ഇന്ദിരയെ ഓര്‍ക്കുമ്പോള്‍
Posted on: 29 Oct 2009
ഇന്ദിരയുടെ രാഷ്ട്രീയജീവിതത്തെ മാധ്യമപ്രവര്‍ത്തകനായ ബി.ആര്‍.പി ഭാസ്‌കര്‍
വിലയിരുത്തന്നു..

രണ്ടു പതിറ്റാണ്ടുകാലം ദേശീയരാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ഇന്ദിരാഗാന്ധി ഇന്ന് പരാമര്‍ശിക്കപ്പെടുന്നത് പ്രധാനമായും അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ടാണ്. ഒന്നരക്കൊല്ലം നിലനിന്ന അടിയന്തരാവസ്ഥക്കാല അതിക്രമങ്ങളുടെ കരിനിഴല്‍ അവരെടുത്ത പുരോഗമനപരമായ നടപടികളിലൂടെ രാജ്യം കൈവരിച്ച നേട്ടങ്ങളെ മറയ്ക്കുന്നു. ജീവിച്ചിരിക്കെ ദുര്‍ഗയായും യക്ഷിയായും ചിത്രീകരിക്കപ്പെട്ട ഈ മുന്‍ പ്രധാനമന്ത്രിയുടെ സംഭാവനകള്‍ വസ്തുനിഷ്ഠമായി വിലയിരുത്തേണ്ട കാലമായി.
ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയാക്കിക്കൊണ്ട് കുടുംബവാഴ്ച സ്ഥാപിക്കാന്‍ ജവാഹര്‍ലാല്‍ നെഹ്രു ശ്രമിച്ചെന്ന് വിശ്വസിക്കുന്നവരുണ്ട്. നെഹ്രു ആദ്യം മുതല്‍ക്കേ പാര്‍ട്ടിയിലെ യാഥാസ്ഥിതികരില്‍ നിന്ന് ശക്തമായ എതിര്‍പ്പ് നേരിട്ടിരുന്നു. അദ്ദേഹത്തിനും വല്ലഭ്ഭായ് പട്ടേലിനുമിടയിലുള്ള അകല്‍ച്ച ഇല്ലാതാക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ടിരിക്കുമ്പോഴാണ് ഗാന്ധിജി കൊല്ലപ്പെട്ടത്. കോണ്‍ഗ്രസ്സിന്റെ അധ്യക്ഷന്മാരായി തിരഞ്ഞെടുക്കപ്പെട്ട ജെ.ബി. കൃപലാനിയും പുരുഷോത്തം ദാസ് ഠണ്ഡനും നെഹ്രുവുമായി ഇടഞ്ഞു. പാര്‍ട്ടിക്കുള്ളിലെ വലതുപക്ഷത്തിന്റെ വെല്ലുവിളിനേരിടാന്‍ അദ്ദേഹം കണ്ട മാര്‍ഗം ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ പാര്‍ട്ടിവിട്ട സോഷ്യലിസ്റ്റുകളെ തിരിച്ചുകൊണ്ടുവന്ന് മധ്യഇടതു (left-of-centre) ചേരിയെ ശക്തിപ്പെടുത്തുകയെന്നതാണ്.
ക്വിറ്റ്ഇന്ത്യാ സമരനായകനെന്ന നിലയില്‍ അന്ന് രാജ്യത്ത് ഏറ്റവുമധികം ജനസമ്മതിയുള്ള പുതുതലമുറ നേതാവ് ജെ.പി. ആയിരുന്നു. അദ്ദേഹം പാര്‍ട്ടിയില്‍ തിരിച്ചെത്തിയാല്‍ സ്വാഭാവികമായും നെഹ്രുവിന്റെ പിന്‍ഗാമിയായി കരുതപ്പെടും. എന്നിട്ടും 1950-കളുടെ ആദ്യം നെഹ്രു അതിന് തയ്യാറായിരുന്നുവെന്നത് മകളെ പ്രധാനമന്ത്രിയാക്കുകയെന്ന ചിന്ത അക്കാലത്ത് ഏതായാലും അദ്ദേഹത്തിന്റെ മനസ്സിലില്ലായിരുന്നെന്ന് വ്യക്തമാക്കുന്നു.
നെഹ്രു 1946-ല്‍ ഇടക്കാല സര്‍ക്കാരില്‍ ചേര്‍ന്നതു മുതല്‍ ഔദ്യോഗിക വസതിയില്‍ ആതിഥേയയായുണ്ടായിരുന്ന ഇന്ദിരാഗാന്ധി ആദ്യമായി ഒരുന്നതപദവി വഹിക്കുന്നത് 1959-ല്‍ കോണ്‍ഗ്രസ് അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ്. ഇന്ദിരയുടെ പേര്‍ അധ്യക്ഷസ്ഥാനത്തേക്ക് ചില രണ്ടാംനിര നേതാക്കള്‍ നിര്‍ദേശിച്ചത് നെഹ്രുവിന്റെ അറിവോടുകൂടിയായിരുന്നില്ല. പാര്‍ട്ടി അധ്യക്ഷയെന്ന നിലയില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടണമെന്ന ആവശ്യം നെഹ്രുവിനെക്കൊണ്ട് അംഗീകരിപ്പിക്കുന്നതില്‍ അവര്‍ നിര്‍ണായകമായ പങ്ക് വഹിച്ചു. പക്ഷേ, അതിനുശേഷം നെഹ്രുവിന്റെ ജീവിതകാലത്ത് ഇന്ദിരാഗാന്ധി ഒരു സ്ഥാനമേ വഹിച്ചിരുന്നുള്ളൂ. അത് ചൈനാ യുദ്ധത്തെ തുടര്‍ന്ന് രൂപീകരിക്കപ്പെട്ട സിറ്റിസണ്‍സ് കൗണ്‍സിലിന്റെ അധ്യക്ഷപദവിയാണ്. അതിനെ പ്രധാനമന്ത്രിപദത്തിലേക്കുള്ള പരിശീലനക്കളരിയായി കരുതാനാവില്ല.

നെഹ്രു അന്തരിച്ചപ്പോള്‍ പ്രധാനമന്ത്രിപദത്തിന് ഇന്ദിരാഗാന്ധിയുടെ പേര് ആരും നിര്‍ദേശിച്ചതേയില്ല. ലാല്‍ ബഹദൂര്‍ശാസ്ത്രി, മൊറാര്‍ജി ദേശായി എന്നിവരില്‍ ആര്‍ പിന്‍ഗാമിയാകണം എന്നതായിരുന്നു പാര്‍ട്ടിയുടെ മുന്നിലുള്ള ചോദ്യം. കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കെ. കാമരാജ് പാര്‍ട്ടിയെ 'മധ്യവര്‍ത്തി'യായ ശാസ്ത്രിക്ക് അനുകൂലമാക്കിയെടുത്തു. ഇടതുപക്ഷക്കാരനായി അറിയപ്പെട്ടിരുന്ന വി.കെ.കൃഷ്ണമേനോന്‍ അന്ന് മൊറാര്‍ജിയെയാണ് പിന്തുണച്ചത്. സുഹൃത്തുക്കള്‍ക്ക് അദ്ദേഹം നല്‍കിയ വിശദീകരണം മൊറാര്‍ജി എവിടെയാണ് നില്‍ക്കുന്നതെന്ന് എനിക്ക് കൃത്യമായി അറിയാം, ശാസ്ത്രിയുടെ കാര്യം പറയാനാവില്ല എന്നായിരുന്നു. ശാസ്ത്രിയുടെ അകാലമരണമാണ് ഇന്ദിരാഗാന്ധിക്കു പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴിതുറന്നത്.
മൊറാര്‍ജിയെ തടയാന്‍ കഴിയുന്ന ഒരു നേതാവ് മധ്യത്തിലോ ഇടതുഭാഗത്തോ ഇല്ലാത്ത സാഹചര്യത്തില്‍ കാമരാജ് ശക്തരായ മറ്റ് സംസ്ഥാന നേതാക്കളുടെ പിന്തുണയോടെ ഇന്ദിരാഗാന്ധിയെ ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു. അടുത്തകൊല്ലം നെഹ്രുവില്ലാതെ തിരഞ്ഞെടുപ്പ് നേരിടേണ്ടതുണ്ടെന്ന ചിന്തയാണ് ഇന്ദിരയെ പിന്തുണയ്ക്കാന്‍ സംസ്ഥാന നേതാക്കളെ പ്രേരിപ്പിച്ചത്. വലിയ രാഷ്ട്രീയപരിചയമില്ലാത്ത ഇന്ദിരാഗാന്ധിക്ക് തങ്ങളെ ആശ്രയിക്കേണ്ടിവരുമെന്ന് അവര്‍ കരുതി. ആ ഘട്ടത്തില്‍ കുടുംബവാഴ്ച ആവശ്യമായിരുന്നത് കുടുംബത്തിനേക്കാള്‍ കോണ്‍ഗ്രസ്സിലെ പുതുനേതൃനിരയ്ക്കാണ്. ഇന്നത്തെ സ്ഥിതിയും അതില്‍നിന്ന് ഏറെ വ്യത്യസ്തമാണോ?
പേട്രിയട്ട് ദിനപത്രത്തിനുവേണ്ടി 1963-ല്‍ ഇന്ദിരാഗാന്ധിയുമായി സംഭാഷണം നടത്തിയപ്പോള്‍ വലിയ ആത്മവിശ്വാസമില്ലാത്ത ഒരു നേതാവിനെയാണ് ഞാന്‍ കണ്ടത്. അവരുടെ ചില ഉത്തരങ്ങള്‍ അച്ചടിച്ചുവരുമ്പോള്‍ അതില്‍ ഉറച്ചുനില്‍ക്കാന്‍ അവര്‍ക്കാകുമോയെന്ന് ഞാന്‍ സംശയിച്ചു. മൂന്നു തവണ ഇക്കാര്യം ഞാന്‍ ചൂണ്ടിക്കാണിച്ചു. രണ്ടുതവണ അവര്‍ ഉത്തരം ഭേദഗതി ചെയ്തു. പ്രധാനമന്ത്രിയായി ഒരു കൊല്ലത്തിനുശേഷം, ഒരു പത്രസമ്മേളനത്തില്‍, ആത്മവിശ്വാസം നിറഞ്ഞു തുളുമ്പുന്ന ഇന്ദിരാഗാന്ധിയെ ഞാന്‍ കണ്ടു. കോണ്‍ഗ്രസ്സിലെ സിന്‍ഡിക്കേറ്റിനു വേണ്ടത് അങ്ങനെയൊരാളെ ആയിരുന്നില്ല.
ഇന്ദിരാഗാന്ധിക്ക് കോണ്‍ഗ്രസ്സിനെ പൂര്‍ണമായി രക്ഷിക്കാനായില്ല. കേന്ദ്രത്തില്‍ അതിനു 1967-ല്‍ കുറഞ്ഞ ഭൂരിപക്ഷത്തോടെ പിടിച്ചുനില്‍ക്കാനായെങ്കിലും ഭരണഘടന ഭേദഗതി ചെയ്യാന്‍ വേണ്ട മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഇല്ലാതായി. കമ്യൂണിസ്റ്റ് പാര്‍ട്ടികളെ (സി.പി.ഐ. 23 സീറ്റ്, സി.പി.എം. 19) പിന്തള്ളിക്കൊണ്ട് വലതുപക്ഷം (സ്വതന്ത്രാ പാര്‍ട്ടി 44, ജനസംഘം 35) ലോക്‌സഭയിലെ മുഖ്യപ്രതിപക്ഷമായി. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിനു അധികാരം നഷ്ടപ്പെട്ടു. ചില പ്രാദേശികനേതാക്കള്‍ പാര്‍ട്ടിവിട്ട് പ്രതിപക്ഷ കക്ഷികളുമായി ചേര്‍ന്ന് കൂട്ടുമന്ത്രിസഭകളുണ്ടാക്കി. എക്‌സിക്യൂട്ടീവ് ദുര്‍ബലമായ സാഹചര്യം പ്രയോജനപ്പെടുത്തി സുപ്രീംകോടതി ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാര്‍ലമെന്റിന്റെ അധികാരം പരിമിതപ്പെടുത്തി. എന്‍. സഞ്ജീവ
റെഡ്ഡിയെ രാഷ്ട്രപതിയാക്കിക്കൊണ്ട് പ്രധാനമന്ത്രിയെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ്സിലെ വലതുപക്ഷം പദ്ധതിയിട്ടു. വ്യക്തമായ ഇടതുചായ്‌വ് സ്വീകരിച്ചുകൊണ്ടാണ് അവര്‍ ആ വെല്ലുവിളി നേരിട്ടത്. സഞ്ജീവറെഡ്ഡിക്കെതിരെ അവര്‍ വി.വി.ഗിരിയെ പിന്തുണച്ചത് കോണ്‍ഗ്രസ്സിന്റെ പിളര്‍പ്പില്‍ കലാശിച്ചു.
പാര്‍ട്ടി പിളര്‍ന്നപ്പോള്‍ പ്രധാനമന്ത്രിക്ക് ലോക്‌സഭയില്‍ ഭൂരിപക്ഷം ഇല്ലാതായി. പക്ഷേ, ചൈനാപക്ഷത്തേക്ക് നീങ്ങിയ സി.പി.എമ്മിനെതിരെ സോവിയറ്റ് പക്ഷത്ത് നിലകൊണ്ട സി.പി.ഐ.യുടെയും ഡി.എം.കെ. തുടങ്ങിയ പ്രാദേശിക കക്ഷികളുടെയും സഹായത്തോടെ അവര്‍ക്ക് അധികാരത്തില്‍ തുടരാനായി. വലിയ ബാങ്കുകള്‍ ദേശസാത്കരിച്ചുകൊണ്ടും രാജാക്കന്മാരുടെ പ്രിവിപഴ്‌സ് നിര്‍ത്തലാക്കിക്കൊണ്ടും ഇന്ദിരാഗാന്ധി പുരോഗമനപരമായ പ്രതിച്ഛായ ശക്തിപ്പെടുത്തി. ഈ ഘട്ടത്തില്‍ അവര്‍ പ്രധാനമായും ആശ്രയിച്ചത് സര്‍ക്കാരിലെ ഒരുസംഘം നല്ല ഉദ്യോഗസ്ഥരെയും പാര്‍ട്ടിയിലെ യുവനിര നേതാക്കളെയുമായിരുന്നു.

രാജ്യത്തിനകത്തെന്നപോലെ പുറത്തും കടുത്ത വെല്ലുവിളി ഉയര്‍ന്നു. പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടിയിട്ടും അധികാരം നിഷേധിക്കപ്പെട്ട മുജീബുര്‍ റഹ്മാന്‍ പൂര്‍വ പാകിസ്താനില്‍ കലാപക്കൊടി ഉയര്‍ത്തി. കലാപം അടിച്ചമര്‍ത്താന്‍ പാകിസ്താന്‍ പട്ടാളത്തെ ഇറക്കി. ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ ഇന്ത്യയിലേക്ക് പ്രവഹിച്ചു. ഈ സാഹചര്യത്തില്‍ സൈനിക നടപടിയെക്കുറിച്ചാലോചിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമായി. പട്ടാള മേധാവിയായിരുന്ന ജനറല്‍ മനേക്ഷാ തയ്യാറെടുപ്പിന് സമയം ആവശ്യപ്പെട്ടു. ഇന്ദിരാഗാന്ധി അതു നല്‍കുകയും ആ ഇടവേള നയതന്ത്രനീക്കങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തു. യുദ്ധത്തിനുമുമ്പ് ഇന്ദിരാഗാന്ധി സോവിയറ്റ് യൂണിയനുമായി സൗഹൃദ ഉടമ്പടിയുണ്ടാക്കി. ബംഗ്ലാദേശിന്റെ പിറവിയില്‍ അവസാനിച്ച യുദ്ധം ഇന്ദിരയെ ദുര്‍ഗയാക്കി.
അനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഇന്ദിരാ കോണ്‍ഗ്രസ് 1971-ല്‍ ലോക്‌സഭയിലും 1972-ല്‍ നിരവധി സംസ്ഥാനങ്ങളിലും വലിയ മുന്നേറ്റം നടത്തി. അതോടെ ജുഡീഷ്യറി അല്പം പിന്നോട്ടുപോയി. പാര്‍ലമെന്റിനു ഭരണഘടനയുടെ ഏതുഭാഗവും ഭേദഗതി ചെയ്യാമെന്ന് അത് സമ്മതിച്ചു. പക്ഷേ, അടിസ്ഥാന ഘടനമാറ്റാന്‍ പാടില്ല. പുതിയ ജനവിധിക്ക് വലിയ ആയുസ്സുണ്ടായില്ല. ജയപ്രകാശ് നാരായണന്‍ രാഷ്ട്രീയസംന്യാസം ഉപേക്ഷിച്ച് ബിഹാറിലും ഗുജറാത്തിലും തുടങ്ങിയ അഴിമതിക്കെതിരായ പ്രക്ഷോഭങ്ങളെ സമ്പൂര്‍ണ വിപ്ലവമാക്കി രൂപാന്തരപ്പെടുത്താനെത്തിയപ്പോള്‍ അത് ഒലിച്ചുപോയി.
അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കുകയും ക്രമക്കേട് കാട്ടിയതിന്റെ പേരില്‍ അവരെ അയോഗ്യയാക്കുകയും ചെയ്തപ്പോള്‍ അവര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്വന്തംപാര്‍ട്ടി നേതാക്കളില്‍പ്പോലും വിശ്വാസം അര്‍പ്പിക്കാന്‍ അവര്‍ മടിച്ചു. സഞ്ജയ്ഗാന്ധിയുടെ നേതൃത്വത്തില്‍ ഭരണഘടനാബാഹ്യമായ ഒരു അധികാരകേന്ദ്രം നിലവില്‍വന്നു. ഇന്ദിരാഗാന്ധി യക്ഷിയായി. ജനാധിപത്യപരമായ വിശ്വാസ്യത വീണ്ടെടുക്കാന്‍ തിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ നിരക്ഷരരായ വോട്ടര്‍മാര്‍ ഇന്ദിരയെ പുറത്താക്കി. ജനതാ സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിരാശപ്പെടുത്തിയപ്പോള്‍ അവര്‍ ഇന്ദിരയെ തിരിച്ചുവിളിച്ചു.
മനസ്സില്ലാമനസ്സോടെ മൂന്ന് ഘട്ടങ്ങളിലായി രാജ്യത്ത് ഭാഷാസംസ്ഥാനങ്ങള്‍ ഉണ്ടാക്കിയ നെഹ്രു പഞ്ചാബി സംസ്ഥാനം എന്ന ആവശ്യം നിരസിച്ചു. ആ അനീതി ഇന്ദിരാഗാന്ധി തിരുത്തി. പക്ഷേ, അതിനിടയില്‍ സിഖ് ജനതയ്ക്കിടയില്‍ കടുത്ത അന്യതാബോധം വളര്‍ന്നിരുന്നു. അതിന്റെ ഗുണഭോക്താക്കളായ അകാലി പ്രസ്ഥാനത്തെ ചെറുക്കാന്‍ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിച്ച ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാല എന്ന ജിന്നിനെ തിരികെ കുപ്പിയിലാക്കാനായില്ല. അമൃതസരസ്സിലെ സുവര്‍ണ ക്ഷേത്രത്തിലിരുന്നു കൊലപാതകങ്ങള്‍ സംഘടിപ്പിച്ച ആ യുവസംന്യാസിയെ പുറത്താക്കാന്‍ പട്ടാളത്തെ നിയോഗിച്ചത് സിഖുകാരെ രോഷാകുലരാക്കി. അതേ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ സുരക്ഷാസേനയില്‍നിന്ന് സിഖുകാരെ ഒഴിവാക്കണമെന്ന നിര്‍ദേശമുണ്ടായി. ഇന്ദിരാഗാന്ധി ആ നിര്‍ദേശം തള്ളി. ഒരു ജനതയെ ആകമാനം ഭീകരരായി മുദ്രകുത്തുന്നതിനോട് അവര്‍ യോജിച്ചില്ല. ഒടുവില്‍ സുരക്ഷാഭടന്മാര്‍ അവരുടെ കൊലയാളികളായി.
ഇന്ദിരാഗാന്ധി 1969-ല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തിയപ്പോള്‍ അനുഗമിച്ച വാര്‍ത്താ ഏജന്‍സി പ്രതിനിധിയെന്ന നിലയില്‍ അവരുടെ അസാമാന്യമായ ധൈര്യപ്രകടനം കാണാന്‍ എനിക്ക് അവസരമുണ്ടായി. റിഫൈനറിക്കുവേണ്ടിയുള്ള സമരം നടക്കുന്ന അസമില്‍ യാത്ര ചെയ്യുന്നതില്‍നിന്ന് ബന്ധുകൂടിയായ ഗവര്‍ണര്‍ ബി.കെ.നെഹ്രു അവരെ പിന്തിരിപ്പിച്ചെങ്കിലും കലാപം നടക്കുന്ന നാഗാലാന്‍ഡിലും സംസ്ഥാനപദവിക്കും സര്‍വകലാശാലയ്ക്കുംവേണ്ടി അക്രമാസക്തമായ സമരം നടക്കുന്ന മണിപ്പൂരിലും അവര്‍ പോയി. കൊഹിമയിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ അവര്‍ ഗോത്രവര്‍ഗങ്ങളുമായി നൃത്തം ചെയ്യുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ കണ്ണുകള്‍ സമീപത്തുള്ള കലാപകാരികളുടെ നിയന്ത്രണത്തിലുള്ള കുന്നിലായിരുന്നു. സുരക്ഷാഉദ്യോഗസ്ഥന്റെ അഭ്യര്‍ഥന അവഗണിച്ചുകൊണ്ട് ഇന്ദിര ഇംഫാലില്‍ പ്രസംഗിക്കുമ്പോള്‍ കലാപകാരികള്‍ സമീപത്ത് പോലീസിനു നേരെ നിറയൊഴിക്കുകയായിരുന്നു.
ഇന്ദിരാഗാന്ധി അപകടകരമായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു; അതിനുള്ള വിലയും അവര്‍ കൊടുത്തു.
ബി.ആര്‍.പി. ഭാസ്‌കര്‍