സങ്കടത്തീയില്‍ വിട, കാസര്‍കോടിന് നഷ്ടമായത് 43 ജീവന്‍
Posted on: 24 May 2010


മംഗലാപുരം/കാസര്‍കോട്: മംഗലാപുരം ബജ്‌പെ വിമാനദുരന്തത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ അശ്രുപൂജ. അപകടത്തില്‍ മരിച്ച 158 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി എയര്‍ ഇന്ത്യാ വക്താവ് ഹര്‍പ്രീത് സിങ് വ്യക്തമാക്കി. മരിച്ചവരില്‍ 46 പേര്‍ മലയാളികളാണെന്ന് സ്ഥിരീകരിച്ചു. ഇതില്‍ 43 പേരും കാസര്‍കോട് ജില്ലക്കാരാണ്.
മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ എത്തിയപ്പോള്‍ ഹൃദയഭേദകമായ കാഴ്ചയായിരുന്നു കാസര്‍കോട് ജില്ലയില്‍. അലമുറകളും ആര്‍ത്തനാദങ്ങളും ഉയര്‍ന്നു.
ചില വീടുകളില്‍ ഒന്നിലധികം പേരുടെ മൃതദേഹങ്ങളുമായാണ് ആംബുലന്‍സ് എത്തിയത്. കല്യാണപ്പന്തലൊരുക്കി കാത്തിരുന്ന വീടുകളില്‍ ചേതനയറ്റ് കരിഞ്ഞ ശരീരങ്ങള്‍ എത്തിയപ്പോള്‍ കണ്ടുനിന്നവര്‍ക്ക് കണ്ണീരടക്കാനായില്ല. അടുത്ത ബന്ധുക്കളെപ്പോലും കാണിക്കാന്‍ പറ്റാത്ത സ്ഥിതിയിലായിരുന്നു മൃതദേഹങ്ങള്‍.
മംഗലാപുരം വെന്‍ലോക് ആസ്പത്രിയില്‍ കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ഹെല്‍പ്പ് ഡസ്‌ക് ആണ് അപകടത്തില്‍ മരിച്ച മലയാളികളുടെ പട്ടിക തയ്യാറാക്കിയത്. മരിച്ച 38 മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാള്‍ കണ്ണൂര്‍ സ്വദേശിയാണ്.
ദുരന്തത്തില്‍ മരിച്ച 128 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയതായി എയര്‍ ഇന്ത്യ അറിയിച്ചു. എന്നാല്‍, തിരിച്ചറിയാന്‍ കഴിയാത്ത 22 മൃതദേഹങ്ങള്‍ ഡി.എന്‍.എ. പരിശോധന നടത്തും.
മംഗലാപുരത്തെ വിവിധ ആസ്പത്രികളില്‍ പോസ്റ്റ്‌മോര്‍ട്ടംനടത്തിയ മൃതദേഹങ്ങള്‍ ഞായറാഴ്ചയോടെ നാട്ടിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചുതുടങ്ങി. അതിനിടെ മോര്‍ച്ചറികളില്‍ സൂക്ഷിച്ച തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ ബന്ധുക്കളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. ഡി.എന്‍.എ. പരിശോധനയ്ക്കായി ബന്ധുക്കള്‍ മംഗലാപുരത്തെത്തിയിട്ടുണ്ട്.
ഉപ്പള, കുമ്പള, കാസര്‍കോട്, മൊഗ്രാല്‍ പൊയിനാച്ചി, ബന്തടുക്ക, കുണ്ടംകുഴി, കാഞ്ഞങ്ങാട്, പരപ്പ, നീലേശ്വരം എന്നീ പ്രദേശങ്ങളിലാണ് ദുരന്തം കൂടുതലായി ആഘാതമേല്‍പ്പിച്ചത്.
വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ നേതാക്കള്‍ വീടുകളിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.