പുനര്‍ജന്മം തന്ന വെളിച്ചം
Posted on: 31 May 2010

പുതിയ വീട്ടിന്റെ പണിതുടങ്ങാനുള്ള പദ്ധതിയുമായാണ് കൃഷ്ണന്‍ നാട്ടിലേക്ക് തിരിച്ചത്. ജീവന്‍ തിരിച്ചുനല്‍കിയ ദുരന്തം പക്ഷെ സമ്പാദ്യങ്ങളെല്ലാം കവര്‍ന്നു. പാസ്‌പോര്‍ട്ടും കത്തിച്ചാമ്പലായി.വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍തന്നെ വലിയശബ്ദം വന്നു. പിന്നെ വിറയലുമുണ്ടായി. അതിനുശേഷം എവിടെയോ ഇടിക്കുന്ന ശബ്ദമായിരുന്നു. എല്ലാം ഞൊടിയിടയില്‍. മുന്നില്‍ക്കണ്ട വിടവിലൂടെ ചാടിയപ്പോള്‍ താഴെ അഞ്ചുപേര്‍ ജീവനോടെ ഉണ്ടായിരുന്നു. തിരിഞ്ഞുനോക്കാതെ ഓടി. റെയില്‍പ്പാതയിലെത്തിയപ്പോള്‍ ആരോടോ മൊബൈല്‍ ഫോണ്‍ വാങ്ങി വീട്ടിലേക്ക് വിളിച്ചു. വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ജ്യേഷ്ഠന്‍ കുഞ്ഞിക്കണ്ണന്‍ വന്നിരുന്നു. അവരോട് വിവരംപറയാന്‍ പറഞ്ഞു. ഇനി ഒരിക്കലും ഓര്‍ക്കാനിഷ്ടമില്ലാത്ത ദുഃസ്വപ്നം -കൃഷ്ണന്‍ പറഞ്ഞുനിര്‍ത്തി.
രണ്ടരവര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍വന്നത്. ദുബായില്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ജീവനക്കാരനാണ് കൃഷ്ണന്‍. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണ്‍വിളികള്‍ അവസാനിക്കുന്നില്ല. ഓരോരുത്തരോടും കൃഷ്ണന്‍ വിവരിക്കുകയാണ് -പുനര്‍ജന്മത്തിന്റെ കഥ.