെത്തിയത്.