ഇന്ത്യയും ഇന്ദിരയും
Posted on: 29 Oct 2009
കാശ്മീരി പണ്ഡിറ്റ് കുടുംബത്തില്‍ അമ്മ കമലാ നെഹ്‌റുവിന്റെ പൂര്‍ണ്ണ സംരക്ഷണയിലായിരുന്നു ഇന്ദിരയുടെ ബാല്യം. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മുഴുകി നടന്ന നെഹ്‌റു വീട്ടില്‍ എത്തുന്നത് തന്നെ അപൂര്‍വ്വമായിട്ടായിരുന്നു. തികഞ്ഞ ഏകാന്തതയില്‍ വളര്‍ന്ന ഇന്ദിരയെ ഉറ്റുനോക്കിയത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തീഷ്ണതകളായിരുന്നു. അടിമുടി രാഷ്ട്രീയം നിറഞ്ഞ ഇന്ദിരയുടെ മുമ്പില്‍ ബന്ധുക്കള്‍ പോലും രാഷ്ട്രീയ വൈരികളായി. പിതൃസഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനുപോലും ആ വൈരത്തില്‍ നിന്നും രക്ഷാപ്പെടാനായില്ല.

കൂട്ടുകാരുമായി ചേര്‍ന്ന് ഇന്ദിര രൂപം നല്‍കിയ പ്രസ്ഥാനമായിരുന്നു വാനരസേന. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അണിനിരന്നത് വാനരസേനയിലായിരുന്നു. മുതിര്‍ന്നവരുടെ മാര്‍ഗം പിന്തുടര്‍ന്ന് പ്രക്ഷോഭങ്ങളും ഫ്ലഗ് മാര്‍ച്ചുകളും നടത്തുക വാനരസേനയുടെ രീതികളായിരുന്നു. സ്വാതന്ത്ര്യ സമരകാലത്ത് നിരോധിക്കപ്പെട്ട ലഘുലേഖകളും സന്ദേശങ്ങളും സമരക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നതില്‍ വാനരസേന പങ്കുവഹിച്ചു. ഇന്ദിരയുടെ സ്‌കൂള്‍ ബാഗിലാണ് 1930 കളില്‍ പല സുപ്രധാന സമരാഹ്വാന ലേഖനങ്ങളും പോലീസിന്റെ കണ്ണുവെട്ടിച്ച് നേതാക്കള്‍ക്ക് എത്തിച്ചിരുന്നത്. 1941 ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ സോമര്‍വെല്ലി കോളേജില്‍ നിന്നും മടങ്ങുംവരെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ഒളിഞ്ഞും തെളിഞ്ഞും അവര്‍ സഹായിച്ചുകൊണ്ടിരുന്നു. സോമര്‍വെല്ലി കോളേജില്‍ പഠിക്കുന്ന സമയത്ത് 1930 ല്‍ തന്നെ സമരത്തെ അനുകൂലിക്കുന്ന ലണ്ടനിലെ ഇന്ത്യാ ലീഗില്‍ അംഗമായി.
ക്ഷയരോഗബാധിതയായ അമ്മ കമലാനെഹ്‌റു 1936 ല്‍ മരിക്കുമ്പോള്‍ ഇന്ദിരയ്ക്കു പ്രായം 18 വയസ്സുമാത്രം. ഒരു കുടുംബം നയിക്കാനുള്ള പ്രാപ്തി അവര്‍ കൈവരിച്ചിരുന്നില്ല. ശ്വാസകോശരോഗ ബാധിതയായ ഇന്ദിര 1940 ല്‍ സ്വിറ്റ്‌സര്‍ലണ്ടിലായിരുന്നു. ഈ സമയത്തെല്ലാം ചെറുപ്പം മുതല്‍ അച്ഛന്‍ നെഹ്‌റുവുമായി വളര്‍ത്തിയെടുത്ത നീണ്ട കത്തെഴുത്താണ് അവര്‍ക്കാശ്വാസമായത്. രാഷ് ട്രീയമായിരുന്നു ആ കത്തുകളില്‍ നിറഞ്ഞുനിന്നത്.
യൂറോപ്പ് വാസത്തിനിടയിലാണ് ഇന്ദിര ബ്രിട്ടനില്‍ വെച്ച് പാഴ്‌സിയായ ഫിറോസ് ഗാന്ധിയുമായി പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ഫിറോസ് ഗാന്ധിയുമായുള്ള പ്രണബന്ധം വിവാഹത്തില്‍ കലാശിച്ചു. ഫിറോസിന്റെ മറയില്ലാത്ത സ്വഭാവവും നര്‍മ്മബോധവും ആത്മവിശ്വാസവുമാണ് ഇന്ദിരയെ ആകര്‍ഷിച്ചത്. നെഹ്‌റുവിന്റെ പോലും എതിര്‍പ്പുകള്‍ അവഗണിച്ച് 1942 ല്‍ ഹിന്ദു ആചാരപ്രകാരം ഇന്ദിര ഫിറോസിനെ വരിക്കുകയായിരുന്നു.

ഫിറോസും ഇന്ദിരയും ഒരുമിച്ചാണ് 1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തത്. ഇന്ത്യ സ്വതന്ത്രമായശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഫിറോസ്ഗാന്ധി ഉത്തര്‍പ്രദേശില്‍ നിന്നും പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രാജീവ്ഗാന്ധി, സഞ്ജയ്ഗാന്ധി എന്നീ രണ്ടുമക്കള്‍ ജനിച്ചശേഷം ഇവരുടെ ജീവിതത്തില്‍ അസ്വസ്ഥത പടര്‍ന്നു. അതുപിന്നീട് വേര്‍പിരിയലിലും കലാശിച്ചു. ഏറെക്കഴിയും മുമ്പേ 1960 സപ്തംബറില്‍ ഫിറോസ്ഗാന്ധി ഹൃദ്‌രോഗത്തെ തുടര്‍ന്ന് മരിച്ചു.
ആദ്യ പ്രധാനമന്ത്രി നെഹ്‌റുവിന്റെ നിഴലായി എന്നും ഇന്ദിര പ്രവര്‍ത്തിച്ചിരുന്നു. നെഹ്‌റുവിന്റെ മരണത്തെ തുടര്‍ന്ന് 1964 ല്‍ അവര്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ലാല്‍ബഹാദൂര്‍ ശാസ്ത്രിയുടെ മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രിയുമായി. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കമാരാജാണ് ഇന്ദിരയെ പ്രധാനമന്ത്രി സ്ഥാനത്ത് അവരോധിച്ചത്. മൊറാര്‍ജി ദേശായിയെ 169 നെതിരെ 355 വോട്ടുകള്‍ നേടിയാണ് ഇന്ദിര പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്.
സ്വതന്ത്ര ഇന്ത്യയില്‍ 1966 മുതല്‍ 1977 വരെ തുടര്‍ച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിലെത്തി ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1980 ല്‍ നാലാം തവണ പ്രധാനമന്ത്രി പദത്തിലെത്തി ഭരണത്തിലിരിക്കവേയാണ് 1984 ഒക്ടോബര്‍ 31ന് അവര്‍ രക്തസാക്ഷിത്വം വരിച്ചത്.
കെ.എ ബാബു