പേര് ബ്ലാക്‌ബോക്‌സ്; നിറം ഓറഞ്ച്
Posted on: 24 May 2010

വിമാന ദുരന്തമുണ്ടായാല്‍ ഉത്തരം കിട്ടാതെ ഒട്ടേറെ ചോദ്യങ്ങള്‍ അവശേഷിക്കും. അവയുടെ ചുരുളഴിക്കാന്‍ അന്വേഷണോദ്യോഗസ്ഥര്‍ ആശ്രയിക്കുന്നത് ഡിജിറ്റല്‍ കോക്പിറ്റ് വോയ്‌സ് റെക്കോഡര്‍ (ഡി.വി.ആര്‍.), ഫൈ്‌ളറ്റ് ഡാറ്റ റെക്കോഡര്‍ (എഫ്.ഡി.ആര്‍.) എന്നിവയെയാണ്. രണ്ടും ചേര്‍ത്ത് പൊതുവെ ഒറ്റ യൂണിറ്റായിട്ടാണ് ഉപയോഗിക്കാറുള്ളത്. ഇതിനെയാണ് 'ബ്ലാക്‌ബോക്‌സ്' എന്നു വിളിക്കുന്നത്.
പേര് ബ്ലാക്‌ബോക്‌സ് എന്നാണെങ്കിലും തിളങ്ങുന്ന ഓറഞ്ച് വര്‍ണത്തിലാണ് ബ്ലാക്‌ബോക്‌സിന് പെയിന്റ് ചെയ്യാറുള്ളത്. അപകട സ്ഥലത്തുനിന്ന് എളുപ്പത്തില്‍ കണ്ടെത്താന്‍ വേണ്ടിയാണിത്. ദുരന്തത്തെ അനുസ്മരിച്ചാണ് ബ്ലാക്‌ബോക്‌സ് എന്ന പേരു കൊടുത്തത്. വിമാനത്തിന്റെ പിന്‍ഭാഗത്താണ് ഇവ സൂക്ഷിക്കാറ്. ഈ ഭാഗം മിക്കപ്പോഴും അപകടത്തില്‍ രക്ഷപ്പെടുന്നതിനാലാണിത്.
കോക്പിറ്റിനകത്തെ സംഭാഷണങ്ങളാണ് കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍ രേഖപ്പെടുത്തുന്നത്. പൈലറ്റുമാരും വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളറുമായുള്ള സംഭാഷണം, യാത്രക്കാര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പുകള്‍, വിമാന ജീവനക്കാരുമായുള്ള സംഭാഷണം എന്നിവയെല്ലാം ഇതില്‍ റെക്കോഡ് ചെയ്യും.
വിമാനത്തിന്റെ യാത്രാചരിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ഫൈ്‌ളറ്റ് ഡാറ്റ റെക്കോര്‍ഡറില്‍ പകര്‍ത്തുന്നത്. വേഗം കൂട്ടുന്നത്, എന്‍ജിന്റെ കുതിപ്പ്, സാധാരണ സഞ്ചാരവേഗം, ഉയരം, സ്ഥാനം തുടങ്ങിയ വിവരങ്ങള്‍ ഇതിലുണ്ടാകും.
ഒരു ചെരിപ്പുപെട്ടിയെക്കാള്‍ അല്പം കൂടുതല്‍ വലിപ്പമുള്ള ബ്ലാക്‌ബോക്‌സിന് പ്രകാശരശ്മികളെ പ്രതിഫലിപ്പിക്കാന്‍ കഴിയും. ഉയര്‍ന്ന താപത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഉരുക്കുകവചമുള്ളതിനാല്‍ വന്‍ അഗ്‌നിബാധയെപ്പോലും അതിജീവിക്കാനാവും. വെള്ളത്തില്‍ മുങ്ങിപ്പോയാലും പ്രവര്‍ത്തനക്ഷമമായിരിക്കും.
അപകടസ്ഥലത്തുനിന്ന് വീണ്ടെടുക്കുന്ന ബ്ലാക്‌ബോക്‌സ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡല്‍ഹി ലാബുകളിലാണ് വിശകലനം ചെയ്യുക. ഇതില്‍ ബുദ്ധിമുട്ട് നേരിട്ടാല്‍ വിമാനനിര്‍മാതാക്കളായ ബോയിങ് കമ്പനിയുടെ സഹായം തേടും.