Mathrubhumi Logo
  adoor bhavani

സത്യന്റെ അമ്മ

Posted on: 26 Oct 2009

ഒരുപാട് സിനിമകളില്‍ അടൂര്‍ ഭവാനിയെ 'അമ്മേ' എന്നുവിളിച്ച, അനശ്വര നടന്‍ സത്യന്‍ ജീവിതത്തിലും ആ വിളി തുടര്‍ന്നു. അത്രയ്ക്കായിരുന്നു ഭവാനിയോട് അദ്ദേഹത്തിനുള്ള സ്‌നേഹവും ആദരവും.
'അടി'യില്‍ അവസാനിച്ച ഒരു ഷോട്ടിലൂടെയാണ് ഇരുവരുടെയുമിടയില്‍ ഊഷ്മളമായ ബന്ധം ആരംഭിക്കുന്നത്. 'മുടിയനായ പുത്രന്‍' എന്ന നാടകം സിനിമയാക്കിയപ്പോള്‍ സംവിധായകന്‍ രാമു കാര്യാട്ട് അടൂര്‍ ഭവാനിക്ക് ഒരു റോള്‍ നല്‍കി - സത്യന്റെ അമ്മ വേഷം. ഭവാനി മേക്കപ്പിട്ടെത്തിയപ്പോള്‍ സത്യന് തീരെ ഇഷ്ടപ്പെട്ടില്ല. '' ഈ പീക്കരിപ്പെണ്ണാണോ എന്റെ അമ്മ. വേറേ ആളെ നോക്കൂ'' - സത്യന്‍ വാശിപിടിച്ചു. പക്ഷേ, സംവിധാകയന്‍ വഴങ്ങിയില്ല. അങ്ങനെ ഷൂട്ടിംഗ് തുടങ്ങി. എന്നാല്‍ സത്യന്റെ 'അനിഷ്ടം' ഭവാനിയുടെ മനസ്സില്‍ പതിഞ്ഞുകിടന്നു. അഭിനയത്തിനിടയില്‍ അത് പുറത്തുവന്നു. സത്യനെ ഭവാനി അടിക്കുന്ന 'ഷോട്ട്' എടുത്തപ്പോള്‍ അഭിനയിക്കുന്നതിനു പകരം ഭവാനി 'ജീവിക്കുക'തന്നെ ചെയ്തു. ഫലമോ, അടിയേറ്റ് സത്യന്റെ കവിള്‍ പുകഞ്ഞു.
അടികൊണ്ട് വേദനിച്ചെങ്കിലും അഭിനയംകണ്ട് സത്യന്റെ മനസ്സ് നിറഞ്ഞു. ആ സെറ്റില്‍വച്ചുതന്നെ സത്യന്‍ ഭവാനിയോട് പറഞ്ഞു. 'അഭിനയം കൊള്ളാം, ഇനി എക്കാലത്തും നിങ്ങളെന്റെ അമ്മയായിരിക്കും''
അടൂരിലെ പന്നിവിഴയില്‍ വീടുവയ്ക്കാന്‍ വല്ലാതെ പ്രയാസപ്പെട്ടപ്പോള്‍ സഹായിച്ചതും സത്യനാണ്. പണം നല്‍കുമ്പോള്‍ സത്യന്‍ ചിരിച്ചുകൊണ്ട് വ്യവസ്ഥവെച്ചു. 'വീട്ടില്‍ എനിക്കൊരു മുറി വേണം, അവിടെ ഞാന്‍ വരും. അന്നെനിക്ക് അമ്മയുടെ കൈകൊണ്ട് മീന്‍കറിയും മരച്ചീനിയും വെച്ചുതരണം''.
വീടു പണി തീരും മുമ്പേ സത്യനെ മരണംകൊണ്ടുപോയി. പക്ഷേ, ഭവാനി വാക്കുപാലിച്ചു. പുതിയവീട്ടില്‍ സത്യനുവേണ്ടി അവര്‍ ഒരു മുറി മാറ്റിവച്ചു. 'ഇതെനിക്ക് ഒരു മുറിയല്ല, അമ്പലമാണ്. എനിക്കുകിട്ടിയ പുരസ്‌കാരങ്ങളെല്ലാം ഇവിടെയാണ് ഞാന്‍ സൂക്ഷിക്കുന്നത്' - പില്‍ക്കാലത്ത് അടൂര്‍ ഭവാനി പറഞ്ഞു.




adoorbhavbi ganangal
adoor_bhavani_photos
adoor_bhavani_photos

ഓര്‍മയില്‍ ഇവര്‍

Discuss