Mathrubhumi Logo
  indira head

വിഘടനവാദവും ഓപ്പറേഷന്‍ ബ്ലൂസ്റ്റാറും

Posted on: 29 Oct 2009

പോംവഴികളെല്ലാം അവസാനിച്ചതോടെ ഏറെ വൈഷമ്യത്തോടെയാണ് പ്രധാനമന്ത്രി ഇന്ദിര ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന് അനുമതി നല്‍കിയത്. പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ ഒളിച്ച ആയുധധാരികളായ ഫാലിസ്ഥാന്‍ തീവ്രവാദികളെ തുരത്താനുള്ള ആ സൈനിക നടപടിക്ക് സ്വന്തം ജീവന്‍ തന്നെയാണ് അവര്‍ക്ക് ബലിയായി നല്‍കേണ്ടി വന്നത്. പഞ്ചാബില്‍ മുളപൊന്തിയ വിഘനവാദം എല്ലാ സീമകളും ലംഘിച്ച് നിരപരാധികളുടെ ജീവനെടുക്കുന്ന സ്ഥിതി ഒരു ഭരണാധികാരിക്കും അംഗീകരിക്കാനാവില്ലായിരുന്നു. പ്രത്യേകിച്ചും ഇന്ദിരെയെ പോലൊരാള്‍ക്ക്. ഇന്ദിരാ ഗാന്ധിയുടെ ധീര രക്താസാക്ഷിത്വത്തിന് കാല്‍നൂറ്റാണ്ട് തികയുമ്പോള്‍ അവരുടെ ഭരണകാലത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ തീരുമാനങ്ങളില്‍ ഒന്ന് ഓപ്പറേഷന്‍ ബ്ലൂസ്റ്റാറായിരുന്നു.

1984 ജൂണിലാണ് സ്വതന്ത്ര ഇന്ത്യയുടെ അടിത്തറകളെ ഇളക്കുമാറ് ആ സംഭവം അരങ്ങേറിയത്. സ്വതന്ത്ര രാഷ്ട്രവാദവുമായി പതുക്കെയെങ്കിലും, സിക്ക് ഭീകരര്‍ രാജ്യത്തിന്റെ നിയന്ത്രണം കൈയാളുന്ന കാലം. രാഷ്ട്രീയക്കാരുടെയും നിയമപാലകരുടെയും പൊതുജനങ്ങളുടെയും ഇടയില്‍ ഭീതി പരത്തുകയായിരുന്നു അവര്‍.

1983 ല്‍ അവിടവിടങ്ങളിലായി ഉണ്ടായ ഒറ്റപ്പെട്ട കൊലപാതകങ്ങളില്‍ നിന്നും തുടങ്ങിയതാണ് രാജ്യത്തെ നടുക്കിയ ആ ആരുംകൊലകള്‍. ക്രമേണ അക്രമ സംഭവങ്ങളുടെയും കൊലപാതകങ്ങളുടെയും എണ്ണം കൂടി. 'സ്വാതന്ത്ര്യ'ത്തിന്റെ പേരിലായിരുന്നു ആ കിരാതവാഴ്ച. 84 മെയ് മാസത്തോടെ ഡസന്‍ കണക്കിന് നിരപരാധികളാണ് ഓരോ ദിവസവും മരിച്ചു വീണത്.

ഒരു ജനകീയ മതശുദ്ധീകരണ പ്രസ്ഥാനം തന്നെ അന്ന് പഞ്ചാബില്‍ നിലവിലുണ്ടായിരുന്നു. 1960 കളുടെ രണ്ടാം പാദത്തിലുണ്ടായ ഹരിതവിപ്ലവത്തോടെ പഞ്ചാബ് ഇന്ത്യയുടെ കളപ്പുരയായി മാറിയെന്നത് വേറെ കഥ. ക്രമസമാധാന തകരാറിലായി. അഴിമതിയും അധാര്‍മികതയും മുഖമുദ്രയായിരുന്ന പഞ്ചാബ് പോലീസ് പക്ഷേ, നിഷ്‌ക്രിയരായിരുന്നു.

മതപ്രബോധകനും പിന്നീട് വിഘടനവാദിയുമായി മാറിയ ജര്‍ണയില്‍ സിങ്ങ് ബിന്ദ്രന്‍വാലയായിരുന്നു ഈ രക്തരൂക്ഷിത പ്രവര്‍ത്തനങ്ങളുടെ തലവന്‍. അമൃതസറിലെ സിക്ക് പുണ്യദേവാലയമായ സുവര്‍ണക്ഷേത്ര പരിസരത്ത് നിന്നായിരുന്നു അദ്ദേഹം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. ഇന്ത്യന്‍ ഭരണകൂടത്തെ പരസ്യമായി വെല്ലുവിളിക്കാന്‍ തക്ക നിലയിലേക്ക് ബിന്ദ്രന്‍വാല വളര്‍ന്നതോടെയാണ് ഖാലിസ്ഥാന്‍ ഭീകരതയ്ക്ക് അന്ത്യം കുറിക്കാന്‍ ഇന്ദ്രപ്രസ്ഥത്തില്‍ ആലോചനകള്‍ തകൃതിയായത്. ചര്‍ച്ചയ്ക്കുള്ള ക്ഷണം ബിന്ദ്രന്‍വാല നിരസിച്ചു. ഇന്ദിരയാര് ഒരു പണ്ഡിറ്റിന്റെ മകള്‍ താനുമായി ചര്‍ച്ച നടത്തണമെങ്കില്‍ ഇങ്ങോട്ട് വരണമെന്നായിരുന്നു ബിന്ദ്രന്‍വാലയുടെ നിലപാട്. ഉരുക്ക് വനിതയായ ഇന്ദിര അതോടെ കാര്യങ്ങള്‍ ഉറപ്പിച്ചു. അവസാനം വരെയും ക്ഷേത്രപരിസരത്തേക്ക് കടക്കാന്‍ പോലീസ് മടിച്ചു. രാജ്യത്തെ ഏറ്റവും ഊര്‍ജസ്വലരെന്ന് പറയപ്പെടുന്ന സിക്ക് ന്യൂനപക്ഷങ്ങളുടെ വികാരങ്ങളെ അത് വ്രണപ്പെടുത്തുമെന്ന ഭയമായിരുന്നു കാരണം.

സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്നായപ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് പില്‍ക്കാലത്ത് അവരുടെ മരണവാറണ്ട് എന്ന് വിശേഷിപ്പിക്കാവുന്ന ആ തീരുമാനം കൈക്കൊള്ളേണ്ടി വന്നു. ജൂണ്‍ മൂന്നിന് പഞ്ചാബില്‍ 36 മണിക്കൂര്‍ നിശാനിയമം ഏര്‍പ്പെടുത്തി. അതോടെ കമ്മ്യൂണിക്കേഷന്‍, ഗതാഗത മാര്‍ഗങ്ങള്‍ തടസപ്പെട്ടു. വൈദ്യുതി വിതരണം വരെ ഭാഗികമായി തടസ്സപ്പെട്ടു. പഞ്ചാബിനെ രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തുകയായിരുന്നു ലക്ഷ്യം. മാധ്യമങ്ങള്‍ക്ക് സെന്‍സെര്‍ഷിപ്പും ഏര്‍പ്പെടുത്തി.

പാക് സഹായത്തോടെ കലാപം നടത്തിവരുന്ന അക്രമകാരികളെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ അവര്‍ സൈന്യത്തിന് ഉത്തരവ് നല്‍കി. ഭീകരരെയും അവരെ പിന്തുണക്കുന്നവരെയും സുവര്‍ണക്ഷേത്രത്തില്‍ നിന്ന് തുരത്താനുള്ള ശ്രമങ്ങള്‍ക്ക് സൈന്യം തുടക്കം കുറിച്ചു. മേജര്‍ ജനറല്‍ കുല്‍ദീപ് ബ്രാര്‍ നേതൃത്വത്തില്‍ നടന്ന സൈനിക നടപടി ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ എന്ന പേരില്‍ അറിയപ്പെട്ടു. 1984 ജൂണ്‍ 3 ന് തുടങ്ങിയ സൈനിക നടപടി രാജ്യത്തെങ്ങുമുള്ള സിക്കുകാരുടെ ഹൃദയത്തില്‍ കഠാരകയറ്റുന്നതിന് സമാനമായിരുന്നു. ജൂണ്‍ അഞ്ചിന് രാത്രി സൈനിക നടപടിയിലൂടെ സുവര്‍ണ ക്ഷേത്രത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ബിന്ദ്രന്‍വാല ഉള്‍പ്പടെയുള്ള തീവ്രവാദികളെ വധിച്ചു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 83 ഭടന്മാരും 492 സിവിലിയന്മാരുമാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനിടെ ജീവന്‍ നഷ്ടമായത്.

ഭരണകൂടത്തിനും സൈന്യത്തിനും ഓപ്പറേഷന് പിന്തുണ നല്‍കിയ ഓരോരുത്തര്‍ക്കുമെതിരെ ആയിരങ്ങള്‍ രംഗത്തുവന്നു. ക്ഷേത്രം ആക്രമിക്കപ്പെട്ടുവെന്ന കിംവദന്തി പരന്നതോടെ നിരവധി സിക്ക് ഭടന്‍മാര്‍ സൈന്യം വിട്ടു. ഈ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സൈന്യം ക്ഷേത്രത്തില്‍ കാലുകുത്തിയിരുന്നില്ല.

സൈനിക നടപടിയില്‍ പ്രതിഷേധിച്ച് വിഖ്യാത എഴുത്തുകാരന്‍ ഖുഷ്‌വന്ത് സിങ് പത്മഭൂഷണ്‍ പുരസ്‌കാരം തിരിച്ചുനല്‍കി. അടുത്തകാലം വരെ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിങ്ങ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന് ഉത്തരവ് നല്‍കി അഞ്ചുമാസം തികയും മുമ്പേ ശ്രീമതി ഇന്ദിരാഗാന്ധിക്ക് നല്‍കേണ്ടി വന്ന വില സ്വന്തം ജീവന്‍ തന്നെയായിരുന്നു.

ഹഫ്മി ആര്‍.എന്‍.





ganangal

ഫോട്ടോഗാലറി