നടുക്കുന്ന ഓര്‍മ
പ്രവീണ്‍ കൃഷ്ണന്‍ Posted on: 30 Oct 2009

''75-ലെ അടിയന്തരാവസ്ഥാപ്രഖ്യാപനം ഇന്ദിരാഗാന്ധിക്കെതിരെ രാഷ്ട്രീയഎതിരാളികള്‍ പിന്നീടെന്നും ആയുധമാക്കിയിരുന്നു. '73, '74 കാലഘട്ടത്തില്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന നിരവധി സംഭവങ്ങള്‍ രാജ്യത്ത് ഉണ്ടായി. വരള്‍ച്ച, ഭക്ഷ്യദൗര്‍ലഭ്യം എന്നിവയും. ഈ ഘട്ടത്തിലാണ് ജയപ്രകാശ് നാരായണന്‍ സര്‍ക്കാറിനെ വെല്ലുവിളിക്കുന്നത്. പോലീസിനോടും പട്ടാളത്തിനോടുമൊന്നും സര്‍ക്കാറിന്റെ ഉത്തരവ് അംഗീകരിക്കരുത് എന്ന് ആഹ്വാനം ചെയ്തു. രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുന്നതായി തോന്നല്‍ ശക്തമായി. ഇതുതടയാന്‍ ശക്തമായ എന്തെങ്കിലും നടപടിയാണ് ഇന്ദിരാഗാന്ധി ആഗ്രഹിച്ചത്. അടുത്തുനിന്നവര്‍ തന്നെയാണ് അവരെ ആദ്യം തള്ളിപ്പറഞ്ഞത്. '77 ലെ തോല്‍വിക്കുശേഷം ഉപദേശികളും അടുത്തുനിന്നവരുമാണ് ആദ്യം കൂറുമാറിയത്. സിദ്ധാര്‍ഥശങ്കര്‍റേയും സി. സുബ്രഹ്മണ്യവും തന്നെ ഇതിനു ഉദാഹരണം. ജനതാസര്‍ക്കാറിന്റെ കാലത്ത് ഷാ കമ്മീഷന് മുന്നില്‍ ഇന്ദിരയ്‌ക്കെതിരെ മൊഴിനല്‍കാന്‍ ആദ്യമെത്തിയവരില്‍ ഭൂരിപക്ഷവും ഒരുകാലത്ത് അവരോട് അടുത്തുനിന്നവരാണ്. മൊഴി നല്‍കിയാല്‍ ജനതാസര്‍ക്കാറിന് തങ്ങളോട് താത്പര്യം വരുമെന്ന് അവര്‍ പ്രതീക്ഷിച്ചിരിക്കണം.
ഇത് ഇന്ദിരാഗാന്ധിയെ വേദനിപ്പിച്ചിരുന്നു. പക്ഷേ, ഇതൊന്നും അവരെ തളര്‍ത്തിയില്ല. അവര്‍ അത്രയ്ക്ക് നിശ്ചയദാര്‍ഢ്യമുള്ള വ്യക്തിയായിരുന്നു.
''നിങ്ങള്‍ക്കറിയുമോ, ജനതാസര്‍ക്കാറിന്റെ കാലത്ത് സഞ്ജയ്ഗാന്ധിയുടെ ജാമ്യാപേക്ഷ തള്ളി, അദ്ദേഹത്തെ ജയിലിലടച്ചു.'' ഒരു യാത്രകഴിഞ്ഞു ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇന്ദിരാഗാന്ധി നേരേ പോയത് ജയിലിലേക്കാണ്. ധൈര്യമായിരിക്കാനാണ് അവര്‍ സഞ്ജയ്ഗാന്ധിയോട് പറഞ്ഞത്. ഇതെല്ലാം രാഷ്ട്രീയജീവിതത്തിന്റെ ഭാഗമാണെന്നും പറഞ്ഞു''.
ദീര്‍ഘകാലം ഇന്ദിരാഗാന്ധിയോടൊപ്പം പ്രവര്‍ത്തിച്ച താങ്കള്‍ അവരെ വ്യക്തിപരമായി എങ്ങനെ വിലയിരുത്തുന്നു?
ഉറച്ച സ്വഭാവക്കാരിയായിരുന്നു. ഒന്നിനെയും അവര്‍ ഭയപ്പെട്ടിരുന്നില്ല. തീരുമാനം എടുക്കുംമുമ്പ് പലരുമായും കൂടിയാലോചിക്കും, പക്ഷേ, എടുക്കുന്ന തീരുമാനം അവരുടെത് മാത്രമായിരിക്കും. പ്രത്യാഘാതം എന്തുതന്നെയായാലും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യും. ഈ ധീരമായ നടപടികളിലൂടെ രാജ്യത്തെ എക്കാലത്തെയും ഏറ്റവും വലിയ നേതാക്കളില്‍ ഒരാളായി അവര്‍ ഉയര്‍ന്നു. ലോകത്തിലെത്തന്നെ എക്കാലത്തെയും ഏറ്റവും വലിയ വനിതാനേതാക്കളില്‍ ഒരാളായിരിക്കും ഇന്ദിരാഗാന്ധി. മതേതരത്വത്തിലും ജനാധിപത്യത്തിലും അവര്‍ക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. എന്തിനേയും ലാഘവത്തോടെയാണ് അവര്‍ കണ്ടിരുന്നത്. ജനതാസര്‍ക്കാറിന്റെ കാലത്ത് ഇന്ദിരാഗാന്ധിക്കും കുടുംബത്തിനുമെതിരെ ഒത്തിരി പീഡനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എല്ലാ തരത്തിലുമുള്ള തരംതാണ കെട്ടിച്ചമച്ച ആരോപണങ്ങളും പ്രചരിപ്പിച്ചു. പക്ഷേ, സത്യം ജയിക്കുമെന്ന ഉറച്ചവിശ്വാസം ഉണ്ടായിരുന്നതിനാല്‍ അവര്‍ അത്രയ്ക്ക് ആകുലപ്പെട്ടിരുന്നില്ല.
കുടുംബങ്ങളോടുള്ള ഇന്ദിരാഗാന്ധിയുടെ സമീപനം എങ്ങനെയായിരുന്നു?
വളരെ വാത്സല്യനിധിയായ ഒരു മുത്തശ്ശിയായിരുന്നു ഇന്ദിരാഗാന്ധി. എത്ര തിരക്കുണ്ടെങ്കിലും പേരക്കുട്ടികള്‍ക്കുവേണ്ടി സമയം കണ്ടെത്തുമായിരുന്നു. അവരുമൊത്ത് കളിക്കാനും അവര്‍ക്ക് കഥ പറഞ്ഞുകൊടുക്കാനുമൊക്കെ ഇന്ദിരാഗാന്ധിക്ക് വലിയ താത്പര്യമായിരുന്നു.
ചില കാര്യങ്ങളില്‍ ഇന്ദിരാഗാന്ധി വല്ലാത്ത നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നതായി കേട്ടിട്ടുണ്ട്. ഒപ്പം ജോലി ചെയ്യുന്നവരോട് എങ്ങനെയായിരുന്നു?
പറയാനുള്ളത് വളരെ ഹ്രസ്വമായി പറയണമെന്ന് നിര്‍ബന്ധമുണ്ട്. ആവശ്യമില്ലാതെ അതുമിതും പറയുന്നത് ഇഷ്ടമല്ല. ഒപ്പം ജോലിചെയ്യുന്നവര്‍ ഇക്കാര്യം ശ്രദ്ധിച്ചിരുന്നു. കാര്യങ്ങള്‍ കൃത്യമായും വ്യക്തമായും ചുരുങ്ങിയ വാക്കുകളില്‍ അവതരിപ്പിക്കണം. അതായിരുന്നു താത്പര്യം. കാര്യങ്ങള്‍ ചിട്ടയായും ഭംഗിയായും ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഔദ്യോഗിക വിരുന്നുകളിലും മറ്റും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ശരിയായും മാന്യമായും വേഷവിധാനം ചെയ്യണമെന്നും അവര്‍ക്ക് നിഷ്‌കര്‍ഷയുണ്ടായിരുന്നു. തലമുടി ചീകി ഒതുക്കുന്നതുപോലും അലക്ഷ്യമായി ചെയ്യുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല.
പലപ്പോഴും അവര്‍ പെട്ടെന്ന് ക്ഷോഭിച്ചിരുന്നു. എന്നോട് പലതവണ ക്ഷോഭിച്ചു സംസാരിച്ചിട്ടുണ്ട്. ജോലി നഷ്ടപ്പെട്ടു എന്നുതന്നെ ഞാന്‍ കരുതിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ക്ഷോഭം താത്കാലികമായിരിക്കും. കുറച്ചുകഴിഞ്ഞാല്‍ വളരെ സ്നേഹത്തോടെ സംസാരിക്കും.
കലയിലും സാഹിത്യത്തിലും അതീവ താത്പര്യമുണ്ടായിരുന്നു. നല്ല വായനക്കാരി ആയിരുന്നു. മറ്റൊരുകാര്യം ഞാന്‍ ശ്രദ്ധിച്ചിട്ടുള്ളത് പലകാര്യങ്ങള്‍ ഒരേസമയം ചെയ്യാനുള്ള അവരുടെ കഴിവാണ്. ഒരുകാര്യം ശ്രദ്ധിച്ചുകൊണ്ട് തന്നെ അവര്‍ക്ക് മറ്റൊരാളോട് സംസാരിക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ സവിശേഷമായ ഒരു കഴിവ് ഇന്ദിരാഗാന്ധിക്ക് ഉണ്ടായിരുന്നു.
1984 ഒക്ടോബര്‍ 31-ന് സഫ്ദര്‍ജങ് റോഡിലെ ഔദ്യോഗികവസതിയില്‍ വെച്ച് ഇന്ദിരാഗാന്ധിക്ക് വെടിയേല്‍ക്കുമ്പോള്‍ അവരുടെ തൊട്ടുപിറകില്‍ ആര്‍.കെ. ധവാനുമുണ്ടായിരുന്നു. സുരക്ഷാഭടന്മാരായ ബിയാന്ത് സിങ്ങിന്റെയും തുടര്‍ന്ന് സത്‌വന്ത് സിങ്ങിന്റെയും വെടിയേറ്റു ഇന്ദിരാഗാന്ധി വീഴുന്നരംഗം ഇന്നലെ എന്നപോലെ ധവാന്റെ മനസ്സില്‍ മായാതെ കിടക്കുന്നു. ആ രംഗം ഇന്നും എനിക്ക് നടുക്കുന്ന ഓര്‍മയാണ്. ഡല്‍ഹിയിലെ ഗോള്‍ഫ് ലിങ്ക്‌സിലെ വസതിയില്‍ വെച്ച് 25 വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ആ കറുത്ത ഒക്ടോബര്‍ 31 ലെ സംഭവങ്ങള്‍ വിവരിക്കവേ ധവാന്‍ പറഞ്ഞു.
''ഒരു നിമിഷം സത്യത്തില്‍ ഞാന്‍ മരവിച്ചു പോയിട്ടുണ്ടാകണം. പിന്നീടാണ് യാഥാര്‍ഥ്യത്തിലേക്ക് എത്തുന്നത്. എത്രയും എളുപ്പം ആസ്പത്രിയിലെത്തിക്കുക എന്ന ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. സോണിയാജിയും സുരക്ഷാ ഓഫീസറും എന്നോടൊപ്പമുണ്ടായിരുന്നു. കാറിലാണ് ആസ്പത്രിയിലേക്ക് കൊണ്ടുപോയത്.''
62-ല്‍ ഇന്ദിരാഗാന്ധിയുടെ പി.എ. യായി അവര്‍ക്കൊപ്പം ചേര്‍ന്ന ധവാന്‍ പിന്നീടുള്ള 24 വര്‍ഷം അവരുടെ ഉയര്‍ച്ചകളിലും താഴ്ച്ചകളിലും കൂടെത്തന്നെയായിരുന്നു.