Mathrubhumi Logo
  indira head

അതുല്യ, അനുപമ

എന്‍.അശോകന്‍/ പ്രവീണ്‍ കൃഷ്ണന്‍ Posted on: 30 Oct 2009

ഇന്ദിരാഗാന്ധിയുടെ നിശ്ചയദാര്‍ഢ്യം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. അതേപോലെ എല്ലാവരോടും സമഭാവനയോടെയുള്ള പെരുമാറ്റവും. ജാതി, മത,ദേശ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേപോലെ കാണുന്നത് നെഹ്രു കുടുംബത്തിന്റെ പൊതുവില്‍ തന്നെയുള്ള പ്രത്യേകതയാണ്. ഇന്ത്യയ്ക്ക് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും മതിപ്പ് ലഭിച്ചത് ഇന്ദിരാജിയുടെ കാലത്താണ് - ഇന്ദിരാജിയുടെ നാനാതല സ്​പര്‍ശിയായ വ്യക്തിത്വത്തെക്കുറിച്ച് പ്രതിരോധമന്ത്രി എ.കെ.ആന്റണി സംസാരിക്കുന്നു


25വര്‍ഷം മുമ്പത്തെ ആ ഒക്ടോബര്‍ 31 എ.കെ.ആന്റണിയുടെ മനസ്സില്‍ നിന്ന് ഇന്നും മാഞ്ഞിട്ടില്ല. ഡല്‍ഹിയിലെ കൃഷ്ണമേനോന്‍ മാര്‍ഗിലെ പ്രതിരോധമന്ത്രിയുടെ ഔദ്യോഗിക വസതിയിലിരുന്ന് ആ കറുത്ത ദിവസത്തിന്റെ ഓര്‍മ പങ്കുവെക്കുമ്പോള്‍ ആന്റണിയുടെ മനസ്സില്‍ ആദ്യം തെളിയുന്നത് ഒരു ചിത്രമാണ്. തീന്‍മൂര്‍ത്തിഭവനില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്ന ഇന്ദിരാഗാന്ധിയുടെ ചേതനയറ്റ ശരീരം. ആ കാഴ്ച ഒരിക്കലും മനസ്സില്‍ നിന്ന് മായില്ല- ആന്റണി പറഞ്ഞു.
''ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട '84 ഒക്ടോബര്‍ 31ന് ഞാന്‍ ചെന്നൈയിലായിരുന്നു. തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ്സിന്റെ ആസ്ഥാനമായ സത്യമൂര്‍ത്തി ഭവനില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമായി കൂടിക്കാഴ്ചയും ചര്‍ച്ചകളുമായിരുന്നു. അന്ന് ഞാന്‍ തമിഴ്‌നാടിന്റെയും ആന്ധ്രയുടെയും ലക്ഷദ്വീപിന്റെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെയും ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയാണ്. പാര്‍ട്ടി ചുമതലയുടെ ഭാഗമായാണ് തമിഴ്‌നാട്ടിലേക്ക് തിരിച്ചത്.''
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന കാലം. പ്രധാനമന്ത്രിയായ ഇന്ദിരാജി വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും ഓരോ മണ്ഡലങ്ങളില്‍ മത്സരിക്കണമെന്ന് പാര്‍ട്ടിയില്‍ ആലോചന നടന്നിരുന്നു. തമിഴ്‌നാട്ടില്‍ ഇന്ദിരാജി മത്സരിക്കുന്നതിനെക്കുറിച്ചു കൂടി ആലോചിക്കാനാണ് ചെന്നൈയിലെത്തിയത്.
''സത്യമൂര്‍ത്തി ഭവനില്‍ എത്തിയ സംസ്ഥാന പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇന്ദിരാജി തമിഴ്‌നാട്ടില്‍ മത്സരിക്കുമെന്ന വിവരം ഏറെ ആവേശം പകര്‍ന്നു. മധുരയാണ് സംസ്ഥാന നേതാക്കള്‍ നിര്‍ദേശിച്ചത്. ഇങ്ങനെ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഡല്‍ഹിയില്‍ നിന്ന് സന്ദേശമെത്തുന്നത്. ഇന്ദിരാജിക്ക് വെടിയേറ്റു എന്ന വിവരം.
''പിന്നീട് എല്ലാം യാന്ത്രികമായിരുന്നു. കൂടിക്കാഴ്ച അവസാനിപ്പിച്ചു. ആരോ തമിഴ്‌നാട് സര്‍ക്കാറുമായി ബന്ധപ്പെട്ടു. സംസ്ഥാന നേതാക്കള്‍ പ്രത്യേക വിമാനം ഏര്‍പ്പാടുചെയ്തു. അവര്‍ക്കൊപ്പം ഡല്‍ഹിയിലെത്തി. ആ ദിവസത്തെ ഡല്‍ഹിയിലെ അന്തരീക്ഷം ഒരിക്കലും മറക്കാന്‍ കഴിയില്ല. വല്ലാത്ത ഒരു ഞെട്ടലിലായിരുന്നു ഡല്‍ഹി. തികച്ചും സേ്ഫാടനാത്മകമായ ഒരു സാഹചര്യം.
''ചില സ്ഥലങ്ങളില്‍ ചില്ലറ അക്രമ സംഭവങ്ങള്‍ തുടങ്ങിയിരുന്നു. ഇന്ദിരാജിയുടെ മൃതദേഹം സഫ്ദര്‍ജങ് റോഡിലെ വസതിയിലും പിന്നീട് തീന്‍മൂര്‍ത്തിഭവനിലും പൊതുദര്‍ശനത്തിന് വെച്ചു. വൈകുന്നേരം രാജീവ്ഗാന്ധി എത്തി. അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തശേഷം പാര്‍ട്ടി ഭാരവാഹികളുടെ യോഗവും രാജീവ്ഗാന്ധി വിളിച്ചിരുന്നു. അക്രമം തടയാന്‍ പാര്‍ട്ടി നേതാക്കള്‍ ശ്രദ്ധിക്കണമെന്നാണ് രാജീവ്ഗാന്ധി നിര്‍ദേശിച്ചത്.
''ഗാന്ധിജിയുടെ ശവസംസ്‌കാരച്ചടങ്ങിനുശേഷം ഡല്‍ഹിയില്‍ ഇത്രയും ജനക്കൂട്ടം ഉണ്ടായ മറ്റൊരു സംഭവമില്ല. രാജീവ്ഗാന്ധി ചിതയ്ക്ക് തീകൊളുത്തും വരെ, അവസാനഘട്ടം വരെ ഞങ്ങളെല്ലാം ഉണ്ടായിരുന്നു. ''തീന്‍മൂര്‍ത്തി ഭവനില്‍ പൊതുദര്‍ശനത്തിനുവെച്ച നിലയിലാണ് ഇന്ദിരാജിയുടെ മുഖം അവസാനമായി കാണുന്നത്. ആ മുഖം ഇന്നും മനസ്സില്‍നിന്ന് മായാതെ നില്‍ക്കുന്നു.
ഇന്ദിരാഗാന്ധിയുമായുള്ള വ്യക്തിബന്ധത്തിന്റെ തുടക്കം
എങ്ങനെയാണ്?

ഇന്ദിരാജിയുമായി ഞാന്‍ നേരിട്ട് ബന്ധപ്പെടുന്നത് 68ല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കുമ്പോഴാണ്. ബാങ്ക് ദേശസാത്കരണം അടക്കം ഇന്ദിരാജി വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്ന കാലം. പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. അന്ന് പാലക്കാട്ട് നടന്ന യൂത്ത് കോണ്‍ഗ്രസ്സിന്റെ നിര്‍ണായക സമ്മേളനം ഇന്ദിരാഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചു. പിന്തുണ പ്രഖ്യാപിക്കുന്ന ആദ്യ സമ്മേളനം അതായിരുന്നുവെന്നാണ് ഓര്‍മ. ഞാനും വയലാര്‍ രവിയും ചേര്‍ന്ന് ഇന്ദിരാഗാന്ധിയെ പിന്തുണച്ച് സംയുക്ത പ്രസ്താവന ഇറക്കുകയായിരുന്നു.
ഡല്‍ഹിയില്‍ എത്തുമ്പോള്‍ സഫ്ദര്‍ജങ് റോഡിലെ വസതിയില്‍പ്പോയി ഇന്ദിരാജിയെ കാണും. അന്ന് ഇങ്ങനെയുള്ള സുരക്ഷാ സന്നാഹങ്ങളൊന്നുമില്ല. അന്നത്തെ ഡല്‍ഹിയും ഇന്നത്തെ ഡല്‍ഹിയും താരതമ്യം ചെയ്യാന്‍ പറ്റില്ല. കേരള ഹൗസിന് മുന്നില്‍ നിന്ന് ടാക്‌സി പിടിച്ചാല്‍ പ്രധാനമന്ത്രിയായ ഇന്ദിരാജിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ പോര്‍ട്ടിക്കോയ്ക്ക് സമീപം ചെന്നിറങ്ങാം. ഒരു സുരക്ഷാപ്രശ്‌നവുമില്ല.
ആഴ്ചയിലൊരിക്കല്‍ ജനങ്ങള്‍ക്കായി ഔദ്യോഗിക വസതിയില്‍ അവര്‍ ജനകീയ ദര്‍ബാര്‍ നടത്തിയിരുന്നു. ജനങ്ങളുടെ നാഡിമിടിപ്പുകള്‍ അവര്‍ എന്നും മനസ്സിലാക്കിയിരുന്നു.
ഒരിക്കല്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോള്‍ മണ്ണെണ്ണയുടെ നികുതി കൂട്ടണമെന്ന് ആരോ ശുപാര്‍ശ ചെയ്തു. ആ നിര്‍ദേശം അടങ്ങിയ ഫയല്‍ ഇന്ദിരാജി വലിച്ചെറിഞ്ഞു. ജനങ്ങളുടെ നാഡിമിടിപ്പ് അറിയാവുന്നതിനാലാണ് ഇന്ദിരാജി നികുതികൂട്ടാന്‍ തയ്യാറാകാതിരുന്നത്.
ഇന്ദിരാഗാന്ധിയുടെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയിട്ടുള്ളത് എന്താണ്?

ഇന്ദിരാഗാന്ധിയുടെ നിശ്ചയദാര്‍ഢ്യം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. അതേപോലെ എല്ലാവരോടും സമഭാവനയോടെയുള്ള പെരുമാറ്റവും. ജാതി, മത, ദേശ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേപോലെ കാണുന്നത് നെഹ്രു കുടുംബത്തിന്റെ പൊതുവില്‍ തന്നെയുള്ള പ്രത്യേകതയാണ്. ഇന്ത്യയ്ക്ക് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും മതിപ്പ് ലഭിച്ചത് ഇന്ദിരാജിയുടെ കാലത്താണ്.
പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ നിയാസിയും കൂട്ടരും കീഴടങ്ങിയപ്പോള്‍ ബംഗ്ലാദേശിന്റെ ഭരണം മുജീബിനെ ഏല്പിച്ചു. ബംഗ്ലാദേശിന്റെ മോചനത്തിന് ഇന്ത്യ ഇടപെട്ടപ്പോള്‍ അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന നിക്‌സണ്‍ ഇന്ത്യയ്ക്ക് എതിരായി രംഗത്തെത്തി. അമേരിക്കയുടെ ഏഴാം കപ്പല്‍പ്പടയെ ഇന്ത്യന്‍ സമുദ്രത്തിലേക്ക് അയയ്ക്കാന്‍ നിക്‌സണ്‍ തീരുമാനിച്ചു. പക്ഷേ, അമേരിക്കയുടെ ഈ നടപടിയൊന്നും കണ്ട് ഇന്ദിരാജി കുലുങ്ങിയില്ല. അമേരിക്കന്‍ നടപടിയെ വെറുതെ അവഗണിക്കാനാണ് ഇന്ദിരാഗാന്ധി നിര്‍ദേശിച്ചത്.
ഇന്ത്യ - റഷ്യ സൗഹൃദ ഉടമ്പടിയില്‍ ഇന്ത്യ ഒപ്പുവെച്ചതും അക്കാലത്താണ്. അറബ് രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ഉറച്ച സൗഹൃദമുണ്ടായതും ആ സമയത്താണ്. പലസ്തീന്‍ വിമോചന സേന (പി.എല്‍.എ.) യെ ആദ്യം അംഗീകരിക്കുന്നത് ഇന്ത്യയാണ്. ഫിഡല്‍ കാസ്‌ട്രോയും ഇന്ദിരാജിയും തമ്മില്‍ സവിശേഷമായ സാഹോദര്യ ബന്ധമാണ് ഉണ്ടായിരുന്നത്.
ഭക്ഷ്യക്ഷാമം കാരണം ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത് ഇന്ദിരാജിയാണ്. അവരുടെ നേതൃത്വത്തിലുള്ള ഹരിത വിപ്ലവമാണ് രാജ്യത്തെ സ്വയം പര്യാപ്തതയിലേക്ക് നയിച്ചത്.
വ്യവസായം, ശാസ്ത്രം, ബഹിരാകാശം തുടങ്ങിയ മേഖലകളിലും ഇന്ത്യയില്‍ ഇന്ന് കാണുന്ന മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഇന്ദിരാജി ആയിരുന്നു.
രാജ്യത്തെ സ്ത്രീകളുമായി ഇന്ദിരാജി വല്ലാത്ത ഒരു ആത്മബന്ധം സൂക്ഷിച്ചിരുന്നു.
ഇന്ദിരാജിയുമായി വളരെ അടുപ്പം ഉണ്ടായിരുന്നിട്ടും 78ലെ പിളര്‍പ്പില്‍ പാര്‍ട്ടി വിട്ടുപോകാനുണ്ടായ സാഹചര്യം എന്താണ്?

അന്നത്തെ സാഹചര്യത്തില്‍ അത്തരമൊരു നിലപാട് എടുക്കേണ്ടിവന്നു. ദേശീയതലത്തില്‍ ബന്ധപ്പെട്ട് നിന്നിരുന്ന നേതാക്കള്‍ അത്തരമൊരു തീരുമാനമാണ് കൈക്കൊണ്ടിരുന്നത്. അത് ഒരു പ്രത്യേക സാഹചര്യമായിരുന്നു. അതിന് രാഷ്ട്രീയവും അല്ലാത്തതുമായ കാരണങ്ങളുണ്ട്.
ആ തീരുമാനത്തില്‍ പിന്നീട് വേദന തോന്നിയിട്ടുണ്ടോ?

തീര്‍ച്ചയായും മനഃപ്രയാസമുണ്ടായിരുന്നു. ഇന്ദിരാജിയില്‍ നിന്ന് അകന്നുനിന്നപ്പോഴാണ് അവരുടെ മഹത്ത്വം കൂടുതല്‍ മനസ്സിലായത്. അവരോട് കൂടുതല്‍ അടുപ്പം തോന്നിയതും അപ്പോഴാണ്. പാര്‍ട്ടിയില്‍ തിരിച്ചെത്തിയശേഷം ഒരു ഘട്ടത്തില്‍ വിട്ടുപോയ ആള്‍ എന്ന തരത്തിലുള്ള യാതൊരു അകല്‍ച്ചയും ഇന്ദിരാഗാന്ധി കാണിച്ചിട്ടില്ല. ഒരു വലിയ ഹൃദയത്തിന് ഉടമയായിരുന്നു അവര്‍. ചെറുപ്പക്കാരെ എന്നും പ്രോത്സാഹിപ്പിച്ചിരുന്നു.
മടങ്ങിവരവിന് എന്തെല്ലാം വ്യവസ്ഥകളാണ് മുന്നോട്ടുവെക്കുന്നതെന്നാണ് ഇതിനായി ചുമതലപ്പെടുത്തിയ ചിലര്‍ക്ക് അറിയേണ്ടിയിരുന്നത്. ഞാന്‍ പറഞ്ഞു. ''ഒരു വ്യവസ്ഥയുമില്ല''. ''ഞങ്ങള്‍ മടങ്ങിവരുന്നത് ലയനമായിട്ടായിരിക്കണം. രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള ലയനം; ലയന സമ്മേളനത്തില്‍ ഇന്ദിരാജി പങ്കെടുക്കണം''.
ഇതുള്‍പ്പെടെ രണ്ട് ലയന സമ്മേളനങ്ങളില്‍ മാത്രമേ ഇന്ദിരാജി പങ്കെടുത്തിട്ടുള്ളൂ. ഞങ്ങള്‍ വിട്ടുപോന്നതോടെ നായനാര്‍ സര്‍ക്കാര്‍ നിലംപൊത്തി. കരുണാകരന്‍ മുഖ്യമന്ത്രിയായി. പാര്‍ട്ടി വിട്ടുപോയ നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഞാന്‍ ഇന്ദിരാജിയെ കാണുന്നത് തുടര്‍ന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആലുവാ പാലസില്‍വെച്ചാണ്. ശരിക്കും വികാരനിര്‍ഭരമായ കൂടിക്കാഴ്ച ആയിരുന്നു അതെന്ന് പറയാം. ഒരു പിണക്കവും ഇന്ദിരാജി കാട്ടിയില്ല. മുമ്പ് പെരുമാറിയിരുന്ന അതേ ഊഷ്മളതയോടെത്തന്നെയുള്ള പെരുമാറ്റം.
ഗുവാഹാട്ടി കോണ്‍ഗ്രസ് സമ്മേളനത്തില്‍ അടിയന്തരാവസ്ഥയെ വിമര്‍ശിച്ചു സംസാരിച്ചിരുന്നല്ലോ. ഇതില്‍ ഇന്ദിരാഗാന്ധിക്ക് ദേഷ്യമുണ്ടായിരുന്നോ?

ഗുവാഹാട്ടി സമ്മേളനത്തില്‍ ചില എതിരഭിപ്രായങ്ങള്‍ ഞാന്‍ പറഞ്ഞു എന്നുള്ളത് സത്യമാണ്. അടിയന്തരാവസ്ഥയെ പലരും ദുരുപയോഗിക്കുന്ന സാഹചര്യം ഉണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. പ്രസംഗം കഴിഞ്ഞപ്പോള്‍ ആന്റണി കുഴപ്പത്തില്‍ ചാടുമെന്ന് പലരും പറഞ്ഞു. പക്ഷേ, ഒന്നും സംഭവിച്ചില്ല. ആ പ്രസംഗത്തിന്റെ പേരില്‍ യാതൊരു നീരസവും ഇന്ദിരാജി എന്നോടു കാട്ടിയിട്ടില്ല. അവര്‍ വലിയ ഒരു ഹൃദയത്തിന് ഉടമയായിരുന്നു.
കേരളത്തോടും മലയാളികളോടും ഇന്ദിരാഗാന്ധി ഒരു പ്രത്യേക മമത പുലര്‍ത്തിയിരുന്നല്ലോ?

ശരിയാണ് കേരളത്തോട് എന്നും ഒരു അനുഭാവം അവര്‍ക്കുണ്ടായിരുന്നു. ഒരുപക്ഷേ, കേരളത്തിന്റെ തനതായ സെക്കുലര്‍ സ്വഭാവമായിരിക്കാം അവരെ ആകര്‍ഷിച്ചത്. വളരെ സെക്കുലറായ ഒരു വീക്ഷണമാണ് ഇന്ദിരാജി പുലര്‍ത്തിയിരുന്നത്. പിന്നെ എല്ലാ കാലഘട്ടങ്ങളിലും ഏതെങ്കിലും മലയാളികള്‍ ഇന്ദിരാഗാന്ധിക്കൊപ്പം അവരുടെ അടുത്ത വൃത്തങ്ങളില്‍ ഉണ്ടായിരുന്നു. കേരളത്തിന്റെ പുരോഗതിക്ക് നിര്‍ണായകമായ സഹായങ്ങള്‍ ഇന്ദിരാഗാന്ധി ചെയ്തിട്ടുണ്ട്.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് വന്നത് ഇന്ദിരാഗാന്ധിയുടെ കാലത്താണ്. ഏഴിമല നാവിക അക്കാദമിയുടെ രൂപരേഖ ഉണ്ടാക്കിയതും ഇന്ദിരാഗാന്ധിയുടെ കാലത്താണ് പിന്നീട് രാജീവ് ഗാന്ധി അതിന് അംഗീകാരം നല്‍കി. ഐ.എസ്.ആര്‍.ഒ.യുടെ വളര്‍ച്ചയ്ക്കും ഇന്ദിരാഗാന്ധി ഏറെ കാര്യങ്ങള്‍ ചെയ്തു. കേരളത്തോട് ഇന്ദിരാജിക്കുണ്ടായിരുന്ന സവിശേഷ താത്പര്യം അക്കാലത്ത് ഡല്‍ഹിയില്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം അനുഭവപ്പെട്ടിട്ടുള്ള കാര്യമാണ്. ആ മമത രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും തുടര്‍ന്നു.
ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിലും കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയിലും ഇന്ദിരയെ എങ്ങനെ വിലയിരുത്തുന്നു?

പ്രധാനമന്ത്രി എന്ന നിലയില്‍ രാജ്യത്തിന് അവര്‍ ചെയ്ത സംഭാവനകള്‍ മഹത്തരവും ദീര്‍ഘവീക്ഷണപരവുമാണ്. ഇന്ത്യയുടെ പല നേട്ടങ്ങള്‍ക്കും പിന്നില്‍ ഇന്ദിരാജിയായിരുന്നു.
40വര്‍ഷം മുമ്പ് ഇന്ദിരാജി നടപ്പാക്കിയ ബാങ്ക് ദേശസാത്കരണമാണ് സത്യത്തില്‍ ഇപ്പോഴുണ്ടായ ലോക സാമ്പത്തിക തകര്‍ച്ചയിലും കുഴപ്പങ്ങളില്ലാതെ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യയെ സഹായിച്ചത്.
രാജ്യത്തെ പാവപ്പെട്ടവരുടെ നാഡിമിടിപ്പ് അവര്‍ ശരിക്ക് മനസ്സിലാക്കിയിരുന്നു. എന്നും അവരോട് സഹാനുഭൂതി പുലര്‍ത്തിയിരുന്നു. ആദിവാസികള്‍ക്ക് വനഭൂമിയില്‍ അവകാശം നല്‍കുന്ന നിയമത്തിന്റെ പോലും ശരിക്കുള്ള തുടക്കം ഇന്ദിരാജിയുടെ കാലത്താണ്. ഇന്ത്യയ്ക്ക് ലോകരാജ്യങ്ങള്‍ക്കിടയില്‍ സമുന്നത സ്ഥാനം നേടിയെടുത്ത നേതാവാണ് ഇന്ദിരാജി.
എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടി അധ്യക്ഷ കൂടിയായ ഇന്ദിരാജിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആയിരിക്കുമ്പോഴും പാര്‍ട്ടി കാര്യങ്ങള്‍ അവര്‍ സദാശ്രദ്ധിച്ചിരുന്നു-എ.കെ. ആന്റണി പറഞ്ഞു നിര്‍ത്തി.



ganangal

ഫോട്ടോഗാലറി