സുറൂറയ്ക്ക് ഒരിക്കലും ബാപ്പയെ കാണാനാവില്ല
Posted on: 24 May 2010

നീലേശ്വരം: ജീവിതത്തില്‍ ഒരിക്കല്‍ പോലും പിതാവിനെ കണ്ടിട്ടില്ലാത്ത ഒന്നര വയസ്സുകാരി സുറൂറയ്ക്ക് ഇനി ഒരിക്കലും അതിനാവില്ല. മംഗലാപുരം വിമാനാപകടത്തില്‍ ബാപ്പ മരിച്ച കാര്യമൊന്നും അറിയാതെ പിഞ്ചുകുഞ്ഞ് ബന്ധുക്കളുടെ മടിയിലിരുന്ന് കളിച്ചു. ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത ഇളയ മകള്‍ സുറൂറയെയും മറ്റു രണ്ട് മക്കളെയും ഭാര്യയെയും കാണാന്‍ സമ്മാനങ്ങളുമായാണ് മഹമൂദ് അബ്ദുള്ള നാട്ടിലേക്ക് തിരിച്ചത്. എന്നാല്‍ വിധി മറ്റൊന്നായി.
ബണ്ട്വാള്‍ കന്യാന സ്വദേശിയും ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് താമസക്കാരനുമായ പുഴക്കര ഹൗസിലെ മഹമൂദ് അബ്ദുള്ള(41)യ്ക്കും മംഗലാപുരം വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞു. ചായ്യോത്ത് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദിലെ മദ്രസ്സ അധ്യാപകനായിരുന്നു അദ്ദേഹം. വിവാഹിതനായശേഷം കഴിഞ്ഞ 11 വര്‍ഷമായി ചായ്യോത്തായിരുന്നു കുടുംബസമേതം താമസം. അതിനിടയില്‍ ഷാര്‍ജയിലേക്ക് പോയ മഹമൂദ് നാലുവര്‍ഷമായി അവിടെ ഒരു ഓഫീസില്‍ ജോലിചെയ്യുന്നു. ഭാര്യ പി.കെ.സെറീന ഗര്‍ഭിണിയായിരിക്കെ ഒന്നരവര്‍ഷം മുമ്പാണ് അദ്ദേഹം വീണ്ടും ഷാര്‍ജയിലേക്ക് പോയത്. അതുകൊണ്ടുതന്നെ ഇളയമകള്‍ സുറൂറയെ കണ്ടിരുന്നില്ല. അപകടവിവരം അറിഞ്ഞെത്തിയ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി കന്യാന റഹ്മാനിയ ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി. ഷാര്‍ജയിലുള്ള മഹമൂദിന്റെ സഹോദരന്‍ അബൂബക്കര്‍ സിദ്ദിഖ് ഞായറാഴ്ച ഉച്ചയോടെ ചായ്യോത്ത് എത്തി. പത്തുവയസ്സുകാരി നെനെസ്മിയും ഏഴു വയസ്സുകാരി നീലോഫറും ബാപ്പയുടെ വരവും പ്രതീക്ഷിച്ച് സമ്മാനങ്ങള്‍ക്കായി കാത്തിരിക്കുന്നതിനിടയിലാണ് അപകടവിവരം അറിഞ്ഞത്. കരഞ്ഞ് തളര്‍ന്ന് കഴിയുന്ന സെറീനയെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. വനം മന്ത്രി ബിനോയ് വിശ്വം, പി. കരുണാകരന്‍ എം.പി., പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ജാസ്മിന്‍, എം.രാജഗോപാലന്‍, കെ.സി.നാരായണന്‍, എം.വി.രാധ, വി.കെ.രാജന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു.