Mathrubhumi Logo
  indira head

ഇന്ദിരായുഗം

Posted on: 29 Oct 2009

ഇന്ദിരാഗാന്ധിയുടെ വീരോചിത രക്തസാക്ഷിത്വത്തിന് കാല്‍നൂറ്റാണ്ട്. പ്രായോഗികരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയില്‍ ജയത്തോടെ തുടങ്ങി ഇടയ്ക്ക് കാലിടറുകയും വീണ്ടും ശക്തമായി ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത ഇന്ദിരാ പ്രിയദര്‍ശനിയെ ഇന്ത്യക്ക് നഷ്ടമായിട്ട് 25 വര്‍ഷങ്ങള്‍ പിന്നിടുന്നു. മരണഭയം വിടാതെ പിന്തുടര്‍ന്നപ്പോഴും മരിക്കാന്‍ ഭയമില്ലെന്ന് പറയാനുള്ള ധൈര്യവും അങ്ങനെ പ്രസ്താവിച്ച് രണ്ട് ദിനം തികയും മുമ്പ് 1984 ഒക് ടോബര്‍ 31 ന് വിശ്വസ്തരായ അംഗരക്ഷകരുടെ തോക്കിന്‍കുഴലില്‍ നിന്ന് വന്ന വെടിയുണ്ടകളാല്‍ തന്നെ രക്തസാക്ഷിയാകേണ്ടിവന്ന അനുപമമായ വ്യക്തിത്വം. ജീവിതത്തിന്റെ നേര്‍പാതിയും അധികാരകേന്ദ്രവുമായി അടുത്തബന്ധം പുലര്‍ത്തിയ വനിത. മഹത്തായ ഒരു പരമ്പരയിലെ ഉജ്ജ്വലമായ വ്യക്തിത്വം, അസാമാന്യ ആസൂത്രണപാടവം, തികഞ്ഞ ദേശീയവാദി, ഇഛാശക്തിയിലും മനക്കരുത്തിലും മുമ്പില്‍ അങ്ങനെ വിശേഷണങ്ങള്‍ ഏറെ നിരത്താമെങ്കിലും അതിനെല്ലാം അപ്പുറമായിരുന്നു ഇന്ദിര പ്രിയദര്‍ശനി.

ലോകത്തിന്മുന്നില്‍ തലയെടുപ്പോടെ ഇന്ത്യ നിന്ന കാലമായിരുന്നു ഇന്ദിരായുഗം. എല്ലാ അര്‍ഥത്തിലും നാടിന്റെ പുരോഗതിക്കായി പ്രയത്‌നിച്ച, ചേരിചേരാനയത്തിന്റെ പ്രയോക്താവ്, മതേതരത്വത്തിന്റെ കാവലാള്‍, തികഞ്ഞ സോഷ്യലിസ്റ്റ് അങ്ങനെ വിശേഷണങ്ങള്‍ കൊണ്ട് തടവിലാക്കാന്‍ കഴിയുന്ന വ്യക്തിത്വമായിരുന്നില്ല ഇന്ദിരയുടേത്. രണ്ട് ദശാബ്ദം മാത്രമാണ് അധികാരക്കസേരയില്‍ അവര്‍ക്ക് നിയോഗമുണ്ടായിരുന്നത്. ഇഛാശക്തിയുണ്ടെങ്കില്‍ ഭരണം എങ്ങനെ നിര്‍വഹിക്കാമെന്ന് ഇന്ദിരയുടേതിന് സമാനമായി മറ്റാരുടെയും ഉദാഹരണവും ചൂണ്ടിക്കാണിക്കാനില്ല.

പാകിസ്താനില്‍ നടത്തിയ ഇടപെടലില്‍ അമേരിക്കയെ പോലും വരച്ചവരയില്‍ നിര്‍ത്താന്‍ പോന്ന ചങ്കുറപ്പ് അതിന് മുമ്പോ ശേഷമോ മറ്റൊരു പ്രധാനമന്ത്രിയില്‍ നിന്നും രാജ്യം കണ്ടറിഞ്ഞില്ല. വാക്കുകളില്‍ മാത്രമായി ഉറങ്ങിക്കിടന്ന ചേരിചേരാനയത്തിന് വിപുലമായ അര്‍ഥതലങ്ങള്‍ നിര്‍വചിച്ച ഇന്ദിരയ്ക്ക് ചേരിചേരാ രാഷ്ട്രങ്ങളുടെ അധ്യക്ഷ പദവിയും അലങ്കരിക്കാനായി. ലോകത്തിന് മുന്നില്‍ ഇന്ത്യക്ക് വ്യക്തമായ മേല്‍വിലാസം എഴുതിച്ചേര്‍ത്ത ഇന്ദിരയുടെ ഭരണകാലം ഒരിക്കലും പൊറുക്കാനാവാത്ത ചില തെറ്റുകളുടെ ഏടുകളും ചേര്‍ന്നതാണ്. അതില്‍ പ്രധാനം ഇന്ത്യന്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്ത 19 മാസം നീണ്ടുനിന്ന അടിയന്തിരാവസ്ഥ. വിമോചനസമരത്തെ തുടര്‍ന്ന് കേരളത്തിലെ പ്രഥമ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള തീരുമാനം. ഏറ്റവും ഒടുവില്‍ പഞ്ചാബില്‍ സുവര്‍ണ ക്ഷേത്രത്തില്‍ കടന്നുകയറിയ തീവ്രവാദികള്‍ക്കെതിരെ സൈനിക നടപടിയെടുക്കാനുള്ള തീരുമാനം. ആ ഉത്തരവിലൂടെ ഇന്ദിര അവരുടെ മരണ വാറണ്ട് ഒപ്പിടുകയായിരുന്നുവെന്ന് ഒരു ഖാലിസ്ഥാന്‍ നേതാവ് പറഞ്ഞത് അക്ഷരംപ്രതി സംഭവിച്ചു.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മടിത്തട്ടിലേക്കാണ് ഇന്ദിര ജനിച്ചുവീണത്. വിശ്വപൗരനായ നെഹ്രുവിന്റെ കൈവിരലില്‍ തൂങ്ങി നടന്ന ബാല്യകാലം. സൗമ്യശീലയും ലജ്ജാവതിയുമായ കൊച്ചുപെണ്‍കുട്ടി എല്ലാം കണ്ടും കേട്ടും മനസ്സിലാക്കിയിരുന്നു. ജവഹര്‍ലാല്‍ നെഹ്രു തന്റെ എഴുത്തുകളിലൂടെ മകളെ ലോക ചരിത്രവും ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെ സംഭവവികാസങ്ങളും പരിചയപ്പെടുത്തിക്കൊണ്ടിരുന്നു. പിതാവിനൊപ്പം പലതവണ ലോകരാജ്യങ്ങളില്‍ അവര്‍ പര്യടനം നടത്തി. സമകാലീനരായ പല രാഷ്ട്രീയത്തലവന്മാരും രാജ്യതന്ത്രജ്ഞരുമായി പരിചയപ്പെടാനും അവര്‍ക്ക് ഈ യാത്രകളിലൂടെ അവസരം ലഭിച്ചു. 1955 ല്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായി സജീവരാഷ്ടീയത്തിലേക്ക് കാല്‍വെച്ചു. നാല് വര്‍ഷം കഴിഞ്ഞ് 59 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക്. ഇന്ദിര പാര്‍ട്ടി അധ്യക്ഷയായിരിക്കുമ്പോഴാണ് ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന കേരളത്തിലെ പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിട്ടത്. പിതാവിന്റെ മരണത്തോടെ 1964 ശാസ്ത്രി മന്ത്രിസഭയില്‍ വാര്‍ത്താ വിതരണ വകുപ്പ് കൈകാര്യം ചെയ്തു. രണ്ട് വര്‍ഷം കഴിഞ്ഞ് പ്രധാനമന്ത്രിക്കസേരയില്‍.

1971ല്‍ പാകിസ്താനെതിരെ ഐതിഹാസിക യുദ്ധം ജയിച്ച് ബംഗ്ലാദേശിന് മോചനം വാങ്ങിക്കൊടുത്തതിലൂടെയാണ് ലോകം ഇന്ദിര എന്ന ഭരണകര്‍ത്താവിനെ ശ്രദ്ധിച്ചു തുടങ്ങിയത്. കിഴക്കന്‍ പാകിസ്താനില്‍ നടക്കുന്ന മനുഷ്യക്കുരുതി അംഗീകരിക്കാനാവില്ലെന്ന് അവര്‍ ഉറക്കെ പ്രഖ്യാപിച്ചു. അമേരിക്കയുടെ വിരട്ടല്‍ ഏഴാം കപ്പല്‍പ്പടയെ ബംഗാള്‍ ഉള്‍ക്കടലില്‍ വരെ എത്തിച്ചു. ഇന്ത്യ സോവിയറ്റ് കരാറിന്റെ ഭാഗമായി സോവിയറ്റ് യുദ്ധക്കപ്പലുകളും പിന്നാലെ. പാകിസ്താനിലായിരുന്നു യുദ്ധമെങ്കിലും ഇന്ത്യയും ഇന്ദിരയും പോരാടിയത് അമേരിക്കന്‍ മേധാവിഥ്വത്തോടായിരുന്നു. പാകിസ്താന്‍ തടവറയില്‍ നിന്ന് മോചിതനായി ബംഗ്ലാദേശിലേക്ക് പോകുംവഴി മുജീബുര്‍ റഹ്മാന്‍ ഇന്ത്യയിലെത്തി ഇന്ദിരയെക്കുറിച്ച് നടത്തിയ പ്രസ്താവന ആ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നതായിരുന്നു. 'മനുഷ്യരുടെ മാത്രം നേതാവല്ല ഇന്ദിര മനുഷ്യരാശിയുടെ മുഴുവന്‍ നേതാവാണെന്നായിരുന്നു' മുജീബുര്‍ റഹ്മാന്റെ പ്രഖ്യാപനം. സുള്‍ഫിക്കര്‍ അലി ഭൂട്ടോയുമായി കശ്മീര്‍ പ്രശ്‌നപരിഹാരത്തിനായി ഒപ്പിട്ട ഷിംല ഉടമ്പടിയിലൂടെ ഇന്ദിരയെന്ന സമാധാനകാംക്ഷിയേയും ലോകം കണ്ടു.

1974 ലില്‍ പൊഖ്‌റാനില്‍ ആണവായുധം പരീക്ഷിച്ച് അവര്‍ വീണ്ടും ലോകത്തെ ഞെട്ടിച്ചു. അംഗീകരിക്കാന്‍ മടിച്ച ലോക പോലീസുകാരില്‍ നിന്ന് അവര്‍ പ്രശംസയും അഭിനന്ദനവും പിടിച്ചുവാങ്ങി. എതിര്‍പ്പുകള്‍ വകവയ്ക്കാതെ നടത്തിയ ബാങ്കിങ് ദേശസാത്കരണം എത്ര വിലപ്പെട്ട തീരുമാനമായിരുന്നെന്ന് വിമര്‍ശകര്‍ക്ക് അംഗീകരിക്കാന്‍ ഇത്രയും കാലം കഴിഞ്ഞ് ഒരു സാമ്പത്തിക മാന്ദ്യം വേണ്ടിവന്നു. ടാറ്റയും ബിര്‍ളയും അടങ്ങുന്ന വന്‍ ബിസിനസ്സുകാര്‍ കൈയടിക്കിവെച്ചിരുന്ന സ്വകാര്യ ബാങ്കുകള്‍ ഒറ്റയിക്ക് ദേശസാല്‍ക്കരിക്കാനെടുത്ത തീരുമാനം കൈക്കൊള്ളാന്‍ ഇന്ദിരയല്ലാതെ മറ്റാരും ധൈര്യപ്പെടില്ല.

ശാസ്ത്രയുഗത്തില്‍ ബഹിരാകാശത്തില്‍ മനുഷ്യന്‍ വിലസുമ്പോള്‍ വളരെ പിന്നിലായിരുന്ന ഇന്ത്യയെ സാങ്കേതിസിദ്ധി നേടിയ രാഷ്ട്രങ്ങളുടെ മുമ്പിലെത്തിച്ച ഭരണനേട്ടവും ഇന്ദിരയുടേതായിട്ടുണ്ട്. ബഹിരാകാ ശാസ്ത്ര ചരിത്രത്തിന്റെ വഴിത്തിരിവായ ആര്യഭട്ട മുതല്‍ ഇന്ത്യക്കാരനെ ബഹിരാകാശ യാത്രികനാക്കിയത് വരെയുള്ള തുടര്‍ച്ചയായ മുന്നേറ്റത്തിന് പിന്നില്‍ പ്രിയദര്‍ശനിയുടെ പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. ആ ശാസ്ത്ര അടിത്തറയില്‍ നിന്ന് വളര്‍ന്ന് ചന്ദ്രനിലേക്ക് ഉപഗ്രഹത്തെ ഇറക്കുന്നത് വരെയും സ്വന്തമായി ക്രയോജനിക് എഞ്ചിന്‍ നിര്‍മ്മിക്കുന്നതിലേക്കും ഇന്ത്യന്‍ ശാസ്ത്രലോകം ഇന്ന് എത്തിച്ചേര്‍ന്നിരിക്കുമ്പോള്‍ ഇന്ദിര പാകിയ അടിത്തറ വിസ്മരിക്കുന്നതെങ്ങനെ.

കോണ്‍ഗ്രസുകാരിലെ ഒരു തികഞ്ഞ ഇടതുപക്ഷ മനസ്സിന്റെ ഉടമയുമായിരുന്നു ഇന്ദിര. സാമ്പത്തിക നയങ്ങളും ഹരിത വിപ്ലവവും അവരുടെ ഇടതുപക്ഷ കാഴ്ചപ്പാടിന്റെ പ്രതിഫലനമായിരുന്നു. പഴയ നാട്ടുരാജക്കന്മാരുടെ പ്രിവിപഴ്‌സ് നിര്‍ത്തിലാക്കിയതിലൂടെ അവര്‍ ഇന്ത്യയിലെ സാധാരണക്കാരുടെ ഓമനയായി. ജനങ്ങളുടെ നികുതിപ്പണം പഴയ രാജാക്കന്മാര്‍ക്ക് കൊടുക്കാനാവില്ലെന്ന് അവരുടെ നിലപാട് കോടതി അംഗീകരിക്കാതെ വന്നപ്പോള്‍ ജനത്തിന്റെ കോടതിയിലാണ് അവര്‍ ഇതിന് അംഗീകാരം നേടിയത്.

ആരെയും കൂസാത്ത ഭരണാധികാരി എന്ന നിലയില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും അവ നടപ്പിലാക്കുകയും ചെയ്ത ധീരവനിതയുടെ ജീവന്‍ വെടിയുണ്ടകള്‍ കവര്‍ന്നെടുത്തപ്പോള്‍ നഷ്ടം ഇന്ത്യ എന്ന രാജ്യത്തിനും അതിന്റെ ജീവവായുവായ മതേതരത്വത്തിനുമായിരുന്നു. ദാര്‍ശനികനായിരുന്ന നെഹ്രുവിനെ അപേക്ഷിച്ച് പ്രായോഗിക രാഷ്ട്രീയത്തിന്റെ എല്ലാ അളവ്‌കോലുകളും പരീക്ഷിച്ച് നോക്കിയ ഭരണകര്‍ത്താവായിരുന്നു ഇന്ദിര. ഇന്ദിരയെന്നാല്‍ ഇന്ത്യ. ഇന്ത്യയെന്നാല്‍ ഇന്ദിര എന്ന് കോണ്‍ഗ്രസുകാര്‍ പറഞ്ഞുനടന്ന കാലം. രൂപയുടെ മൂല്യം കുറയ്ക്കാനുള്ള നടപടി അവര്‍ക്ക് ഏറെ വിമര്‍ശനം ഏല്‍ക്കേണ്ടി വന്ന തീരുമാനമായിരുന്നു. പരിസ്ഥിതിസ്‌നേഹികള്‍ എന്നും അഭിമാനപൂര്‍വ്വം ഓര്‍മ്മിക്കുന്ന സൈലന്റ് വാലി ദേശീയയോദ്യാനമായി പ്രഖ്യാപിച്ചതും ഇന്ദിരയെന്ന പരിസ്ഥിതി സ്‌നേഹിയായിരുന്നു. ഇന്ദിര എന്ന ഒരൊറ്റ വ്യക്തിയുടെ ആ നിര്‍ണ്ണായക തീരുമാനത്തിന്റെ ഫലമായാണ് ഇന്നും നിശ്ബദ്ദയുടെ താഴ്‌വരയെ കാര്യമായ കേടാപാടുകളില്ലാതെ നിലനിര്‍ത്താന്‍ കഴിയുന്നത്.

അതിരുകവിഞ്ഞ ആത്മവിശ്വാസമായിരുന്നു അവരുടെ കരുത്ത്. തീരുമാനമെടുക്കുന്നതില്‍ അവര്‍ ആരെയും അമ്പരപ്പിച്ചിരുന്നു. അത് പലപ്പോഴും ഒരു ശീലമായി അവരുടെ ജീവിതകാലത്ത് തുടര്‍ന്നുപോന്നു. 1971 ല്‍ രണ്ടാം തവണയും പ്രധാനമന്ത്രിയായി അധികാരത്തിലിരിക്കെ രാജ്യത്ത് അഴിമതി വര്‍ധിച്ചു. ഉപജാപകവൃന്ദത്തിന് കുറവുണ്ടായിരുന്നില്ലെങ്കിലും ഇന്ദിരയ്ക്ക് ആരെയും വിശ്വസമില്ലായിരുന്നു. അവസരം കിട്ടിയാല്‍ സ്വന്തം പാളയത്തിലെ ശത്രുക്കള്‍ തനിക്കെതിരെ തിരിയുമെന്നും അവര്‍ തിരിച്ചറിഞ്ഞിരുന്നു.

1975ല്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പ്രധാനമന്ത്രി പദവി ദുരുപയോഗം ചെയ്തുവെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് മുന്‍പിന്‍ നോക്കാതെയാണ് അവര്‍ അടിയന്തിരാവസ്ഥയിലേക്ക് രാജ്യത്തെ തള്ളിവിട്ടത്. അനിവാര്യമായിരുന്ന രാജിയില്‍ നിന്നും രക്ഷപെടാന്‍ അന്ന് ബംഗാളിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന സിദ്ധാര്‍ഥ് ശങ്കര്‍ റേ നല്‍കിയ ഉപദേശമായിരുന്നു അടിയന്തിരാവസ്ഥ. കണ്ണും കാതും കെട്ടിയിട്ടും.പത്രമാരണ നിയമം ഏര്‍പ്പെടുത്തി വിമര്‍ശകരുടെ വായടപ്പിക്കാനുള്ള ശ്രമം. ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളായ കോടതിയും പത്രസ്ഥാപനങ്ങളും നോക്കുകുത്തികളായി. സ്വേഛാധിപത്യത്തിന്റെ പരീക്ഷണകാലമായിരുന്നു ആ 19 മാസങ്ങള്‍.

19 മാസത്തെ കിരാതനാളുകള്‍ക്ക് ശേഷം അവസരം കാത്തിരുന്ന ജനം തിരഞ്ഞെടുപ്പിലൂടെ ഇന്ദിരയെ പാഠം പഠിപ്പിച്ചു. ഇന്ദിരയും കോണ്‍ഗ്രസും തൂത്തെറിയപ്പെട്ടു. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലള്ള ബൃഹത് മുന്നണി അധികാരത്തിലേറി. ഇന്ദിര അറസ്റ്റ് ചെയ്യപ്പെട്ടു. ജയില്‍ വാസത്തിന് ശേഷം 1978 ല്‍ വിട്ടയക്കപ്പെട്ടു. അപദാനങ്ങള്‍ വാഴ്ത്തിയവര്‍ തന്നെ ഇന്ദിരയെ എഴുതിത്തള്ളി. ലോക രാഷ്ട്രങ്ങളും ഇന്ദിരയുടെ കാലം അസ്തമിച്ചതായി വിശേഷിപ്പിച്ചു. മൊറാര്‍ജിയുടെ ഭരണത്തിന്‍ കീഴില്‍ അഴിമതി സാര്‍വത്രികമായി. കൈവിട്ട ഭാരതജനത തന്നെ ഇന്ദിരയെ വിളിക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന് ഏറ്റുവിളിച്ചു. യക്ഷിയായി മുദ്രകുത്തപ്പെട്ട ഇന്ദിര ഫീനീക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റു. ഒരിക്കല്‍ കൂടി പ്രധാനമന്ത്രി കസേരയില്‍. രണ്ടാം തവണ അടിയന്തിരാവസ്ഥയാണ് വിനയായതെങ്കില്‍ മൂന്നാം ടേമില്‍ അത് ഓപ്പറേഷന്‍ ബ്ലൂസ്റ്റായിരുന്നു. പഞ്ചാബില്‍ അകാലിദളിന്റെ മേധാവിത്വത്തെ ചെറുക്കാന്‍ ഇന്ദിര തന്നെ കൈയച്ചു സഹായിച്ചതെന്ന് പറയപ്പെടുന്ന ഭിദ്രന്‍വാല തന്നെ അവര്‍ക്കെതിരെ തിരിഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് തന്നെ പ്രശ്‌നമായി വളര്‍ന്നതോടെ ഖാലിസ്ഥാന്‍ പ്രശ്‌നം ഒതുക്കാതെ വയ്യെന്ന ഘട്ടമായി. നിവൃത്തിയില്ലാതെയാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന് ഇന്ദിര അനുമതി നല്‍കിയത്. അതാകട്ടെ അവരുടെ ജീവനെടുത്ത തീരുമാനവുമായി.





അന്ത്യ നിമിഷങ്ങള്‍


1984 ഒക്‌ടോബര്‍ 31 പ്രഭാതം. വിദേശ പ്രതിനിധിക്ക് അഭിമുഖം നല്‍കാനുള്ള തയാറെടുപ്പില്‍ ഇന്ദിര. സമയം രാവിലെ 9.00 മണി. ഓറഞ്ച് സാരിയുടുത്താണ് അവര്‍ പുറത്തേക്കിറങ്ങിയത്. സഫ്ദര്‍ജങ് റോഡിലെ ഒന്നാം നമ്പര്‍ വസതിയില്‍ നിന്ന് അക്ബര്‍ റോഡിലെ ഒന്നാം നമ്പര്‍ വീട്ടിലേക്കുള്ള തന്റെ ഓഫീസിലേക്ക് പ്രധാനമന്ത്രി പുറപ്പെട്ടത് ഏതാണ്ട് 9.05 നായിരുന്നു. പീറ്റര്‍ ഉസ്തിനോവുമായുള്ള അഭിമുഖമായിരുന്നു രാവിലെത്തെ പ്രധാന കാര്യപരിപാടി.

ഇന്ദിരയും ഉപദേശകരായ രണ്ട് പേരും കൂടെയുണ്ടായിരുന്നു. പാതയിലേക്കിറങ്ങിയപ്പോള്‍ അവര്‍ക്കഭിമുഖമായി മൂന്നു പോലീസുകാരുണ്ടായിരുന്നു. അവരില്‍ രണ്ട് പേര്‍ കൈകൂപ്പി പ്രധാനമന്ത്രിയെ വണങ്ങി. ഇന്ദിര പതിവുപോലെ അവരോട് നമസ്‌തെ പറയുകയും ചെയ്തു. ഇന്ത്യയുടെ ചരിത്രം മാറ്റിയ 40 സെക്കന്‍ഡുകളായിരുന്നു പിന്നത്തേത്. മൂന്നുപേരില്‍ ഒരാളായ സബ് ഇന്‍സ്‌പെക്ടര്‍ ബിയാന്ത് സിങ് നമസ്‌തെ കഴിഞ്ഞയുടനെ റിവോള്‍വറെടുത്ത് ഇന്ദിരയെ വെടിവെക്കുകയായിരുന്നു.

രണ്ടാമത്തെ കോണ്‍സ്റ്റബിള്‍ സത്‌വന്ത്‌സിങ് സെറ്റെണ്‍ഗണില്‍ നിന്നും വെടിയുതിര്‍ത്തു. തുടര്‍ന്ന് പരിസരമാകെ വെടിയൊച്ചയായിരുന്നു. പ്രധാനമന്ത്രിയുടെ സ്റ്റാഫംഗങ്ങളും സെക്യൂരിറ്റി സ്റ്റാഫും കുടുംബാംഗങ്ങളും തികഞ്ഞ അങ്കലാപ്പില്‍. മരുമകളായ സോണിയയാണ് ഇന്ദിര വെടിയേറ്റു വീണ സ്ഥലത്തേക്ക് ആദ്യം കുതിച്ചെത്തിയത്. അടിയന്തിരഘട്ടങ്ങളില്‍ ഉപയോഗിക്കാനായി വീട്ടില്‍ ഒരുക്കിയിരുന്ന കാറില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് സൈറന്‍ മുഴക്കി കാര്‍ കുതിച്ചു. രക്തത്തില്‍ കുളിച്ച നിലയില്‍ സോണിയയുടെ മടിയിലായിരുന്നു കാറില്‍ ഇന്ദിര. ആസ്​പത്രിയില്‍ ഓപ്പറേഷന്‍ ടേബിളില്‍ അവര്‍ അന്ത്യശ്വാസം വലിച്ചു.



ganangal

ഫോട്ടോഗാലറി