Mathrubhumi Logo

വിദേശ പൈലറ്റുമാരെ ഒഴിവാക്കാന്‍ സമ്മര്‍ദം

Posted on: 24 May 2010

ന്യൂഡല്‍ഹി: മംഗലാപുരം അപകടത്തെത്തുടര്‍ന്ന് ഇന്ത്യയിലെ വിദേശ പൈലറ്റുമാരുടെ വൈദഗ്ധ്യത്തെക്കുറിച്ച് സംശയമുയരുന്നു.

വിദേശ പൈലറ്റുമാര്‍ക്ക് ഇപ്പോള്‍ നിര്‍ബന്ധിത വൈദ്യപരിശോധന ആവശ്യമില്ല. അവര്‍ക്ക് പൈലറ്റുമാരായി പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സിനായി പരീക്ഷ പാസാവുകയും വേണ്ട. ഇത് പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നതായി ഇന്ത്യന്‍ പൈലറ്റുമാരുടെ അസോസിയേഷന്‍ പറയുന്നു. അവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് ഞായറാഴ്ച കത്തയച്ചിട്ടുണ്ട്. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി വിദേശ പൈലറ്റുമാര്‍ക്ക് പരിചിതമല്ലെന്നതും പ്രധാനവസ്തുതയാണ്. ശനിയാഴ്ച രാവിലെ മംഗലാപുരത്ത് തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് സെര്‍ബിയന്‍ വംശജനാണ്.

വിവിധ വിമാനക്കമ്പനികളിലായി ഇന്ത്യയില്‍ 560 വിദേശ പൈലറ്റുമാരാണ് ജോലിചെയ്യുന്നത്. രാജ്യത്ത് ആകെയുള്ള 5500 ആഭ്യന്തര പൈലറ്റുമാരുടെ പത്തുശതമാനത്തിലധികം വരുമിത്. ഇതില്‍ അധികം പേരും എയര്‍ ഇന്ത്യയിലാണ്- 250-ഓളം പേര്‍. ഇതില്‍ തന്നെ 125 പേരും എയര്‍ ഇന്ത്യയുടെ ചെലവ് കുറഞ്ഞ വിമാനമായ എയര്‍ ഇന്ത്യ എക്‌സ്​പ്രസ്സിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പലര്‍ക്കും വിമാനം പറത്തുമ്പോള്‍ കോക്ക്പിറ്റിനുള്ളില്‍ തന്നെ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് ആരോപണമുണ്ട്.

വിമാനം പറന്നുകൊണ്ടിരിക്കുമ്പോള്‍ ചുരുങ്ങിയത് രണ്ട് വിദേശ പൈലറ്റുമാരെങ്കിലും ബോധരഹിതരായി വീണിട്ടുണ്ടെന്ന് ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നു. എയര്‍ ഇന്ത്യ ചെയര്‍മാനും വ്യോമയാനമന്ത്രി പ്രഫുല്‍പട്ടേലിനും അവര്‍ പ്രധാനമന്ത്രിക്ക് നല്കിയ കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. വ്യോമഗതാഗതം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വിദേശ പൈലറ്റുമാരുമായി ശരിയായ രീതിയില്‍ ആശയവിനിമയം നടത്താന്‍ പറ്റുന്നില്ലെന്നും ഒരു വിഭാഗം പരാതിപ്പെടുന്നുണ്ട്. വിദേശീയര്‍ക്ക് ഇന്ത്യന്‍ ഉച്ചാരണം പിന്തുടരാന്‍ കഴിയാത്തതാണ് പ്രശ്‌നമെന്ന് പൈലറ്റ് അസോസിയേഷനിലെ ഒരു മുതിര്‍ന്ന അംഗം പറഞ്ഞു.

രാജ്യത്ത് ഇപ്പോള്‍ പൈലറ്റുകളുടെ കുറവില്ലെന്നും അതുകൊണ്ട് വിദേശ പൈലറ്റുമാരെ പിരിച്ചുവിടണമെന്നുമാണ് അസോസിയേഷന്റെ നിര്‍ദേശം.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 4 »

videos and photos

photo gallery 1 photo gallery 2 photo gallery 3 Survivors of air crash video Manglore Plane crash video 1 Manglore Plane crash video 2 Plane crash mangalapuram hospital visuals .......................................................................

.......................................................................

Discuss